ജനപ്രിയ മോഡലുകളുടെ ജെറ്റ് എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

By santhisenanhs.29 08 2022

imran-azhar

 

ജനപ്രിയ എസ്.യു.വി. മോഡലുകളുടെ ജെറ്റ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തിച്ച് ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ എസ്.യു.വി. മോഡലുകളായ നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ ജെറ്റ് എഡിഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ജെറ്റ് എഡിഷന്‍ സഫാരിക്ക് 21.45 ലക്ഷം രൂപ മുതല്‍ 22.65 ലക്ഷം രൂപ വരെയും, ഹാരിയറിന് 20.90 ലക്ഷം രൂപ മുതല്‍ 22.20 ലക്ഷം രൂപയും, നെക്‌സോണിന് 12.78 ലക്ഷം രൂപ മുതല്‍ 14.08 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

 

ബിസിനസ് ജെറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം ഒരുങ്ങിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എര്‍ത്തി ബ്രോണ്‍സ്-പ്ലാറ്റിനം സില്‍വര്‍ റൂഫും നല്‍കി ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ജെറ്റ് ബ്ലാക്ക് ഫിനീഷിങ്ങിലെ അലോയി വീലുകളും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ജെറ്റ് എഡിഷന്‍ മോഡലുകളെ റെഗുലര്‍ പതിപ്പില്‍ നിന്ന് കാഴ്ചയില്‍ വ്യത്യസ്തമാക്കും.

 

ഒയിസ്റ്റര്‍ വൈറ്റ് ആന്‍ഡ് ഗ്രാനൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹെഡ്‌റെസ്റ്റുകളില്‍ ജെറ്റ് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡിലെ മിഡ്പാഡിന് സ്റ്റീല്‍ ബ്രോണ്‍സ് നിറം നല്‍കിയും ഡോറുകളിലും ഫ്‌ളോര്‍ കണ്‍സോളിലും ബ്രോണ്‍സ് ആക്‌സെന്റുകള്‍ നല്‍കിയും ഇന്റീരിയര്‍ സ്‌റ്റൈലിഷാക്കിയിട്ടുണ്ട്. നെക്‌സോണിലെ ഉയര്‍ന്ന വകഭേദങ്ങളില്‍ വെന്റിലേറ്റഡ് സീറ്റുകളും സണ്‍റൂഫും എയര്‍ പ്യൂരിഫയറും വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനവും നല്‍കിയിട്ടുണ്ട്.

 

ഹാരിയറിന്റെയും സഫാരിയുടെയും XZ+, XZA+ എന്നീ വേരിയന്റുകളിലും ജെറ്റ് എഡിഷന്‍ എത്തുന്നുണ്ട്. രണ്ട് മോഡലിലും ഡ്രൈവര്‍ ഡോസ് ഓഫ് അലേര്‍ട്ട് സംവിധാനമുള്ള ഇ.എസ്.പി, പാനിക് ബ്രേക്ക് അലേര്‍ട്ട്, ആഫ്സ്റ്റര്‍ ഇംപാക്ട് ബ്രേക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം എല്ലാ നിരയിലും സി-ടൈപ്പ് യു.എസ്.ബി. ചാര്‍ജിങ്ങ് പോര്‍ട്ട്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ഫീച്ചറുകളും നല്‍കുന്നുണ്ട്.

 

ഏറ്റവും മികച്ച യാത്ര അനുഭവം ഉറപ്പാക്കുന്നതിനായി സഫാരിയില്‍ വേരിയന്റുകള്‍ അനുസരിച്ച് രണ്ടാം നിരയില്‍ ബെഞ്ച് സീറ്റും ക്യാപ്റ്റന്‍ സീറ്റും നല്‍കിയിട്ടുണ്ട്. ഹാരിയറില്‍ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി നാല് ഡിസ്‌ക് ബ്രേക്കും ഓട്ടോമാറ്റിക്-മാനുവല്‍ മോഡലുകളിലും ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക് ഒരുക്കുന്നുണ്ട്. ഡിസൈനും മെക്കാനിക്കല്‍ ഫീച്ചറുകളും അതത് മോഡലുകളിലെ റെഗുലര്‍ പതിപ്പിലേക് പിന്തുടര്‍ന്നാണ് ജെറ്റ് എഡിഷന്‍ മോഡലും എത്തുന്നതെന്നാണ് വിവരം.

OTHER SECTIONS