ടൂ വീലര്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസും എക്സ്ചേഞ്ച് ഓഫറുമായി ഹോണ്ട

By Anju N P.28 Aug, 2018

imran-azhar


കൊച്ചി: പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന കേരളത്തെ തിരിച്ചുപിടിക്കാന്‍ പിന്തുണയുമായി ഹോണ്ട. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സംസ്ഥാനത്തെ ടൂ വീലര്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസ് ക്യാമ്പും പ്രത്യേക എക്സ്ച്ചേഞ്ച് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

 

പ്രളയക്കെടുതിയില്‍പ്പെട്ട വാഹന ഉടമകളെ സഹായിക്കാന്‍ എല്ലാ അംഗീകൃത ഡീലര്‍മാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലേബര്‍ ചാര്‍ജ് ഒഴിവാക്കണമെന്നും എഞ്ചിന്‍ ഓയില്‍ മാറ്റുന്നതിനുള്ള ചെലവ് കമ്പനി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രളയത്തില്‍പ്പെട്ട വാഹനം പുതിയ വാഹനവുമായി കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ പ്രത്യേക ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

 


കേരള സംസ്ഥാനം വലിയൊരു ദുരിതം നേരിടുകയാണെന്നും തിരിച്ചുവരവിന് ശ്രമിക്കുന്ന ആളുകളുടെ സഞ്ചാരം സുഗമമാക്കാന്‍ സഹായിക്കുന്നതില്‍ ഹോണ്ട പ്രതിജ്ഞാബദ്ധമാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാത്തോ പറഞ്ഞു.

 

ഉപഭോക്താക്കള്‍ക്ക് ഹോണ്ടയുടെ ഏത് അംഗീകൃത സര്‍വീസ് സെന്ററിലും സൗജന്യമായി വാഹന പരിശോധന നടത്താം. ഉള്‍പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ എത്രയും പെട്ടെന്ന് ശരിയാക്കി നല്‍കുന്നതിനായി കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ഹോണ്ട മൊബൈല്‍ സര്‍വീസ് വാനുകളും പരിചയസമ്പന്നരായ ടെക്നീഷ്യന്മാരും ലഭ്യമാണ്. ഹോണ്ടയുടെ കസ്റ്റമര്‍ കെയര്‍ ടോള്‍ ഫ്രീ നമ്പറായ 18001033434 ല്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ എന്റോള്‍ ചെയ്യാവുന്നതുമാണ്.