സോണാര്‍ സാങ്കേതിക വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ഐക്കോണ്‍സ്-2018 കൊച്ചിയില്‍

By Raji.17 Feb, 2018

imran-azhar


കൊച്ചി: സോണാര്‍ സാങ്കേതിക വിദ്യയും അന്തര്‍ജല സെന്‍സറുകളുടെ സാങ്കേതിക വിദ്യയും സംബന്ധിച്ച് നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (എന്‍.പി.ഒ.എല്‍) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഐക്കോണ്‍സ്-2018 22 മുതല്‍ 24 വരെ ആഡ്ലക്സ് ഇന്റര്‍നാഷ്ണല്‍ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്റര്‍ അങ്കമാലിയില്‍ നടക്കും.
സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഐ.എസ്.ആര്‍.ഒ ചെയര്‍മാനും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പെയ്സ് സെക്രട്ടറിയുമായ ഡോ. കെ. ശിവന്‍ വ്യാഴാഴ്ച്ച നിര്‍വഹിക്കും. ഡിഫന്‍സ് സെക്രട്ടറി (ആര്‍.എന്‍.ഡി) യും ഡി.ആര്‍.ഡി.ഒ ചെയര്‍മാനുമായ ഡോ. എസ്. ക്രിസ്റ്റഫര്‍ അദ്ധ്യക്ഷത വഹിക്കും.
സോണാര്‍ സാങ്കേതിക വിദ്യയും നിരീക്ഷണ വ്യൂഹവും അനുബന്ധ സാങ്കേതിക വിദ്യകളും സംബന്ധിച്ച ഗവേഷണങ്ങള്‍ക്കും വികസനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന എന്‍.പി.ഒ.എല്‍ പ്രതിരോധ വകുപ്പിന്റെ കീഴില്‍ ഉള്ള ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ ഡി.ആര്‍.ഡി.ഒ യുടെ സുപ്രധാന ലബോറട്ടറി വിഭാഗമാണ്.
സിഗ്‌നല്‍ ക്രമീകരണം, ഇമേജിങ്ങ്, ജലത്തിനടിയിലെ ശബ്ദശാസ്ത്രം, എന്‍ജിനീയറിങ്ങ് സംവിധാനങ്ങള്‍, സെന്‍സറുകള്‍, സമുദ്ര വിജ്ഞാനം എന്നിവ സംബന്ധിച്ച പഠനങ്ങള്‍ക്കാണ് എന്‍.പി.ഒ.എല്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാനും എന്‍.പി.ഒ.എല്‍ ഡയറക്ടറുമായ എസ്. കേദാര്‍നാഥ് ഷേണായി പറഞ്ഞു. കപ്പലുകളിലും അന്തര്‍വാഹിനികളിലും ഘടിപ്പിക്കുന്ന സോണാറുകള്‍, ജലത്തിനടിയിലെ ശബ്ദങ്ങള്‍ രേഖപ്പെടുത്താന്‍ കപ്പലിനോട് കേബിള്‍ വഴി ബന്ധിപ്പിക്കുന്ന സോണാറുകള്‍, എയര്‍ബോണ്‍ സോണാറുകള്‍ തുടങ്ങിയവ ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി ഈ പരീഷണശാലയില്‍ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് ഈ മേഖലയിലുള്ള സ്വാശ്രയത്വത്തിന് എന്‍.പി.ഒ.എല്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
സോണാറുകളും അനുബന്ധ സാങ്കേതിക വിദ്യകളും സംബന്ധിച്ച് ഏറ്റവും പുതിയ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സ്വാംശീകരിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഈ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഒത്തുചേരുന്ന സമ്മേളനമാണിത്.
പത്മഭൂഷണ്‍, മാര്‍ക്കോണി പ്രൈസ്, അലക്സാണ്ടര്‍ ഗ്രഹാംബെല്‍ അവാര്‍ഡ് എന്നീ ബഹുമതികള്‍ നേടിയ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആരോഗ്യ സ്വാമി ജെ. പോള്‍ രാജ്, പ്ലിമത്ത് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജോണ്‍ സമ്മര്‍ സ്‌കെയില്‍സ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ഡോ. മാനെല്‍ സക്കറിയ, ഫ്രഞ്ച് നേവല്‍ അക്കാഡമി, ഡോ. ആന്‍ജലിനോ ഫരിന, യൂണിവേഴ്സിറ്റി ഓഫ് പാര്‍മ, ഇറ്റലി, പ്രൊഫസര്‍ ബെര്‍ട്രാന്‍ ഡുബുസ്, ഇലക്ട്രോണിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ഫ്രാന്‍സ്,യൈനിസ് മോറിസ് താലെസ്, ഫ്രാന്‍സ്, ഡാ സില്‍വ റെലിസ് ഹോര്‍ട്ടോ, യൂണിവേഴ്സിറ്റി ഓഫ് അശ്വിലെന്‍, പോര്‍ട്ടുഗല്‍ എന്നീ അന്താരാഷ്ട്ര പ്രതിനിധികള്‍ മൂന്ന് ദിവസങ്ങളിലായി പ്രധാന സെഷനുകള്‍ നയിക്കും.
കോണ്‍ഫറന്‍സിന് മുന്നോടിയായി 22 ന് നടക്കുന്ന ഏകദിന വര്‍ക്ക്ഷോപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും, യുവഗവേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാന്‍ അവസരമുണ്ട്. നാല് സമാന്തര സെഷനുകളിലായി ഇരുന്നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ഡോ. രാജശ്രീ വാര്യരുടെ ഭരതനാട്യം അരങ്ങേറും. സോണാറും അനുബന്ധ സാങ്കേതിക വിദ്യകളും കോര്‍ത്തിണക്കിയുള്ള പ്രദര്‍ശനവും ഐക്കോണ്‍സ്-2018 സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

 

 

OTHER SECTIONS