ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചു

11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം. ഇന്ത്യൻ എസ്‍യുവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ വാഹനം സൃഷ്ടിക്കുമെന്നാണ് മാരുതി പറയുന്നത്. ഈ മാസം 20ന് ഗ്രാൻഡ് വിറ്റാരയുടെ ആദ്യ പ്രദർശനം നടത്തുമെന്നും മാരുതി അറിയിക്കുന്നു.

author-image
santhisenanhs
New Update
ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചു

ഉടൻ വിപണിയിലെത്തുന്ന ചെറു എസ്‍.യു.വിയുടെ പേര് പ്രഖ്യാപിച്ച് മാരുതി സുസുക്കി. ഗ്രാൻഡ് വിറ്റാര എന്ന പേരിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിങ്ങും മാരുതി ആരംഭിച്ചിട്ടുണ്ട്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ പുതിയ എസ്‍യുവി ബുക്ക് ചെയ്യാം. ഇന്ത്യൻ എസ്‍യുവി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ പുതിയ വാഹനം സൃഷ്ടിക്കുമെന്നാണ് മാരുതി പറയുന്നത്. ഈ മാസം 20ന് ഗ്രാൻഡ് വിറ്റാരയുടെ ആദ്യ പ്രദർശനം നടത്തുമെന്നും മാരുതി അറിയിക്കുന്നു.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ‍ വഴി വിപണിയിലെത്തുന്ന വാഹനം എസ് ക്രോസിന് പകരക്കാരനായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡറിന്റെ മാരുതി പതിപ്പാണെങ്കിലും ഏറെ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‍മാരുതി സുസുക്കിയും ടൊയോട്ടയും ചേർന്ന് വികസിപ്പിച്ച വാഹനത്തിന്റെ ടൊയോട്ട പതിപ്പായ ഹൈറൈഡറിനെ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. ഹൈറൈഡറിന്റെ വില അടുത്തമാസം പ്രഖ്യാപിക്കും. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ് , സ്കോഡ കുഷാക് , ഫോക്സ്‍വാഗൻ ടൈഗൂൺ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന ഈ എസ്‍യുവിയുടെ ബുക്കിങ്ങും ടൊയോട്ട ആരംഭിച്ചിട്ടുണ്ട്.

ഹൈറൈഡറിന്റെ അടിസ്ഥാനഘടന നിലനിർത്തിയുള്ള മാറ്റങ്ങളായിരിക്കും പുതിയ എസ്‍യുവിയിൽ. ഹൈറൈഡറെപ്പോലെ തന്നെ ഫുൾ അല്ലെങ്കിൽ സ്ട്രോങ് ഹൈബ്രിഡ് എൻജിനുമായി എത്തുന്ന മിഡ് സൈസ് എസ്‍യുവിയായിരിക്കും പുതിയ വാഹനം. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവർ എന്നിവയിൽ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തിൽ.

ടൊയോട്ടയുടെ 1.5 ലീറ്റർ അറ്റ്കിസൺ സൈക്കിൾ എൻജിനാണ് ഹൈറൈഡറിൽ. 92 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോർക്ക് 141 എൻഎം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് എസ്‍യുവിയിൽ ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓൺലി മോഡിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 24 – 25 കിലോമീറ്റർ ഇന്ധനക്ഷമത വാഹനം നൽകുമെന്നാണ് പ്രതീക്ഷ.

മാരുതി സുസുക്കിയുടെ 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.

മാരുതി സുസുക്കി 2015 ൽ പുറത്തിറക്കിയ വാഹനമാണ് എസ്ക്രോസ്. 1.3 ലീറ്റർ, 1.6 ലീറ്റർ ഡീസൽ എൻജിനുകളുമായാണ് വാഹനം വിപണിയിലെത്തിയത്. 2020 ൽ ബിഎസ് 6 നിയന്ത്രണത്തെ തുടർന്ന് 1.5 ലീറ്റർ പെട്രോൾ എൻജിനോടൊണ് നിലവിൽ വിൽപനയ്ക്കുള്ളത്.

MarutiSuzukiGrandVitara MarutiSuzuki ToyotaHyryder Automoblile