ഒരു തവണ ഇന്ധനം നിറച്ചാല്‍ 650 കി.മി സഞ്ചരിക്കാം;വിപണിയില്‍ ഇനി പുത്തന്‍ വരവിനൊരുങ്ങി ഹൈഡ്രജന്‍ കാര്‍ കേരളത്തില്‍

By parvathyanoop.05 06 2022

imran-azhar

ഒരു തവണ ഇന്ധനം നിറച്ചാല്‍ കാറില്‍ 650 കി.മീ ദൂരം പോകാം. ഇന്ധനം പക്ഷെ ഹൈഡ്രജനാണ്. രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്തെത്തി. ഹൈഡ്രജന്‍ കാറുകളുടെ പരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാരാണ് പുത്തന്‍ കാര്‍ തലസ്ഥാനത്ത് എത്തിച്ചത്. ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തിച്ച മൂന്ന് ഹൈഡ്രജന്‍ കാറുകളില്‍ ഒന്നാണിത്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു.അടുത്ത വര്‍ഷങ്ങളില്‍ ഹൈഡ്രജന്‍ കാറുകള്‍ നിരത്തുകള്‍ കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പ്രയോഗിക വശങ്ങള്‍ പഠിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് കാര്‍ കേരളത്തിലെത്തിച്ചത്.

 


മുന്‍വശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്സിജനും, ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഹൈഡ്രജനും സംയോജിപ്പിക്കുമ്പോഴുണ്ടാകുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറിന്റെ പ്രവര്‍ത്തനം. കാര്‍ബണ്‍ രഹിത ഇന്ധനമായ ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിനാല്‍ പരിസര മലിനീകരണം തീരെ കുറവ്.ഹൈഡ്രജന്‍ വിതരണം വ്യാപകമായാല്‍ ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് പ്രതീക്ഷിക്കുന്ന ചിലവ് രണ്ടര രൂപ മാത്രം. ഒരുകോടി അന്‍പത് ലക്ഷം രൂപയാണ് കാറിന്റെ വിപണി വില. തിരുവനന്തപുരത്തെ ടൊയോട്ടയുടെ ഷോറൂമിലാണ് കാര്‍ സൂക്ഷിച്ചിരിക്കുന്നത്.ഹൈഡ്രജനില്‍ ഓടുന്ന ടൊയോട്ട മിറായ് കാര്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു.

 

സംസ്ഥാന സര്‍ക്കാരും ടൊയോട്ടയും തമ്മിലുള്ള കരാര്‍ പ്രകാരം ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ വിദ്യാര്‍ഥികളുടെ പഠനത്തിനാണ് കാര്‍ നല്‍കിയത്. ഹൈഡ്രജന്‍ ഇന്ധനമായ വാഹനങ്ങളിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള പഠനവും പരീക്ഷണ ഓട്ടവുമാണ് നടക്കുന്നത്കാറിന്റെ പിന്നില്‍ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജന്‍ സംഭരിക്കുന്നത്. മുന്‍വശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്‌സിജനും ടാങ്കില്‍ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേര്‍ത്താണ് വാഹനം ഓടുന്നത്. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാലിന്യമായി പുറത്തുവരുന്നത് വെള്ളമാണ്.

 

65 ലക്ഷത്തിന് അടുത്താണ് വിപണി വില.കെ.എസ്.ആര്‍.ടി.സി.യും ഹൈഡ്രജന്‍ ബസ് വാങ്ങാനുള്ള ഒരുക്കത്തിലാണ്.വൈദ്യുത വാഹനങ്ങളെ മറികടന്ന് ഹൈഡ്രജന്‍ വാഹനങ്ങള്‍ ഭാവിയില്‍ വിപണി പിടിക്കുമെന്നാണ് പ്രതീക്ഷ. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഹൈഡ്രജന്‍ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രത്യേക ഉത്തരവിലൂടെയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (കെ.എല്‍. 01 സി.യു. 7610) വാഹനം ഉടന്‍ കോളേജ് അധികൃതര്‍ക്ക് കൈമാറും.

 

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കായി അടുത്തിടെ ടൊയോട്ട മിറായി കാര്‍ എത്തിയിരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ വാഹനമായിരുന്നു അതെന്നാണ് വിലയിരുത്തലുകള്‍. ഡല്‍ഹിയിലെത്തിയാല്‍ ഹൈഡ്രജന്‍ കാര്‍ ഉപയോഗിക്കുമെന്ന് നേരത്തേ മന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ 'നാഷണല്‍ ഹൈഡ്രജന്‍ മിഷന്‍' പ്രകാരം ഹൈഡ്രജന്‍ ഉപയോഗം വന്‍ തോതില്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രപദ്ധതി ഉണ്ടായിരിക്കെ, സര്‍ക്കാര്‍ നയത്തെക്കുറിച്ച് സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
ഹൈഡ്രജന്‍ ഇന്ധനമായാണ് ടൊയോട്ട മിറായിയുടെ ഓട്ടം. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തന രീതി.

 

ഹൈ പ്രഷര്‍ ഹൈഡ്രജന്‍ ഫ്യുവല്‍ ടാങ്കാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സാധാരണ ഇലക്ട്രിക് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ 30 മടങ്ങ് വലിപ്പം കുറഞ്ഞ ബാറ്ററിയാണ് ഇതിലുള്ളത്. സാധാരണ ഫോസില്‍ ഫ്യുവല്‍ കാറുകള്‍ പോലെ കുറഞ്ഞ സയമത്തില്‍ ഹൈഡ്രജന്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും.

 

 

OTHER SECTIONS