മെഴ്‌സിഡീസിന്റെ അത്യാഡംബര എസ്.യു.വി സ്വന്തമാക്കി എം.എ.യൂസഫ് അലി

By santhisenanhs.25 09 2022

imran-azhar

 

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ള അത്യാഡംബര എസ്.യു.വിയാണ് മെയ്ബാ ജി.എല്‍.എസ്.600. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ഈ ആഡംബര വാഹനം ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായി എം.എ.യൂസഫ് അലി സ്വന്തമാക്കിയിരിക്കുകയാണ്.

 

അവതരണത്തിന് മുമ്പുതന്നെ ബുക്കിങ്ങ് പൂര്‍ണമായ ഈ വാഹനമാണ് ഇപ്പോള്‍ യുസഫ് അലിയുടെ ഗ്യാരേജിലും എത്തിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യയുടെ സി.ഒ.ഒ ആന്‍ഡ് ആര്‍.ഡി. രഞ്ജിത്ത് രാധാകൃഷ്ണനാണ് യൂസഫ് അലിയുടെ അഭാവത്തില്‍ വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.

 

മെഴ്‌സിഡീസ് ബെന്‍സ് ബ്രിഡ്ജ്‌വേ മോട്ടോഴ്‌സില്‍ നിന്നാണ് ലുലു ഗ്രൂപ്പ് ഈ ആഡംബര ഭീമനെ സ്വന്തമാക്കിയിരിക്കുന്നത്. മെഴ്‌സിഡീസിന്റെ സ്റ്റാര്‍ ഫാമിലിയിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ ബ്രിഡ്ജ്‌വേ മോട്ടോഴ്‌സ് തന്നെയാണ് യൂസഫ് അലി മെയ്ബാ ജി.എല്‍.എസ്.600 സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

 

കാഴ്ചയില്‍ മസ്‌കുലര്‍ ഭാവമുള്ള വാഹനമാണ് മെയ്ബാ ജി.എല്‍.എസ് 600. മേബാക്ക് മോഡലുകളുടെ സിഗ്നേച്ചറായ ക്രോമിയത്തില്‍ പൊതിഞ്ഞ വലിയ വെര്‍ട്ടിക്കിള്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റും ക്രോമിയം ആക്സെന്റുകളുമുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സി-പില്ലറില്‍ സ്ഥാനം പിടിച്ചിട്ടുള്ള മേബാക്ക് ലോഗോ, എല്‍.ഇ.ഡി.ലൈറ്റുകളും മറ്റ് ബാഡ്ജിങ്ങും നല്‍കിയ ലളിതമായി ഒരുക്കിയിട്ടുള്ള പിന്‍വശം എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.

 

പുറംമോടിയിലെ സൗന്ദര്യത്തെക്കാള്‍ അകത്തളത്തിലെ ആഡംബരമാണ് ഈ വാഹനത്തിലേക്ക് ആകര്‍ഷിക്കുന്നത്. യാത്രക്കാരെ ഏറെ കംഫര്‍ട്ടബിളാക്കുന്ന നാല് വ്യക്തിഗത സീറ്റുകളാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, അകത്തളം ഉപയോക്താവിന്റെ ഇഷ്ടത്തിന് കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യങ്ങളും നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള ഫീച്ചറുകളും അകത്തളത്തിന്റെ മാറ്റ് കൂട്ടുന്നു. 2.43 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

 

4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്സിഡസ് മെയ്ബാ ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 542 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.OTHER SECTIONS