പുതിയ ഫിഗറില്‍ ഫിഗോ

By online desk.27 12 2018

imran-azhar

 

 

കൊച്ചി: ഫോര്‍ഡിന്റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഫിഗോയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തുന്നു. രൂപഭാവത്തില്‍ കാര്യമായ മാറ്റം തന്നെയാണ് പുതിയ ഫിഗോയിലുള്ളത്. പരിഷ്‌കരിച്ച മുന്‍-പിന്‍ ബമ്പറുകള്‍, നവീകരിച്ച ഹെഡ്ലൈറ്റ്, പുത്തന്‍ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രില്‍, പുതിയ മള്‍ട്ടി സ്‌പോക്ക് ബ്ലാക്ക് അലോയ് വീല്‍ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്. മാത്രമല്ല കാറിന്റെ ടെയില്‍ ഗേറ്റില്‍ കറുത്ത സ്ട്രിപ്പ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒപ്പം ബ്ലു എന്നെഴുതിയിട്ടുമുണ്ട്. പരിഷ്‌കരിച്ച ഫിഗൊയ്ക്ക് സി എന്‍ ജി പതിപ്പുള്ളതിനാലാണ് ഈ എഴുത്തെന്നാണു സൂചന. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ കണ്‍ട്രോള്‍, പുത്തന്‍ അപ്‌ഹോള്‍സ്ട്രി എന്നിവയുമുണ്ടാവും.


സുരക്ഷ മെച്ചപ്പെടുത്താന്‍ ഇരട്ട എയര്‍ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഹില്‍ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയുണ്ടാവും. വാഷ്/വൈപ്, പിന്‍ സ്‌പോയ്‌ലറിലെ സ്റ്റോപ് ലാമ്പ്, 15 ഇഞ്ച് അലോയ് വീല്‍ തുടങ്ങിയവയുമുണ്ട്. പരിഷ്‌കരിച്ച ഫിഗൊയുടെ അകത്തളവും പുത്തന്‍ ആസ്പയറിനു സമാനമാവുമെന്നാണു പ്രതീക്ഷ. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതമെത്തുന്ന ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഫ്‌ളോട്ടിങ് ഡിസ്‌പ്ലേ എന്നിവയുമുണ്ട്. ഫോര്‍ഡ് ആസ്പയര്‍ പരീക്ഷിച്ചു വിജയിച്ച എന്‍ജിനുകള്‍ തന്നെയാണ് ഫിഗൊയ്ക്കും കരുത്തേകുക. ഡ്രാഗണ്‍ വിഭാഗത്തിലെ 1.2 ലീറ്റര്‍ പെട്രോള്‍(പരമാവധി 96 ബി എച്ച് പി കരുത്തും 120 എന്‍ എം ടോര്‍ക്കും), 1.5 ലീറ്റര്‍ പെട്രോള്‍(123 ബി എച്ച് പി വരെ കരുത്തും 150 എന്‍ എം ടോര്‍ക്കും), 1.5 ലീറ്റര്‍ ഡീസല്‍(100 ബി എച്ച് പി കരുത്തും 215 എന്‍ എം ടോര്‍ക്കും) എന്‍ജിനുകളോടെയാവും ഫിഗോ കരുത്ത് കാണിക്കുക. ഫിഗോയുടെ പുത്തന്‍ പതിപ്പ് എന്ന് വിപണയിലെത്തുമെന്നതിനെ സംബന്ധിച്ച് ഇതുവരെ കമ്പനി വിവരം നല്‍കിയിട്ടില്ല.

OTHER SECTIONS