BMW G 310 RR ഇന്ത്യയിൽ അവതരിപ്പിച്ചു

ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡിന്റെ 310 ബൈക്ക് സീരീസിലെ മൂന്നാമത്തെ മോഡലും അവതരിപ്പിച്ചു.

author-image
santhisenanhs
New Update
BMW G 310 RR ഇന്ത്യയിൽ അവതരിപ്പിച്ചു

ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡിന്റെ 310 ബൈക്ക് സീരീസിലെ മൂന്നാമത്തെ മോഡലും അവതരിപ്പിച്ചു. ബി.എം.ഡബ്ല്യു. ജി310 ആര്‍.ആര്‍. എന്ന പേരില്‍ ബ്ലാക്ക്, സ്റ്റൈല്‍ സ്‌പോട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിരിക്കുന്ന ഈ ബൈക്കിന് യഥാക്രമം 2.85 ലക്ഷം രൂപയും 2.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ബി.എം.ഡബ്ല്യുവിന്റെ ബൈക്ക് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡലുകളായ ജി 310ആര്‍, ജി310 ജി.എസ്. എന്നീ മോഡലുകളെ അടിസ്ഥാനമാക്കിയാണ് ഈ വാഹനവും എത്തിയിരിക്കുന്നത്.

ടി.വി.എസുമായി സഹകരിച്ചാണ് ബി.എം.ഡബ്ല്യു ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ടി.വി.എസ്. വിപണിയില്‍ എത്തിച്ചിട്ടുള്ള അപ്പാച്ചെ ആര്‍.ആര്‍.310-ന്റെ ബി.എം.ഡബ്ല്യു പതിപ്പാണ് ജി 310 ആര്‍.ആര്‍. ഏതാനും ഡിസൈനിങ്ങ് എലമെന്റുകളും ഫീച്ചറുകളും ഇരു മോഡലുകളും പങ്കിടുന്നുണ്ടെങ്കിവും വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള നിറങ്ങളും ഗ്രാഫിക്‌സുകളും ജി 310 ആര്‍.ആറിനെ ബി.എം.ഡബ്ല്യു മോട്ടോറാഡ് ബൈക്കുകളുടെ ഭാവം നല്‍കുന്നുണ്ട്. ഈ ബൈക്കിനുള്ള ബുക്കിങ്ങ് ആരംഭിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചു.

ഫെയറിങ്ങ് ബൈക്കുകളുടെ ഡിസൈന്‍ ശൈലി ആവാഹിച്ചാണ് ജി 310 ആര്‍.ആര്‍ ഒരുങ്ങിയിട്ടുള്ളത്. മുഖഭാവം അലങ്കരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ബുള്‍ ഹോണ്‍ ഡിസൈനിലുള്ള എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവ അപ്പാച്ചെ 310-ല്‍ നിന്ന് കടംകൊണ്ടവയാണ്. അഞ്ച് ഇഞ്ച് വലിപ്പമുള്ള ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ബൈ-എല്‍.ഇ.ഡി. ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഗോള്‍ഡന്‍ യു.എസ്.ഡി. ഫോര്‍ക്ക്, വിന്‍ഡ് സ്‌ക്രീന്‍, ബി.എം.ഡബ്ല്യു. സ്‌പോര്‍ട്‌സ് ബൈക്കുകള്‍ക്ക് സമാനമായ ബാഡ്ജിങ്ങുകളുമാണ് ഈ ബൈക്കുകളെ അലങ്കരിക്കുന്നത്.

ബി.എം.ഡബ്ല്യുവിന്റെ മറ്റ് 310 ബൈക്ക് സീരീസുകളില്‍ നല്‍കിയിട്ടുള്ള 312.2 സി.സി. ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ ബൈക്കിനും കരുത്തേകുന്നത്. ഇത് 34 ബി.എച്ച്.പി. പവറും 27 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സ്‌പോര്‍ട്ട്, ട്രാക്ക്, റെയിന്‍, അര്‍ബന്‍ എന്നീ നാല് റൈഡിങ്ങ് മോഡലുകളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. റെയിന്‍, അര്‍ബന്‍ മോഡലുകളില്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍ 25.8 പി.എസ് ആയും ടോര്‍ക്ക് 25 എന്‍.എം. ആയും കുറയും.

ട്രാക്ക്, സ്‌പോര്‍ട്ട് മോഡുകളില്‍ മണിക്കൂറില്‍ പരമാവധി 160 കിലോമീറ്ററും റെയിന്‍, അര്‍ബന്‍ മോഡുകളില്‍ മണിക്കൂറില്‍ പരമാവധി 125 കിലോമീറ്റര്‍ വേഗതയുമാണ് കൈവരിക്കാന്‍ സാധിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. സുരക്ഷ രണ്ട് വേരിയന്റുകളിലും ഒരുക്കിയിട്ടുണ്ട്. 174 കിലോഗ്രാമാണ് ഈ വാഹനത്തിന്റെ ഭാരം. 811 എം.എം. സീറ്റ് ഹൈറ്റും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. 17 ഇഞ്ച് വലിപ്പമുള്ള ടറുകളാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. നിഞ്ച് 300, ആര്‍.സി. 390, അപ്പാച്ചെ ആര്‍.ആര്‍.310 എന്നീ മോഡലുകളാണ് ഈ ബൈക്കിന്റെ എതിരാളികള്‍.

BMW Bike BMW Motottad BMW G 310RR