സുസുക്കിയുടെ ജനപ്രിയ വാഹനം ജിംനി ഇന്ത്യയിലേക്ക്

By Online Desk .30 03 2020

imran-azhar

 

2018-ലാണ് ആഗോള വിപണിയിൽ സുസുക്കി നാലാം തലമുറ ജിപ്സിയെ ജിംനിയായി അവതരിപ്പിച്ചത്. ജാപ്പനീസ് ലാളിത്യം വിളിച്ചോതുന്നതാണ് ജിംനിയുടെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈൻ. പരമ്പരാഗത എസ്‌യുവി സങ്കല്പങ്ങൾക്ക് യോജിക്കും വിധം ബോക്‌സി ഡിസൈൻ ആണ് ജിംനിയ്ക്ക്.

 

മൂന്നു ഡോറിനു പകരം വീൽ ബേസ് കൂടുതലുള്ള അഞ്ച് ഡോർ അഥവാ രണ്ടാം നിര സീറ്റുള്ള ജിംനി സിയറ മോഡൽ ആയിരിക്കും ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. നിർമ്മാണം പുരോഗമിക്കുന്ന അഞ്ച് ഡോർ ജിംനി ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് കൂടുതൽ പ്രായോഗിക മാറ്റങ്ങൾ വരുത്തിയാവും വില്പനക്കെത്തുക. 2018ല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായാട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്.

 

പുറകിലെ സ്പെയർ വീൽ, കറുപ്പ് നിറത്തിലുള്ള അഞ്ച്-സ്ലാട്ട് മുൻ ഗ്രിൽ, വൃത്താകൃതിയിലുള്ള ഹെഡ്‍ലാംപ്, സൈഡ് ക്ലാഡിങ്ങുകൾ എന്നിവ വാഹനത്തിന് എസ്‌യുവി ലുക്ക് നൽകുന്നു. പിൻ ബമ്പറിൽ ഘടിപ്പിച്ചിരിക്കുന്ന ടെയിൽ ലാംപ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ എക്സ്റ്റീരിയർ എന്നിവയും ജിംനിയുടെ ക്ലാസിക് ഭംഗി വർദ്ധിപ്പിക്കുന്നു. 1.5 ലിറ്റർ കെ15ബി പെട്രോൾ എഞ്ചിനായിരിക്കും ജിംനിയിൽ. 5000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ കെ-സീരീസ് പെട്രോൾ എൻജിൻ 5-സ്പീഡ് മാന്വൽ ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുക.

 

സുരക്ഷയുടെ കാര്യത്തിൽ ജിംനിക്ക് രണ്ട് എസ്ആർ‌എസ് എയർബാഗുകൾ, എബി‌എസ് വിത്ത് സ്റ്റെബിലിറ്റി കൺട്രോൾ പ്രോഗ്രാം എന്നിവ ലഭിക്കുന്നു. ഏകദേശം 10 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്ന വാഹനത്തിന് ഗൂർഖ, മഹീന്ദ്ര താർ എന്നിവർ ആകും പ്രധാന എതിരാളികൾ.

 

 

 

OTHER SECTIONS