ജിഎസ്ടിയിൽ കോളടിച്ച് വാഹന വിപണി

By BINDU PP.05 Jul, 2017

imran-azhar 

ജിഎസ് ടി പ്രാബല്യത്തിൽ വന്നതോടെ വാഹനമേഖലയിൽ വൻ വിലക്കുറവ്.പുതിയ നികുതി ഘടന പ്രകാരം നിർമാണത്തിൽ വരെ ലഭിക്കുന്ന ഇളവ് ഉപഭോക്താക്കളിലേക്കും കൈമാറാൻ വിവിധ വാഹന നിർമാതാക്കൾ തീരുമാനിച്ചതോടെ നേട്ടം പുതിയ കാർ വാങ്ങുന്നവർക്കാണ്. മൂവായിരം രൂപമുതൽ പത്തു ലക്ഷം രൂപവരെ വിലക്കുറവിലാണ് വാഹനങ്ങൾ വിൽക്കുന്നത്. ചെറു കാറുകൾക്ക് ഒരു ശതമാനം വരെ നികുതി ജിഎസ്ടി പ്രകാരം കൂടിയിട്ടുണ്ടെങ്കിലും നിർമാണ ചിലവ് കുറഞ്ഞതും മൂലം വില കുറയ്ക്കാൻ മാരുതി അടക്കമുള്ള നിർമാതാക്കൾ തയാറായിട്ടുണ്ടെന്ന് വളരെ സന്തോഷകരമായ കാര്യമാണ്. ഏതൊക്കെ വാഹനങ്ങളാണെന്ന് നമുക്ക് നോക്കാം ............


ഹ്യുണ്ടേയ്

 

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് വാഹനങ്ങളുടെ വില കുറച്ചത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8000 രൂപ മുതൽ ഏകദേശം 2.5 ലക്ഷം രൂപ വരെ വില കുറച്ചെന്നാണ് റിപ്പോർട്ടുകൾ. ഹാച്ച്‌ബാക്കുകളായ ഇയോൺ, ഗ്രാന്റ് ഐ 10, എലൈറ്റ് ഐ20, എക്സെന്റ്, ഐ20 ആക്ടീവ് തുടങ്ങിയവയ്ക്ക് 8000 രൂപ മുതൽ 24000 രൂപ വരെ കുറഞ്ഞപ്പോൾ ക്രെറ്റ, ട്യുക്സോൺ, സാന്റാഫേ തുടങ്ങിയ എസ് യു വികൾക്ക് 1 ലക്ഷം മുതൽ 2.5 ലക്ഷം വരെയാണ് വില കുറഞ്ഞത്.

 


മാരുതി സുസുക്കി


ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാക്കളായ മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില മൂന്നു ശതമാനം വരെ കുറച്ചു. ജി എസ് ടി നടപ്പാകും മുമ്പ് നിലവിലുണ്ടായിരുന്ന മൂല്യവർധിത നികുതി (വാറ്റ്) നിരക്കിനെ ആശ്രയിച്ചാവും ഓരോ സ്ഥലത്തും ലഭ്യമാവുന്ന കൃത്യമായ വിലക്കിഴിവെന്നും മാരുതി സുസുക്കി വ്യക്തമാക്കി. വിവിധ മോഡലുകൾക്ക് മൂവായിരം രൂപ മുതൽ 22000 രൂപ വരെയാണ് മാരുതി കുറച്ചിരിക്കുന്നത്. അതേസമയം, ജി എസ് ടിയുടെ വരവോടെ നിലവിൽ ലഭിച്ചിരുന്ന നികുതി ഇളവുകൾ പിൻവലിച്ച സാഹചര്യത്തിൽ സ്മാർട് ഹൈബ്രിഡ് ‘സിയാസ്’ ഡീസൽ, സ്മാർട് ഹൈബ്രിഡ് ‘എർട്ടിഗ’ ഡീസൽ എന്നിവയുടെ വില ഉയന്നു. ഏകദേശം ഒരു ലക്ഷം രൂപവരെയാണ് വില ഉയർന്നത്.

