500 കി.മീ റേഞ്ചില്‍ ടാറ്റയുടെ പുതിയ എസ്‍.യു.വി കൺസെപ്റ്റ് പുറത്ത്

2024 ലോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

author-image
santhisenanhs
New Update
500 കി.മീ റേഞ്ചില്‍ ടാറ്റയുടെ പുതിയ എസ്‍.യു.വി കൺസെപ്റ്റ് പുറത്ത്

ഇലക്ട്രിക് എസ്‍.യു.വി കൂപ്പെ കൺസെപ്റ്റ് പ്രദർശിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. കേർവ് എന്നു പേരിട്ടിരിക്കുന്ന കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഭാവിയിൽ വാഹനങ്ങൾ ടാറ്റ പുറത്തിറക്കും. നെക്സോണിന് മുകളിൽ സ്ഥാനം പിടിക്കുന്ന മിഡ് സൈസ് എസ്‍.യു.വി കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഇലക്ട്രിക് എസ്‍യുവിയും ഐ.സി.ഇ (എൻജിൻ) പതിപ്പും ടാറ്റ പുറത്തിറക്കും. 2024 ലോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റയുടെ പുതിയ ഡിജിറ്റൽ ഡിസൈൻ കൺസെപ്റ്റിലാണ് വാഹനത്തിന്റെ രൂപകൽപന. ബോണറ്റിലെ ഫുൾ ലെങ്ത്ത് എൽ.ഇഡി ബാർ, ട്രയാങ്കുലർ കൺസോളിലെ ഹെഡ്‌ലാംപ്, കൊത്തിയെടുത്തുപോലുള്ള ബംബർ എന്നിവ മുൻഭാഗത്തിന് മികച്ച കാഴ്ച നൽകുന്നു. ട്രയാങ്കുലർ രൂപമാണ് എയർവെന്റുകൾക്ക്. നോച്ച്ബാക്ക് ശൈലിയിലാണ് ബൂട്ട്. വലിയ വീൽആർച്ചുകൾ, മസ്കുലറായ ഷോൾഡർ ലൈൻ, പിന്നിലെ ഫുൾ ലെങ്ത്ത് ടെയിൽ ലാംപ് എന്നിവയുണ്ട്.

ടാറ്റയുടെ ജനറേഷൻ 2 ഇവി ആർകിടെക്ച്ചറിലാണ് പുതിയ വാഹനത്തിന്റെ കൺസെപ്റ്റ്. നെക്സോണിന് അടിത്തറയായിരിക്കുന്ന ജനറേഷൻ 1 നെപ്പോലെ വ്യത്യസ്ത കപ്പാസിറ്റിയുള്ള ബാറ്ററികളും പവർട്രെയിനുകളും ഈ വാഹനത്തിൽ ഉപയോഗിക്കാൻ സാധിക്കും. തുടക്കത്തിൽ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 400 മുതൽ 500 വരെ റേഞ്ചുള്ള മോഡലായിരിക്കും കേർവ്. ഇലക്ട്രിക് മോഡലിന് ശേഷം പെട്രോൾ, ഡീസൽ എൻജിനുകളുള്ള മോഡലും കമ്പനി പുറത്തിറക്കും.

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൂട്ടിച്ചേർത്ത ക്യാബിനാണ് വാഹനത്തിന്. മൂന്നു തട്ടുകളായുള്ള ഡാഷ്ബോർഡിന്റെ ആദ്യ ഭാഗത്തിൽ ഫാബ്രിക്കും രണ്ടാം ഭാഗത്തിൽ എൽഇഡി സ്ട്രിപ്പും മൂന്നാം ഭാഗത്തിൽ ആങ്കുലർ ആകൃതിയും നൽകിയിരിക്കുന്നു. സ്വതന്ത്രമായി നിൽക്കുന്ന രണ്ടു ഡിജിറ്റൽ സ്ക്രീനാണ് വാഹനത്തിൽ ഒന്ന് ഇൻഫോർടെയിൻമെന്റ് സിസ്റ്റവും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി പ്രവർത്തിക്കുന്നു. കൂടാതെ രണ്ടു സ്പോക്ക് സ്റ്റിയറിങ് വീൽ, പനോരമിക് സൺറൂഫ്, ഫ്ലോട്ടിങ് സെന്റർ കൺസോൾ എന്നിവയുമുണ്ട്.

Tata Curvv Tata Motors automobile suv