/kalakaumudi/media/post_banners/0698ddf4b07f45fc26afe85af33f6eb86e2e9a87d1979de1889e1c4622bce573.jpg)
ഫ്രാന്‍സില്‍ നിന്നുള്ള ചെറിയ ഹാച്ച്ബാക്ക് കാറാണ് റെനോ ക്വിഡ്. അടുത്ത മാസം വാഹനത്തിന്റെ പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. പുതിയ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസമാണ് റെനോ ഡെസ്റ്ററിന്റെ പുതിയ പതിപ്പിനെ കമ്പനി വിപണയില്‍ അവതരിപ്പിച്ചത്. ഈ മാസം എംപിവി ശ്രേണിയിലേക്ക് ട്രൈബറിനെയും കമ്പനി അണിനിരത്തും. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്വിഡിന്റെ പുതിയ പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്. 2014 ല്‍ ക്വിഡിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത് മുതല്‍ റെനോയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണിത്. ഈ ശ്രണിയിലെ മറ്റുള്ള മോഡലുകള്‍ എല്ലാം തന്നെ പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് റെനോയും ക്വിഡിനെ പുതുക്കിയത്. ചെന്നൈയിലെ ഒറഗഡാമിലെ റെനോ-നിസാന്‍ സംയുക്ത നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ക്വിഡ് വിപണിയില്‍ എത്തുന്നത്.
കുറഞ്ഞ ചിലവില്‍ കാറുകള്‍ പുറത്തിറക്കാന്‍ റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച ഇങഎഅ അടിത്തറയാണ് ക്വിഡ് ഉപയോഗിക്കുന്നത്. ക്വിഡിനെ കൂടാതെ ഡാറ്റ്‌സന്‍ റെഡി-ഗോയും ഇതേ അടിത്തറ പങ്കിടുന്നുണ്ട്. വിപണിയില്‍ എത്താനിരിക്കുന്ന കമ്പനിയുടെ പുതിയ എംപിവി ട്രൈബറിനെയും ഇതേ പ്ലാറ്റ്ഫോമില്‍ തന്നെയാകും വിപണിയില്‍ എത്തിക്കുക. ചൈനയില്‍ വിപണിയില്‍ അവതരിപ്പിച്ച ക്വിഡിന്റെ ഇലക്ട്രിക്ക് കണ്‍സെപ്റ്റിലാണ് പുതിയ പതിപ്പ് എത്തുന്നത്. അതുകൊണ്ട് റെഗുലര്‍ ക്വിഡുമായി സാമ്യമുണ്ടെങ്കിലും മുന്‍വശത്ത് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. നേര്‍ത്ത എല്‍ഇഡി ഹെഡ്ലാമ്പ്, ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, സ്‌കിഡ് പ്ലെയ്റ്റ് തുടങ്ങിയവ പുതിയ പതിപ്പിലെ സവിശേഷതകളാണ്. എല്‍ഇഡി ടെയ്ല്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബംമ്പറും പിന്നില്‍ ഇടം പിടിച്ചേക്കും. സുരക്ഷ വര്‍ദ്ധിപ്പിച്ച പതിപ്പിനെയാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. 2019 ഒക്ടോബര്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ എത്തും.
ഇത് മുന്നില്‍ കണ്ടാണ് റെനോ സുരക്ഷ വര്‍ദ്ധിപ്പിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ വരാനിരിക്കെ ക്വിഡിന്റെ ദൃഢത കമ്പനി കൂട്ടിയോയെന്ന കാര്യം വ്യക്തമല്ല. മുമ്പ് ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ ക്വിഡ് വന്‍ പരാജയമായിരുന്നു. ഇനി മുതല്‍ മുഴുവന്‍ ക്വിഡ് വകഭേദങ്ങളിലും അടിസ്ഥാന സുരക്ഷാ ഫീച്ചറായി ഒരുങ്ങും. ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, സീറ്റ് ബെല്‍റ്റ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സംവിധാനങ്ങളും പുതിയ ക്വിഡില്‍ സ്ഥാനം പിടിച്ചേക്കും.
ഉയര്‍ന്ന വകഭേദങ്ങളില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ലഭിച്ചേക്കും. ട്രാഫിക്ക് അസിസ്റ്റ് എന്ന് റെനോ വിശേഷിപ്പിക്കുന്ന ക്രൊള്‍ മോഡ് ക്വിഡ് എഎംടി മോഡലുകളിലും ഇടം കണ്ടെത്തിയേക്കും. അതേസമയം മോഡലില്‍ അധിക സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വാഹനവിപണിയിലെ മാന്ദ്യം തന്നെയാണ് അതിന് കാരണം. അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാല്‍ വില ഉയരും. മാന്ദ്യത്തില്‍ നില്‍ക്കുന്ന വിപണിയിലേക്ക് വില കൂടിയ മോഡലിനെ അവതിപ്പിച്ചാല്‍ വില്‍പ്പന ഉയരില്ലെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കാറുകള്‍ക്കൊപ്പമാണ് ക്വിഡും ഇടം പിടിച്ചിരിക്കുന്നത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ക്വിഡ് വിപണിയില്‍ ഉള്ളത്. 800 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ മുന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തിന്റെ കരുത്ത്.