By സൂരജ് സുരേന്ദ്രന്.13 01 2021
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ 2020 ഡിസംബര്‍ ആദ്യവാരത്തോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്‌യുവി ഇതിനോടകം ജനശ്രദ്ധ നേടി കഴിഞ്ഞു. അവതരിപ്പിച്ച് വെറും ഒരു മാസത്തിനുള്ളിൽ 32,800 ബുക്കിംഗുകൾ സ്വന്തമാക്കി വിപണിയിൽ തരംഗം സൃഷ്‌ടിച്ച് മുന്നേറുകയാണ് വാഹനം. ഇതിനിടെ നിസാന്‍ ഡീലര്‍ഷിപ്പ് നടത്തിയ മാഗ്നൈറ്റിന്‍റെ ഡെലിവറി ചടങ്ങാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ച വിഷയമാകുന്നത്. ആന്ധ്രാപ്രദേശിലെ നിസാൻ ഡീലർഷിപ്പായ കാന്തിപുടി നിസാനാണ് മാഗ്നൈറ്റിന്റെ ആദ്യത്തെ 36 യൂണിറ്റുകൾ ഒരുമിച്ച് ഉപഭോക്താക്കൾക്ക് കൈമാറി ശ്രദ്ധേയമായത്.
അതേസമയം പുതുവർഷത്തിൽ കാർ വില വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപും(ഡി ആർ എൽ) ഫോഗ് ലാംപും, വയർലസ് ആപ്പ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതം എട്ട് ഇഞ്ച് ഫ്ളോട്ടിങ് ടച് സ്ക്രീൻ, എഴ് ഇഞ്ച് ടി എഫ് ടി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വോയ്സ് റക്കഗ്നീഷൻ, റിയർ വ്യൂ കാമറ, പുഷ് ബട്ടൻ സ്റ്റാർട്, എൽ ഇ ഡി ബൈ പ്രൊജക്ടർ ഹെഡ്‌ലാംപ്, ക്രൂസ് കൺട്രോൾ, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിട്ടർ, ടയർ പ്രഷർ മോണിട്ടർ, തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.
ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് വാഹനത്തിന്റെ അടിസ്ഥാന എൻജിൻ. 6,250 ആർ പി എമ്മിൽ 72 പി എസ് കരുത്തും 3,500 ആർ പി എമ്മിൽ 96 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഈ എൻജിനു കൂട്ട്.അതേസമയം വാഹനത്തിന്റെ ബുക്കിങ് ഗണ്യമായി ഉയർന്നതോടെ ഡെലിവറി കാലാവധി കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. ബുക്കിംഗ് നമ്പറുകൾ ശ്രദ്ധേയമാണെങ്കിലും ആദ്യ മാസത്തിൽ മാഗ്നൈറ്റിന്റെ 560 യൂണിറ്റുകൾ മാത്രമേ കമ്പനിക്ക് വിൽക്കാൻ സാധിച്ചുള്ളുവെന്നും റിപ്പോർട്ടുകളുണ്ട്.