ഓട്ടോ എക്‌സ്‌പോ 2018ല്‍ 11 പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഹോണ്ട

By RAJI MEJO.07 Feb, 2018

imran-azhar

 

ഓട്ടോ എക്‌സ്‌പോ 2018 നോടനുബന്ധിച്ച് ഇതാദ്യമായി ഒറ്റയടിക്ക് 11 മോഡലുകള്‍ പുറത്തിറക്കി ഹോണ്ട. ഇന്ത്യ ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ വിപണിയാണെന്നും ആഗോള തലത്തില്‍ ഹോണ്ട വില്‍ക്കുന്ന മൂന്നിലൊന്ന് വാഹനങ്ങള്‍ ഇന്ത്യയിലാണെന്നും ഹോണ്ട പ്രസിഡണ്ടും സിഇഒയുമായ തകാഹിരോ ഹാച്ചിഗോ പറഞ്ഞു. അതു കൊണ്ട് തന്നെ ഇനിയും ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരമാവധി വിപണി വിഹിതം നേടുക എന്ന ലക്ഷ്യവുമായി ഈ സാമ്പത്തിക വര്‍ഷം 60 ലക്ഷം വാഹനം വില്‍പന നടത്തുന്നതിനാണ് ഹോണ്ട പദ്ധതിയിടുന്നതെന്ന് ഹോണ്ട ഇന്ത്യ സിഇഒ മിനോരു കാറ്റോ പറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം പുറത്തിറക്കിയ മൂന്ന് മോഡലുകള്‍ ആയ ക്ലിക്ക്, ആഫ്രിക്ക ട്വിന്‍, ഗ്രാസിയ എന്നിവക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം സ്‌കൂട്ടറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഹോണ്ട സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

മികച്ച രൂപ'ഭംഗിയും സ്‌പോര്‍ട്ടി ലുക്കുമുള്ള എക്‌സ്-ബ്ലേഡ് ആണ് ഇതില്‍ പ്രധാനം. ഷാര്‍പ്പ് ഡിസൈനും, ഫുള്‍ എല്‍ഇഡി ലാമ്പും, രൂപ'ഭംഗിയാര്‍ന്ന ടാങ്കും വാഹനത്തെ വേറിട്ട് നിര്‍ത്തുന്നു. അലോയ് വീല്‍സും, ഡുവല്‍ ഔട്ട്‌ലറ്റ് മഫ്‌ലര്‍ & ഡിജിറ്റല്‍ മീറ്ററും വാഹനത്തിലുണ്ട്. സുപ്പീരിയര്‍ എച്ച്ഇടി എഞ്ചിന്‍, 130 എംഎം റിയര്‍ ടയര്‍, 1347 വീല്‍ബേസ് എന്നിവയാണ് മറ്റ് പ്രത്യേകകള്‍. ഇതിന് പുറമേ 10 മോഡലുകള്‍ കൂടി ഹോണ്ട അവതരിപ്പിച്ചു. 5 വ്യത്യസ്ത നിറങ്ങളില്‍ എക്‌സ് ബ്ലേഡ് ലഭിക്കും.

അഞ്ചാം തലമുറ ആക്ടീവയാണ് മറ്റൊരു മോഡല്‍. പുതിയ ആക്ടീവ 5ജി ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലാമ്പ് സഹിതമാണ് എത്തുന്നത്. ഇതാദ്യമായാണ് 110 സിസി ഇരു ചക്ര വാഹനങ്ങളില്‍ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രണ്ട് പുതിയ നിറങ്ങളില്‍ കൂടി ആക്ടീവ 5ജി ലഭിക്കും.

