ഹ്യുണ്ടേയ് വെന്യുവിന് പുതിയ മുഖം

നാലു കൊല്ലത്തിനു ശേഷം ഹ്യുണ്ടേയ് വെന്യുവിന് പുതിയ മുഖം. വിറ്റാര ബ്രെസ, നെക്സോൺ, സൊണാറ്റ... ഇത്രയും എതിരാളികളെ ഒറ്റയടിക്കു നേരിടുകയാണ് മുഖം മിനുക്കലിന്റെ ലക്ഷ്യം.

author-image
santhisenanhs
New Update
ഹ്യുണ്ടേയ് വെന്യുവിന് പുതിയ മുഖം

നാലു കൊല്ലത്തിനു ശേഷം ഹ്യുണ്ടേയ് വെന്യുവിന് പുതിയ മുഖം. വിറ്റാര ബ്രെസ, നെക്സോൺ, സൊണാറ്റ... ഇത്രയും എതിരാളികളെ ഒറ്റയടിക്കു നേരിടുകയാണ് മുഖം മിനുക്കലിന്റെ ലക്ഷ്യം. സ്വന്തം അവയവങ്ങൾ പങ്കിടുന്ന കിയ സോണറ്റ് മുഖ്യ എതിരാളിയല്ലെന്നു വച്ചാലും ടാറ്റയും മാരുതിയും നൽകുന്ന കടുത്ത ഭീഷണിയിൽ തലയുയർത്തി നിൽക്കാനുള്ള ഹ്യുണ്ടേയ് ശ്രമം കൂടിയാണ് പുതിയ വെന്യു. ഇതിൽ മാരുതിയുടെ പ്രതിരോധമാണ് കടുപ്പം. കാരണം ഈ മാസം അവസാനം പുതിയ ബ്രെസ ഇറങ്ങുകയാണ്. കടുത്ത മത്സരം പ്രതീക്ഷിക്കാം.

ബി.വി.ആർ. സുബ്ബു എന്ന അതിമാനുഷനായ ടെക്നോക്രാറ്റ് ടാറ്റയിൽനിന്നു പുറത്തിറങ്ങി കല്ലിൻമേൽ കല്ലിട്ട് ഹ്യുണ്ടേയ് പടുത്തു കൊണ്ടുവന്നത് അടുത്തു നിന്നു കണ്ടറിഞ്ഞയാൾ എന്ന നിലയിൽ, കച്ചവടത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഹ്യുണ്ടേയ് തള്ളപ്പെട്ടത് വേദനിപ്പിക്കുന്ന വാർത്തയാണ്. മാരുതിക്കും ടാറ്റയ്ക്കും പിന്നിലാണ് കഴിഞ്ഞ മാസം മുതൽ ഹ്യുണ്ടേയ് അഖിലേന്ത്യാ വിൽപന. കേരളത്തിൽ പണ്ടേ ടാറ്റയാണ് രണ്ടാമൻ. മാധ്യമങ്ങളുമായി ഇടപഴകുമ്പോൾ തൊട്ടു പ്രകടമായിരുന്ന ‘സുബ്ബു കൃത്യത’യുടെ നഷ്ടമാണ് ഹ്യുണ്ടേയ്ക്കു കാലിടറാൻ കാരണമായതെന്നു വിലയിരുത്തപ്പെടുമ്പോഴും ഇതൊന്നും വലിയ തകർച്ചയല്ലെന്നു തെളിയിക്കാനാണ് പുതിയ വെന്യുവിലൂടെ ശ്രമം.

കാലികമായ മാറ്റങ്ങളിലൂടെ വിപണിയിൽ വീണ്ടും പിടിച്ചു കയറാനുള്ള നീക്കം. ലഭ്യമായ വിവരങ്ങൾ വച്ച്, തൊലിപ്പുറത്തുള്ള മാറ്റങ്ങളാണധികം. സാങ്കേതിക സൗകര്യങ്ങൾ പഴയ പടി. കിയ സോണറ്റിലും കണ്ടെത്താവുന്ന അതേ സൗകര്യങ്ങൾ. എന്നാൽ സോണറ്റിനുള്ള, വെന്യുവിൽ പ്രതീക്ഷിച്ചിരുന്ന ഓട്ടമാറ്റിക് ഡീസൽ ഈ മാറ്റത്തിലുമില്ല. അത് സോണറ്റിന്റെ തുറുപ്പു ചീട്ടായി നിലനിൽക്കുന്നു.