 

ടാറ്റ മോട്ടോഴ്സ്


വിവിധ മോഡലുകളിലായി 3300 രൂപ മുതൽ 2.17 ലക്ഷം രൂപ വരെയാണ് ടാറ്റ മോട്ടോഴ്സ് കുറച്ചിരിക്കുന്നത്. ചെറു കാറുകളായ നാനോ, ടിയാഗോ, ടിഗോർ, സെസ്റ്റ്, ബോൾട്ട്, ഇൻഡിക്ക, എൻഡിഗോ എന്നിവയ്ക്ക് 5000 മുതൽ 21000 രൂപ വരെയും ക്രോസ്ഓവറായ ഹെക്സ, എസ് യു വിയായ സഫാരി എന്നിവയ്ക്ക് 80000 രൂപ മുതൽ 2.17 ലക്ഷം രൂപവരെയുമാണ് ടാറ്റ കുറച്ചത്.

 


ഹോണ്ട


ഹോണ്ട കാർസ് ഇന്ത്യ 10000 രൂപ മുതൽ 1.31 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചത്. ബ്രിയോയുടെ വില 12279 രൂപ, അമേസിന്റെ വില 14825 രൂപ, ജാസിന്റേത് 10031 രൂപ, ഡബ്ല്യുആർവി വില 10064 രൂപ എന്നിങ്ങനെ കുറയും. സിറ്റിക്ക് 28000 രൂപ വരെയും ബിആർ–വിയുടെ വില 30387 രൂപ വരെയും കുറയുമ്പോൾ സിആർ–വിയുടേത് 1.31 ലക്ഷം രൂപ കുറയും.

 


ടൊയോട്ട


ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട തങ്ങളുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ വില ഏകദേശം 13 ശതമാനം വരെയാണു കുറച്ചിരിക്കുന്നത്. പ്രീമിയം എസ്‌യുവി ഫോർച്യൂണറിനു 2.17 ലക്ഷം രൂപവരെയും ഇന്നോവ ക്രിസ്റ്റയ്ക്കു 98,500 രൂപവരെയും വില കുറച്ച കമ്പനി കൊറോള ആൾട്ടിസിന് 92,500 രൂപവരെയും എറ്റിയോസിന് 24,000 രൂപ വരെയും എറ്റിയോസ് ലിവയ്ക്ക് 10,500 രൂപവരെയും വിലകുറച്ചിട്ടുണ്ട്.

 


ഫോക്സ്‍‌വാഗൻ

 

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗന്റെ പ്രീമിയം എസ്‌യുവി ടിഗ്വാന്റെ വില ഏകദേശം 3 ലക്ഷം രൂപ വരെ കുറവു വരും എന്നാണ് റിപ്പോർട്ടുകൾ. ഹാച്ച്ബാക്കായ പോളൊ, പോളോ ജിടി, കോംപാക്റ്റ് സെ‍ഡാൻ അമിയോ എന്നിവയുടെ വിലയിൽ 13000 രൂപ മുതൽ 22000 രൂപ വരെ കുറവു വന്നിട്ടുണ്ട്. സി സെഗ്‍മെന്റ് സെഡാനായ വെന്റോയുടേയും പ്രീമിയം സെഡാൻ ജെറ്റയുടേയും വില ഏകദേശം 35000 രൂപ മുതൽ 75000 രൂപ വരെ കുറഞ്ഞു.


ഫോഡ്

 

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡ് ഇന്ത്യ കാർ വില 4.5% വരെ കുറച്ചു. വിവിധ മോഡലുകൾക്കായി മൂന്നു ലക്ഷം രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്. ഇക്കോ സ്പോര്‍ടിന് 20,000 നും 30,000 നുമിടയിലാണ് വിലയില്‍ ഇളവ്. ഫിഗോ, ആസ്പയര്‍ എന്നിവയുടെ വിവിധ മോഡലുകള്‍ക്ക് 10,000 നും 25,000 നുമിടയില്‍ വില കുറഞ്ഞു. പ്രീമിയം എസ് യുവിയായ എൻഡവറിന് ഏകദേശം 3 ലക്ഷം രൂപ വരെയാണ് കുറച്ചത്.

 

മഹീന്ദ്ര ആന്റ് മഹീന്ദ്ര


രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ വില 6.9 ശതമാനം വരെ കുറച്ചിട്ടുണ്ട്. എസ് യു വിയായ എക്സ്‌യുവി 500 മുതൽ ചെറു കാറായ വേരിറ്റോ വൈബ് വരെയുള്ള ഉൽപ്പന നിരയിൽ 11000 രൂപ മുതൽ വിലകുറച്ചിട്ടുണ്ട്.

 

OTHER SECTIONS