സി ബി ആർ 250 ആർ എത്തി; വില 1.63 ലക്ഷം

By Abhirami Sajikumar.20 Mar, 2018

imran-azhar

 

 
 
 
 

സ്പോർട്സ് ബൈക്കായ ‘സി ബി ആർ 250 ആറി’ന്റെ നവീകരിച്ച പതിപ്പ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) വിൽപ്പനയ്ക്കെത്തിച്ചു. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പ്രാബല്യത്തിലെത്തിയതോടെയായിരുന്നു ഹോണ്ട ഈ ‘കാൽ ലീറ്റർ’ എൻജിനുള്ള ബൈക്ക് ഇന്ത്യയിൽ നിന്നു പിൻവലിച്ചത്. 

തുടർന്നു കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച 2018 മോഡൽ ‘സി ബി ആർ 250 ആർ’ ആണ് ഇപ്പോൾ വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. അടിസ്ഥാന വകഭേദത്തിന് 1.63 ലക്ഷം രൂപയും എ ബി എസുള്ള പതിപ്പിന് 1.93 ലക്ഷം രൂപയുമാണ് ഡൽഹിയിലെ ഷോറൂം വില.സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘2018 സി ബി ആർ 250 ആർ’ എത്തുന്നത്. 249.6 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണു ബൈക്കിനു കരുത്തേകുന്നത്; പരമാവധി 26.5 ബി എച്ച് പി കരുത്തും 22.9 എൻ എം ടോർക്കുമാണ് ബി എസ് നാല് നിലവാരത്തിലും ഈ എൻജിൻ സൃഷ്ടിക്കുക. ബി എസ് മൂന്ന് എൻജിനൊപ്പമുണ്ടായിരുന്ന ആറു സ്പീഡ് ഗീയർബോക്സ് തന്നെയാണു ട്രാൻസ്മിഷൻ.

അതേസമയം കൂടുതൽ കാഴ്ചപ്പകിട്ടിനായി പുത്തൻ എൽ ഇ ഡി ഹെഡ്ലൈറ്റ് യൂണിറ്റാണു ബൈക്കിലുള്ളത്. ഗ്രേ — ഓറഞ്ച്, ഗ്രേ — ഗ്രീൻ, യെലോ, റെഡ് എന്നീ നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കുള്ളത്. മുൻ മോഡലിലെ പോലെ മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ പ്രോ ലിങ്ക് മോണോ ഷോക്കുമാണു സസ്പെൻഷൻ. മുമ്പത്തെ വീൽബേസും(1369 എം എം) 13 ലീറ്റർ ഇന്ധന ടാങ്കുമൊക്കെ ഹോണ്ട മാറ്റമില്ലാതെ നിലനിർത്തുന്നു. എ ബി എസ് കൂടിയെത്തുന്നതോടെ ‘സി ബി ആർ 250 ആറി’ന്റെ ഭാരം 167 കിലോഗ്രാമായി ഉയരും.