ടൊയോട്ട, തോഷിബ കമ്പനികളെ ക്ഷണിക്കാന്‍ മുഖ്യമന്ത്രി ജപ്പാനിലേക്ക്

ടൊയോട്ട, തോഷിബ കമ്പനികളെ ക്ഷണിക്കാന്‍ മുഖ്യമന്ത്രി ജപ്പാനിലേക്ക്

author-image
online desk
New Update
ടൊയോട്ട, തോഷിബ കമ്പനികളെ ക്ഷണിക്കാന്‍ മുഖ്യമന്ത്രി ജപ്പാനിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഗവേഷണ രംഗത്ത് നിക്ഷേപം നടത്താന്‍ ടൊയോട്ട, തോഷിബ കമ്പനികളെ ക്ഷണിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ അവസാന വാരം ജപ്പാനിലേക്ക്. തിരുവനന്തപുരത്ത് ആദ്യ രാജ്യാന്തര ഡിജിറ്റല്‍ ഹബ്ബ് തുടങ്ങിയതിന് നന്ദി സൂചകമായി നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്റെ ആസ്ഥാനവും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ദക്ഷിണ കൊറിയയില്‍ ഹ്യൂണ്ടായ് കമ്പനിയുമായി ചര്‍ച്ചയും പരിഗണനയിലാണ്. ടൊയോട്ടയുമായുള്ള സഹകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സന്ദര്‍ശനത്തിന്റെ ഒടുവിലുണ്ടാകുമെന്നാണ് സൂചന. ചെന്നൈ നഗരം ഓട്ടോ മൊബൈല്‍ ഹബ്ബ് ആയി മാറിയത് പോലെ കേരളത്തെ ഇലക്ട്രിക് വാഹന രംഗത്തെ ഹബ്ബ് ആക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നിയമസഭാ സമ്മേളനത്തിന് തൊട്ടുപിന്നാലെ നവംബര്‍ 23നാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഉത്പാദനം, അതുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവ കേരളത്തിലേക്ക് കൊണ്ടുവരികയാണ് സന്ദര്‍ശന ലക്ഷ്യം. തോഷിബയുടെ ലിഥിയം അയണ്‍ ബാറ്ററികളുടെ ഉദ്പാദനവുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടമൊബീല്‍ ലിമിറ്റഡ്, കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് എന്നിവയുടെ പ്ലാന്റുകള്‍ തോഷിബയുടെ ഉന്നതതല സംഘം ഓഗസ്റ്റില്‍ സന്ദര്‍ശിച്ചിരുന്നു.

ഇലക്ട്രിക് ബസുകള്‍ക്ക് ഉള്‍പെടെ ബാറ്ററി ഉത്പാദിപ്പിക്കാന്‍ സംയുക്ത സംരംഭമായി കമ്പനി ആരംഭിക്കുന്നതിന്റെ സാധ്യതയും ആരാഞ്ഞിരുന്നു.

toshiba toyota pinarayi vijayan japan