മഹീന്ദ്രയുടെ പെട്രോള്‍ എന്‍ജിന്‍ കരുത്തുമായി ഇക്കോസ്‌പോര്‍ട്ട്

By Anju N P.03 12 2018

imran-azharന്യൂഡല്‍ഹി: ഫോര്‍ഡിന്റെ ജനപ്രിയ മോഡലായ ഇക്കോസ്‌പോര്‍ട്ടില്‍ ഇനി മഹീന്ദ്രയുടെ പെട്രോള്‍ എന്‍ജിന്‍ കരുത്ത് പകരും. ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള എന്‍ജിനായിരിക്കും ഇത്. സാങ്യോങ് ടിവോളി അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന മഹീന്ദ്രയുടെ കോംപാക്ട് എസ്യുവിയിലും ഈ എന്‍ജിനാണ് ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫോര്‍ഡിന്റെ വാഹനങ്ങളിലേക്കുള്ള ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മഹീന്ദ്ര നിര്‍മിച്ച് നല്‍കുന്നതു സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഇരു കമ്പനികളും അടുത്തിടെ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ചാണ് മഹീന്ദ്ര നിര്‍മിക്കുന്ന ചെറിയ പെട്രോള്‍ എന്‍ജിന്‍ പുതുതലമുറ ഇക്കോസ്‌പോര്‍ട്ടിന് കരുത്ത് പകരാനെത്തുന്നത്.

 

നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനാണ് ഇക്കോസ്‌പോര്‍ട്ടിലുള്ളത്. 121 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകുന്നതാണ് 1.5 ലിറ്റര്‍ പെട്രാള്‍ എന്‍ജിന്‍. 123 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കും നല്‍കും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍. ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി പവറും 205 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

 

ഇരുകമ്പനികളുടെയും സഹകരണത്തില്‍ അധികം വൈകാതെ രണ്ട് എസ്യുവി മോഡലുകളും ഒരു ഇലക്ട്രിക് മോഡലും ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് എന്‍ജിന്‍ നിര്‍മാണത്തിലും ഒന്നിക്കുത്. കരാറിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ ശേഷിയിലുള്ള പെട്രോള്‍ എന്‍ജിനുകളാണ് ഫോര്‍ഡിനായി മഹീന്ദ്ര നിര്‍മിക്കുക. 2020 മുതല്‍ നിരത്തിലെത്തുന്ന ഫോര്‍ഡിന്റെ വാഹനങ്ങള്‍ക്ക് മഹീന്ദ്രയുടെ ബിഎസ് 6 എന്‍ജിനായിരിക്കും കരുത്ത് പകരുക. ഒപ്പം വാഹനങ്ങളിലെ സാങ്കേതികവിദ്യ കൈമാറുന്നതുമായി ബന്ധപ്പെട്ടും ഇരുകമ്പനികളും ധാരണയായിട്ടുണ്ട്. പ്രധാനമായും കണക്ടറ്റഡ് കാര്‍ സൊലൂഷന്‍ സാങ്കേതികവിദ്യയായിരിക്കും മഹീന്ദ്രയും ഫോര്‍ഡും പങ്കിടുക.

 

OTHER SECTIONS