ലിവോയുടെ 2018 എഡിഷനാണ് മറ്റൊരു വാഹനം. പുതിയ അനലോഗ് ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, ക്ലോക്ക്, കുറഞ്ഞ മെയിന്റനന്‍സുള്ള സീല്‍ ചെയിന്‍ എന്നിവ സഹിതമാണ് ലിവോ 2018 എത്തുന്നത.്

രാജ്യത്ത് ഏററവുമധികം വില്‍പനയുള്ള എക്‌സിക്യുട്ടീവ് മോട്ടോര്‍സൈക്കിളായ സിബി ഷൈനിന്റെ 2018 എഡിഷനാണ് മറ്റൊരു മോഡല്‍. പുതിയ ഗ്രാഫിക്‌സ്, ഫ്രണ്ട് ക്രോം ഗാര്‍ണിഷ് തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

സിബി ഹോര്‍ണെറ്റ് 160ആര്‍ 2018 എഡിഷനും ഓട്ടോ എക്‌സ്‌പോയിലെ താരമാകും. പുതിയ കരുത്തേറിയ എല്‍ഇഡി ഹെഡ്‌ലാമ്പാണ് വാഹനത്തിലുള്ളത്. എബിഎസ് സംവിധാനമുള്ള ഹോണ്ടയുടെ രണ്ടാമത്തെ മോഡല്‍ കൂടിയാണിത്. പുതിയ ഡാസില്‍ യെല്ലോ, മെറ്റാലിക് നിറത്തില്‍ കൂടി സിബി ഹോര്‍ണെറ്റ് 160ആര്‍ ലഭിക്കും
സിബിആര്‍ 250ആര്‍ ന്റെ തിരിച്ചു വരവിന് കൂടി അരങ്ങാവുകയാണ് ഓട്ടോ എക്‌സ്‌പോ 2018. പുതിയ എല്‍ഇഡി ലാമ്പ്, പുതിയ ഗ്രാഫിക്‌സ്, രണ്ട് പുതിയ നിറങ്ങള്‍ എന്നിവ സഹിതം സിബിആര്‍ 250ആര്‍ എത്തിയിരിക്കുകയാണ്.

ഷോവാ ഡുവല്‍ ബെന്‍ഡിംഗ് വാല്‍വ് ടൈപ്പ് ഫ്രണ്ട് ഫോര്‍ക്ക്, പുതിയ ഹെഡ്‌ലാമ്പ്, സഹിതം എത്തുന്ന സിബിആര്‍ 650എ ആണ് മറ്റൊരു മോഡല്‍. രണ്ട് പുതിയ നിറങ്ങളില്‍ വാഹനം ലഭിക്കും.

ആഫ്രിക്ക ട്വിന്‍ 2018 എഡിഷനും ഓട്ടോ എക്‌സ്‌പോയിലുണ്ട്. പരിഷ്‌കരിച്ച ഫൂട്ട് റെസ്റ്റും, പുതിയ ലിഥിയം അയേണ്‍ ബാറ്ററി സഹിതമാണ് ആഫ്രിക്ക ട്വിന്‍ എത്തിയിരിക്കുന്നത്.

16 കിലോഗ്രാം 'ഭാരം കുറച്ച് എത്തിയിരിക്കുന്ന സിബിആര്‍ 1000ആര്‍ആര്‍ ആണ് ഓട്ടോ എക്‌സ്‌പോയിലെ മറ്റൊരു താരം. എബിഎസ്, ടോര്‍ക്ക് കണ്ട്രോള്‍, എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

ഗോള്‍വിംഗാണ് ഓട്ടോ എക്‌സ്‌പോയിലെ മറ്റൊരു താരം. 1800 സിസി വാഹനമാണ് ഗോള്‍വിംഗ്. 7 സ്പീഡ് ഡിസിടി സഹിതം എത്തുന്ന വാഹനത്തില്‍ സിക്‌സ് സിലിണ്ടര്‍ എഞ്ചിനാണ് ഉള്ളത്.

ഹോണ്ടയുടെ ആഗോള വിപണിയിലുള്ള മോഡലുകളായ പിസിഎക്‌സ് ഇവി, ആര്‍സി 213 വി എന്നിവയും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഹോണ്ടയുടെ മനോഹരമായ എക്‌സ്‌പോ വേദി പൂര്‍ണമായും ഡിജിറ്റലാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട.്

 

 

 

 

 

OTHER SECTIONS