83 ബിഎച്ച് പി 1.2 പെട്രോൾ, 120 ബി എച്ച് പി 1 ടർബോ പെട്രോൾ എന്നിവയും 1.5 ലീറ്റർ ഡീസലും നില നിൽക്കുന്നു. കാര്യമായ സാങ്കേതികമാറ്റങ്ങൾ ഇല്ല. അടിസ്ഥാന മോഡലായ ഇ, എസ് എന്നിവയ്ക്ക് പഴയ കാപ്പ 1.2 എൻജിനും 5 സ്പീഡ് മാനുവലും. എസ് പ്ലസ്, എസ് ഒ എന്നിവയിൽ ഡീസലും പെട്രോളും അടക്കം എല്ലാ എൻജിൻ ഓപ്ഷനുകളും. എസ് എക്സ് മോഡലിന് മാനുവലിനൊപ്പം 1.2 പെട്രോൾ, 1.5 ഡീസൽ എന്നീ സാധ്യതകൾ. ഏറ്റവും മുകളിൽ നിൽക്കുന്ന എസ് എക്സ് ഒ മോഡലിന് 1 ലീറ്റർ ടർബോ പെട്രോൾ, 7 സ്പീഡ് ഡി സി ടി. ഇതേമോഡൽ 6 സ്പീഡ് മാനുവൽ ഡീസൽ 1.5 ആയും ലഭിക്കും. കിയ സോണറ്റിൽ നിലവിലുള്ള റോട്ടറി കൺട്രോളുള്ള മോഡ് സെലക്ടർ വെന്യുവിലുമെത്തി. ഇക്കോ, നോർമൽ, സ്പോർട്ട് മോഡുകൾ.

മുൻ കാഴ്ചയിലാണ് മാറ്റങ്ങൾ. വരാനിരിക്കുന്ന ട്യൂസോണിനോടു സമാനമായ ഗ്രിൽ. ഹെഡ്‌ലാംപ് ക്ലസ്റ്ററിനു രൂപമാറ്റമില്ലെങ്കിലും ഡാർക്ക് ക്രോമിയം ഫിനിഷുള്ള മുൻ ഗ്രില്ലും പരിഷ്കരിച്ച എൽഇഡി ഡേടൈം ലാംപുകളും ബമ്പറും ചേർന്ന് മുന്നഴക് വ്യത്യസ്തമാക്കുന്നു. കറുപ്പു ട്രിമ്മിലുളള സെൻട്രൽ എയർ ഇൻടേക്ക് ഗ്രില്ലും ഭംഗിയാണ്. 16 ഇ‍ഞ്ച് ഡ്യുവൽ ടോൺ അലോയ്ക്ക് പുതിയ ഡിസൈൻ. പുതിയ ടെയ്ൽ ലാംപുകളും ബമ്പറുമെല്ലാം ചേർന്ന് പിൻവശത്തിന് കൂടുതൽ പുതുമയേകുന്നു.

കാര്യമായ മാറ്റങ്ങൾ ഉൾവശത്താണ്. പുതിയ ഡ്യുവൽ ടോൺ കറുപ്പും ബെയ്ജും സങ്കലനം. ഡാഷ്ബോർഡ് രൂപകൽപനയ്ക്കു മാറ്റമില്ല. ഫോർ വേ ഇലക്ട്രിക്കൽ ക്രമീകരണമുള്ള ഡ്രൈവർ സീറ്റ്, റിക്ലൈനിങ് പിൻ സീറ്റ്, എയർപ്യൂരിഫയർ, കൂടുതൽ യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, പാഡിൽ ഷിഫ്റ്റ് തുടങ്ങിയ ചില നല്ല മാറ്റങ്ങൾ. കിയ കാരെൻസിലേതിനോട് അതീവസാദൃശ്യമുള്ള ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് മറ്റൊരു പുതുമ. 8 ഇഞ്ച് ടച് സ്ക്രീൻ, 60 കണക്ടഡ് കാർ ഫീച്ചേഴ്സ്, അലക്സ, ഗൂഗിൾ വോയിസ് അസിസ്റ്റ് തുടങ്ങിയവയൊക്കെ വെന്യു ആദ്യം ഇറങ്ങിയ കാലത്ത് അദ്ഭുതമായിരുന്നെങ്കിൽ ഇപ്പോൾ മിക്ക കാറിലും സ്റ്റാൻഡേർഡ് ഫീച്ചറുകളത്രേ.

