ഇന്ത്യയില്‍ ബ്രിട്ടീഷ് കാറുകള്‍ക്ക് പ്രിയമേറുന്നു

By praveen prasannan.01 Aug, 2017

imran-azhar

മുംബയ്: ഇന്ത്യയില്‍ ബ്രിട്ടീഷ് കാറുകള്‍ക്ക് പ്രിയമേറുന്നു. യു കെയില്‍ നിന്ന് ഇന്ത്യയിലേക്കുളള കാര്‍ കയറ്റുമതി ഗണ്യമായി വര്‍ദ്ധിച്ചെന്ന് യു കെ വ്യവസായ മേഖലയില്‍ നിന്നുള്ള കണക്കുകളില്‍ കാണുന്നു.

ബ്രിട്ടനില്‍ നിന്ന് ഏഷ്യയിലെ രാജ്യങ്ങളിലേക്കുള്ള കാര്‍ കയറ്റുമതിയില്‍ നിലവില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഇക്കൊല്ലം ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലത്ത് യു കെയില്‍ നിന്ന് പ്രിമിയം കാര്‍ കയറ്റുമതിയില്‍ 7.3 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം ഇന്ത്യന്‍ നിര്‍മ്മിത കാറുകളുടെ ബ്രിട്ടനിലെ വില്‍പന 2016 ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവിലുളളതിനെ അപേക്ഷിച്ച് 48.6 ശതം വര്‍ദ്ധിച്ച് 21, 135 യൂണിറ്റായി ഉയര്‍ന്നു.

ബ്രിട്ടീഷ് ആഢംബര കാറുകളോട് ഇന്ത്യയില്‍ ആകര്‍ഷണം കൂടുകയാണെന്ന് വ്യക്തമാകുകയാണെന്ന് യു കെ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹോസ് പറഞ്ഞു. കഴിഞ്ഞ ജൂണ്‍ മാസം വരെ ഇന്ത്യയിലേക്ക് ബ്രിട്ടനില്‍ നിന്ന് 1650 കാറുകളാണ് കയറ്റുമതി ചെയ്തത്.

യു കെ യില്‍ കാര്‍ കയറ്റുമതി കൂടുതലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കാണ്. കയറ്റുമതിക്കായി നിര്‍മ്മിച്ച കാറുകളില്‍ 54.6 ശതമാനവും ഈ മേഖലയിലാണ് വിറ്റഴിഞ്ഞത്. യു കെയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത് ജര്‍മ്മനിയും ഇറ്റലിയുമാണ്. ഈ വര്‍ഷം ആദ്യ ആറ് മാസം 6 83 826 കാറുകളാണ് ബ്രിട്ടന്‍ കയറ്റി അയച്ചത്. ഇത് മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 0.90 ശതമാനം കുറവാണ്.


ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന കാറുകളില്‍ 80 ശതമാനവും കയറ്റുമതിക്കായാണ്. ബ്രിട്ടീഷ് കാറുകള്‍ 160 ല്‍ പരം രാജ്യങ്ങളില്‍ വില്‍നയക്ക് എത്തുന്നുണ്ട്.

എന്നാല്‍ ബ്രിട്ടനില്‍ കഴിഞ്ഞ ജനുവരി~ജൂണ്‍ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത്തതില്‍ 85 ശതമാനം കാറുകളും ഇറക്കുനതി ചെയ്യപ്പെട്ടവയാണ്.