ഐമോര്‍ എന്‍വിയില്‍ അതിശയിച്ച്‌ ബൈക്ക് പ്രേമികള്‍

By Abhirami Sajikumar.16 Apr, 2018

imran-azhar
 

ഹൈദരാബാദില്‍ ഐമോര്‍ കസ്റ്റംസിന്റെ ഗരാജില്‍ ഒരു ബുള്ളറ്റ് കിടപ്പുണ്ട്. പേര് ഐമോര്‍ എന്‍വി. ആളൊരു സ്‌ക്രാമ്പ്‌ളറാണ്. പട്ടാള പച്ച നിറം. മുമ്പ് പലതരം ബുള്ളറ്റ് സ്‌ക്രാമ്പ്‌ളറുകളെ കണ്ടിട്ടുണ്ടെങ്കിലും ഐമോര്‍ എന്‍വി അവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ്.'സിംമ്പിളാണ്' എന്‍വി. പശ്ചാത്തലം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ക്ലാസിക് 350. ബുള്ളറ്റിന്റെ ചാരുതയെ പാടെ പൊളിച്ചെഴുതിയാണ് എന്‍വിയിലേക്കുള്ള ഇവരുടെ തുടക്കം.

 

 

 

മട്ടിലും ഭാവത്തിലും തനി സ്‌ക്രാമ്പ്‌ളറെങ്കിലും എന്‍വിയെ കഫെ റേസറെന്ന് വിളിക്കാനാണ് ഐമോര്‍ കസ്റ്റംസിന് താത്പര്യം. മാറ്റ് ഗ്രീന്‍ നിറത്തോട് യോജിച്ച് നില്‍ക്കുന്ന കടുപ്പമാര്‍ന്ന പച്ചയിലാണ് പതുപതുത്ത ലെതര്‍ സീറ്റ്.കോണ്‍ട്രാസ്റ്റ് ലുക്ക് സമര്‍പ്പിക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിച്ചിങ്ങാണ് സീറ്റിന്. മുന്നില്‍ 19 ഇഞ്ചും, പിന്നില്‍ 18 ഇഞ്ചുമാണ് ചക്രങ്ങള്‍. കറുത്ത സ്‌പോക്കുകള്‍ എന്‍വിയുടെ പക്വതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

 

 

സ്‌ക്രാമ്പ്‌ളറുകളില്‍ മാത്രം കണ്ടുവരുന്ന വലിയ ബ്ലോക് ടയറുകളാണ് മുന്നിലും പിന്നിലും. പുതിയ ഇന്ധനടാങ്കും എന്‍വിയില്‍ എടുത്തുപറയണം. പതിവു ക്ലാസിക് 350 ടാങ്കുകളെക്കാളും വലുപ്പവും വീതിയും എന്‍വിയുടെ കസ്റ്റം ടാങ്കിനുണ്ട്. 

 

 

 

റോയല്‍ എന്‍ഫീല്‍ഡ് എന്ന പേരിനെ എന്തായാലും ഇവര്‍ ഉപേക്ഷിച്ചില്ല. ടാങ്കിന് ഇരുവശത്തും റോയല്‍ എന്‍ഫീല്‍ഡ് എന്ന് കോറിയിട്ടത് കാണാം. പുഷ് ക്യാപാണ് ടാങ്കില്‍.ഇന്ധനടാങ്കില്‍ റേസിംഗ് വരകളോടെയുള്ള റെട്രോ ലോഗോയും (ഐമോര്‍ കസ്റ്റംസിന്റേത്) എന്‍വിയ്ക്ക് ലഭിച്ചിട്ടുണ്ട്. ബൈക്കിന് ലഭിച്ച ചെറിയ വട്ടത്തിലുള്ള ഹെഡ്‌ലാമ്പ് എന്‍വിയുടെ റെട്രോ ഭംഗിക്ക് അടിവരയിടുന്നതാണ്.

 

 അറുപതുകളിലെയും എഴുപതുകളിലെയും ക്ലാസിക് മോട്ടോര്‍സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ കണ്ടിരുന്ന മഞ്ഞ നിറമാണ് ഹെഡ്‌ലാമ്പിനെന്നതും ഇവിടെ എടുത്തുപറയണം.ഹെഡ്‌ലാമ്പിന് മുകളില്‍ ട്വിന്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ക്ലാസിക് 350 യില്‍ നിന്നും പകര്‍ത്തിയ മീറ്ററുകളാണ് ബൈക്കില്‍. കുത്തനെയാണ് ഹാന്‍ഡില്‍ബാറുകള്‍.

OTHER SECTIONS