കൂടുതൽ കരുത്തും മൈലേജുമായി മാരുതി സുസുകി ഗ്രാന്റ് വിത്താര ഇന്ത്യയിൽ

By santhisenanhs.20 07 2022

imran-azhar

 

കാത്തിരിപ്പിന് വിരാമമായി മാരുതി സുസുക്കിയുടെ മിഡ്‌സൈസ് എസ്.യു.വിയായ ഗ്രാന്റ് വിത്താര പുറത്തിറങ്ങി. ഗുരുഗ്രാമിൽ നടന്ന ചടങ്ങിലാണ് തങ്ങളുടെ ഏറ്റവും പുതിയ വാഹനം മാരുതി അവതരിപ്പിച്ചത്.

 

ഇന്ത്യയിലേറ്റവും ഇന്ധനക്ഷമതയുള്ള എസ്.യു.വി എന്ന വിശേഷണമാണ് മാരുതി ഗ്രാന്റ് വിത്താരയ്ക്ക് നൽകിയിരിക്കുന്നത്. 27.97 കിലോമീറ്റർ/ ലിറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സെപ്തബർ മുതൽ ഷോറൂമുകളിൽ വാഹനമെത്തും.

 

സുസുക്കി ഡിസൈനിന്റെയും എൻജിനിയറിങ്ങിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി, ഐതിഹാസിക എസ്.യു.വികളുടെ കരുത്തും പാരമ്പര്യവും സമന്വയിപ്പിച്ചെത്തുന്ന വാഹനമാണ് ഗ്രാന്റ് വിത്താരയെന്നാണ് മാരുതി സുസുക്കി വ്യക്തമാക്കി.

 

ബോൾഡ് ഡിസൈൻ, ആധുനിക ഫീച്ചറുകൾ, കരുത്തുറ്റ പവർട്രെയിൻ, സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ എന്നിവയുമായെത്തുന്ന ഈ വാഹനം മിഡ്‌സൈസ് എസ്.യു.വി. ശ്രേണിയിൽ മാരുതിയുടെ സാന്നിധ്യം കരുത്തുറ്റതാക്കുമെന്നാണ് പ്രതീക്ഷ.

 

സ്‌ട്രോങ്ങ് ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് എൻജിനുകളായിരിക്കും കരുത്തേകുക. ടൊയോട്ടയുടെ 1.5 ലിറ്റർ അറ്റകിസൺ സൈക്കിൾ എൻജിനാണ് സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം നൽകുന്നത്.

 

ഈ എൻജിൻ 92 ബി.എച്ച്.പി. പവറും 122 എൻ.എം. ടോർക്കും ഹൈബ്രിഡ് ഇലക്ട്രിക് മോട്ടോർ 79 ബി.എച്ച്.പി. പവറും 141 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 177.6 വാട്ട് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

 

മൈൽഡ് ഹൈബ്രിഡ് മോഡലിൽ മാരുതിയുടെ 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഈ എൻജിൻ 103 ബി.എച്ച്.പി. പവറും 137 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, മാരുതിയുടെ ക്രോസ്ഓവർ മോഡലായ എസ്‌ക്രോസിന്റെ പകരക്കാരനായായിരിക്കും വിത്താര എത്തുകയെന്നും വിലയിരുത്തലുണ്ട്.

 

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാക്, ഫോക്‌സ്വാഗൺ ടൈഗൂൺ തുടങ്ങിയ വാഹനങ്ങളുമായായിരിക്കും ടൊയോട്ടമാരുതി മിഡ്‌സൈസ് എസ്.യു.വികൾ മത്സരിക്കുക.

 

അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചിരുന്നു. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിലൂടെയായിരിക്കും ഈ വാഹനം വിൽപ്പനയ്ക്ക് എത്തുക. അതുകൊണ്ടുതന്നെ നെക്‌സ ഷോറൂമുകളിലും നെക്‌സയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും 11000 രൂപ അഡ്വാൻസ് തുക അടച്ച് ഗ്രാന്റ് വിത്താര ബുക്കുചെയ്യാൻ സാധിക്കും.

 

OTHER SECTIONS