രണ്ട് പ്ലാന്റുകളുടെ പ്രവര്‍ത്തനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാനൊരുങ്ങി മാരുതി സുസുകി

By mathew.04 09 2019

imran-azhar

 

ന്യൂഡല്‍ഹി: രണ്ട് ദിവസത്തേക്ക് രണ്ട് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനൊരുങ്ങി മാരുതി സുസുകി. വാഹന നിര്‍മാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇത്. ഗുരുഗ്രാം, മനേസര്‍ പ്ലാന്റുകളാണ് രണ്ട് ദിവസത്തേക്ക് നിര്‍ത്തി വയ്ക്കുന്നത്. കാര്‍ നിര്‍മാതാക്കള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് (ബിഎസ്ഇ) നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഈ മാസം ഏഴിനും ഒമ്പതിനും പ്ലാന്റുകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ് മാരുതി സുസുകി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് മാരുതി സുസുകിയുടെ വില്‍പന. ജൂലൈ മാസത്തിലെ വില്‍പന 36 ശതമാനമാണ് കുറഞ്ഞു. 69 ശതമാനത്തിന്റെ കുറവാണ് ചെറിയ മോഡലുകളായ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പനയില്‍ ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് സുസുകി. രാജ്യത്ത് വില്‍ക്കപ്പെടുന്ന മൂന്നില്‍ രണ്ട് വാഹനങ്ങളും സുസുകിയുടേതാണ്.

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായിയുടെ വില്‍പനയും 10 ശതമാനം കുറഞ്ഞു. പുതുതായി ഇറക്കിയ വെന്യ അടക്കമുളള വാഹനങ്ങളാണ് കനത്ത തകര്‍ച്ചയില്‍ നിന്നും ഹ്യൂണ്ടായിയെ രക്ഷിച്ചത്. 49 ശതമാനം കുറവാണ് ഹോണ്ടയുടെ വില്‍പനയില്‍ രേഖപ്പെടുത്തിയത്. ടൊയോട്ടയുടെ ജൂലൈ മാസത്തിലെ വില്‍പനയില്‍ 24 ശതമാനം ഇടിവുണ്ടായി. മഹീന്ദ്രയുടെ വില്‍പ്പന 15 ശതമാനവും കുറഞ്ഞു.

 

 

OTHER SECTIONS