പുതുമയ്ക്കായുള്ള പരക്കം പാച്ചിലിൽ ‘സൗണ്ട്സ് ഓഫ് നേച്ചർ’ എന്നൊരു സംവിധാനം എത്തിയിരിക്കുന്നു. ഹ്യുണ്ടേയ് ആഡംബര കാറുകളിൽ മാത്രം കണ്ടിരുന്ന മൂഡ് ശബ്ദ സംവിധാനം. വനത്തിനുള്ളിൽ ഇരിക്കുന്നതോ കടൽത്തീരത്തു കാറ്റാസ്വദിക്കുന്നതോ പോലെയുള്ള ‘ഫീൽ’ നൽകുന്നു.

പഴയ എൻജിനുകളും ഗിയർബോക്സുകളും പ്രത്യേകിച്ച് മാറ്റമില്ലാതെ തുടരുന്നതിനാൽ ഡ്രൈവിങ്ങിൽ അദ്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട. പണ്ടേ ലഭിച്ചിരുന്ന അതേ ‘സിൽക് സ്മൂത്’ ഡ്രൈവിങ് അനുഭവം തുടരും. സ്ഥാപക പ്രസിഡന്റ് സുബ്ബു ഒരോ മാധ്യമ ഡ്രൈവിലും നേരിട്ടു പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിച്ച്, ഗ്രഹിച്ചിരുന്ന പഴയ കാലത്തേക്ക് ഹ്യുണ്ടേയ്ക്ക് ഒരു മടക്കം ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ യഥാർഥ ഫീഡ് ബാക്ക് വാഹനം റോഡിലിറങ്ങി കുറച്ചുനാൾ ഓടിക്കഴിഞ്ഞ് വിപണിയിൽനിന്നുതന്നെ വരണം. 6 എയർബാഗ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് തുടങ്ങിയവയുടെ സുരക്ഷാവലയം ആത്മവിശ്വാസം ഉയർത്തും. ഇന്ധന ക്ഷമത ഹ്യുണ്ടേയ് പറയുന്നില്ലെങ്കിലും പെട്രോൾ മോഡലിന് 17.8 കിലോമീറ്റർ വരെയും ഡീസൽ മോഡലിന് 23.4 കിലോമീറ്റർ വരെയും ലഭിക്കുമെന്നാണ് പ്രതീക്ഷ.

മൂന്ന് എൻജിൻ വകഭേദങ്ങളിലായി എത്തുന്ന വെന്യുവിന്റെ 1.2 ലീറ്റർ എംപിഐ പെട്രോൾ എൻജിൻ മോഡലിന് 7.53 ലക്ഷം രൂപ മുതലും 1 ലീറ്റർ ടർബോ ജിഡിഐ പെട്രോൾ എൻജിന് 9.99 ലക്ഷം രൂപ മുതലും 1.5 ലീറ്റർ സിആർഡിഐ ഡീസല്‍ എൻജിൻ മോഡലിന് 9.99 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്

സോണറ്റ്, നെക്സോൺ, ബ്രെസ എന്നിവയ്ക്കു പുറമെ റെനോ കൈഗർ, മഹീന്ദ്ര എക്സ്‌യുവി 300, ടൊയോട്ട അർബൻ ക്രൂസർ എന്നിവയും സൂപ്പർ ഹിറ്റായ ജാപ്പനീസ് നിസ്സാൻ മാഗ്‌നൈറ്റും കൂടി പരിഗണിക്കണം. ബ്രാൻഡിങ്ങിലും ഇന്ധനക്ഷമതയിലും എൻജിനിയറിങ് മികവിലും വിൽപനനാന്തര സേവനത്തിലും ഇവ പലതും തള്ളിക്കളയാവുന്ന മോഡലുകളല്ല. വെന്യൂ ആദ്യമായി ഇറങ്ങിയ സ്ഥിതിയല്ല, മത്സരം ധാരാളമുണ്ട്. ഈ മാസം അവസാനം ഇറങ്ങുന്ന വിറ്റാര ബ്രെസ വരെ കാത്തിരിക്കുന്നത് എന്തുകൊണ്ടും നല്ലൊരു തീരുമാനമായിരിക്കും. വിലയിലും ഇന്ധനക്ഷമതയിലും സൗകര്യങ്ങളിലുമൊക്കെ ബ്രെസ നല്ലൊരു എതിരാളിയാണ്. പോരാത്തതിന് മാരുതിയും...

Hyundai Venue Hyundai Automobile