ആരേയും കൊതിപ്പിക്കുന്ന രൂപം; ഒപ്പം നിരവധി മോഡേൺ സംവിധാനങ്ങളുമായി കാവാസാക്കി Z650 RS

1970കളിൽ നിന്നുള്ള ഒറിജിനൽ കവസാക്കി Z650-B1 ഐക്കണിക് മോഡലിൽ നിന്നും ധാരാളം ഡിസൈൻ സൂചകങ്ങൾ കടമെടുത്താണ് ഈ നിയോ-റെട്രോ മോട്ടോർ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്

author-image
Greeshma Rakesh
New Update
ആരേയും കൊതിപ്പിക്കുന്ന രൂപം; ഒപ്പം നിരവധി മോഡേൺ സംവിധാനങ്ങളുമായി കാവാസാക്കി Z650 RS

രാജ്യത്ത് വാഹനപ്രേമികളുടെ ഇഷ്ടം പിടിച്ചെടുക്കാനുള്ള മത്സരമാണ് നടക്കുന്നത്. ഇക്കീട്ടത്തിൽ ഒന്നാണ് റെട്രോ മോഡൽ ബൈക്കുകൾ. റോയൽ എൻഫീൽഡും ഹോണ്ടയും മുതൽ ജാവയും ടി.വി.എസും വരെ റെട്രോ വിപണി പിടിക്കാനുള്ള കനത്ത മത്സരത്തിലാണ്.ആഗോള പ്രശസ്ത ജാപ്പനീസ് ബ്രാൻഡായ കാവാസാക്കിയും ഈ മത്സരത്തിലുണ്ട്. കാവാസാകി അവരുടെ റെട്രോ മോഡലായ Z650 RSൻറെ പരിഷ്കരിച്ച മോഡൽ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

 

ഇനി വിലയുടെ കാര്യത്തിലാകട്ടെ ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ലെങ്കിലും കവസാക്കി Z650RS റോയൽ എൻഫീൽഡ് ഇൻറർസെപ്റ്റർ 650 എന്ന പടക്കുതിരയുമായാണ് മത്സരിക്കുന്നത്. പക്ഷേ അധികം മുടക്കുന്ന കാവസാക്കി ബ്രാൻഡിന്റെ വിശ്വാസ്യതയും പ്രീമിയം ഫീലും ലഭിക്കുമെന്നതാണ് എടുത്തു പറയേണ്ട സംഗതി.

2024 മോഡൽ Z650 RS മോട്ടോർസൈക്കിൾ കാര്യമായ മാറ്റങ്ങളോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. പ്രീമിയം നിയോ-റെട്രോ മിഡിൽ വെയ്റ്റ് ബൈക്കിന് രാജ്യത്ത് 6.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 1970കളിൽ നിന്നുള്ള ഒറിജിനൽ കവസാക്കി Z650-B1 ഐക്കണിക് മോഡലിൽ നിന്നും ധാരാളം ഡിസൈൻ സൂചകങ്ങൾ കടമെടുത്താണ് ഈ നിയോ-റെട്രോ മോട്ടോർ സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്.

ആദ്യ കാഴ്ച്ചയിൽ ആരേയും കൊതിപ്പിക്കുന്ന രൂപമാണ് ഇതിനുള്ളത്. കട്ടിയുള്ള ക്രോം സറൗണ്ടോടു കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെൻറ് കൺസോൾ, അൽപ്പം നീളമേറിയ ടെയിൽ സെക്ഷൻ എന്നിവയെല്ലാം മോട്ടോർ സൈക്കിളിന് കൂൾ-ലുക്കാണ് സമ്മാനിക്കുന്നത്.

 

 

നിരവധി മോഡേൺ സംവിധാനങ്ങളും മോഡലിലുണ്ട്. മെലിഞ്ഞ് ക്ലാസിക് ടച്ച് ഉള്ള അലോയ് വീലുകൾ, എൽഇഡി ഇൻഡിക്കേറ്റർ, എൽ.ഇ.ഡി ഹെഡ്‌ലാമ്പ് പോലുള്ള ആധുനിക ഘടകങ്ങൾ ബൈക്കിലുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൊറിസോണ്ടൽ ലിങ്ക് സസ്‌പെൻഷനും ആണ് ഉപയോഗിച്ചിരിക്കുന്നത്.

 

Z650 യുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം പോലുള്ള ചില മാറ്റങ്ങൾ കവസാക്കി വരുത്തിയിട്ടുണ്ട്. ഡ്യുവൽ-പെറ്റൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണത്തിന് പകരം സാധാരണ റോട്ടറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.ട്രെല്ലിസ് ഫ്രെയിം ഷാസിയിലാണ് മോട്ടോർസൈക്കിൾ പണി കഴിപ്പിച്ചിരിക്കുന്നത്.

649 സിസി പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിനാണ് പുതിയ കവസാക്കി Z650RS മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 67 bhp കരുത്തിൽ 64 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർ ബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

 

 

ഫീച്ചറുകളിലേക്ക് വന്നാൽ റെട്രോ ശൈലി പിടിക്കുന്നതിനായി പരമ്പരാഗത ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെൻറ് കൺസോളാണ് കവസാക്കി 2024 Z650RS മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കമ്പനി അനലോഗ് സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനും ഇടയിൽ ഒരു ചെറിയ എൽസിഡി ചേർത്തിട്ടുണ്ട്. കാൻഡി മീഡിയം റെഡ്, മെറ്റാലിക് മാറ്റ് കാർബൺ ഗ്രേയ്‌ക്കൊപ്പം മെറ്റാലിക് ഫാൻറം സിൽവർ, മെറ്റാലിക് മാറ്റ് കാർബൺ ഗ്രേ എബോണി പോലുള്ള കളർ ഓപ്ഷനുകളും ബൈക്കിലുണ്ട്.

automobile kawasaki z650rs bike hot wheel