റോയല്‍ എന്‍ഫീല്‍ഡ് തായ്‌ലന്‍ഡും കീഴടക്കുന്നു

By anju.25 03 2019

imran-azhar

 

റോയല്‍ എന്‍ഫീല്‍ഡ് വിദേശത്തെ ആദ്യ അസംബ്ലിംഗ് ശാല തായ്ലന്‍ഡില്‍. തായ്ലന്‍ഡില്‍ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനം ഇതിന് മുന്നോടേിയായി ആരംഭിക്കുമെന്നും ഐഷര്‍ ഗ്രൂപ്പിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു. മൂന്നു വര്‍ഷം മുമ്പാണു ബുള്ളറ്റ് ശ്രേണിയിലെ ബൈക്കുകള്‍ തായ്ലന്‍ഡില്‍ വില്‍പ്പനയ്‌ക്കെത്തിയത്. വിപണിയില്‍ മികച്ച സ്വീകാര്യത കൈവരിച്ച സാഹചര്യത്തില്‍ ജൂണോടെ തായ്ലന്‍ഡിലെ അസംബ്ലിംഗ് ശാല പ്രവര്‍ത്തനക്ഷമമാക്കാനാണു റോയല്‍ എന്‍ഫീല്‍ഡ് തയാറെടുക്കുന്നത്.

 

ബാങ്കോക്കിലെ ഏക സ്റ്റോറുമായിട്ടായിരുന്നു 2016ല്‍ റോയല്‍ എന്‍ഫീല്‍ഡ് തായ് വിപണിയില്‍ പ്രവേശിച്ചത്. എന്നാല്‍ അടുത്ത മാര്‍ച്ചോടെ 15 ഡീലര്‍ഷിപ്പുകളും 25 അംഗീകൃത സര്‍വീസ് സെന്ററുകളുമുള്ള വില്‍പ്പന, വില്‍പ്പനാന്തര സേവന ശൃംഖല ഉറപ്പാക്കാനുള്ള ശ്രമത്തിലാണു കമ്പനി. ഗ്രേറ്റര്‍ ബാങ്കോക്ക്, ഫുകെറ്റ്, പട്ടായ, ചിയാംഗ് മായ് മേഖലകളിലെല്ലാം സാന്നിധ്യം ഉറപ്പിക്കാനാണു റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. ദക്ഷിണ പൂര്‍വ ഏഷ്യയില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജി ടി 650 ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിയ ആദ്യ വിപണികളിലൊന്നുമായിരുന്നു തായ്‌ലന്‍ഡ്. 650 ട്വിന്‍സ് എന്ന വിളിപ്പേരുള്ള ബൈക്കുകള്‍ക്ക് തായ്ലന്‍ഡില്‍ എഴുനൂറോളം ബുക്കിങ് ലഭിച്ചെന്നാണു റോയല്‍ എന്‍ഫീല്‍ഡിന്റെ അവകാശവാദം.

 

യു കെയില്‍ പിറന്ന് ഇന്ത്യയില്‍ വിജയം കൊയ്ത റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്നാം വീടാണു തായ്‌ലന്‍ഡെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സിദ്ധാര്‍ഥ ലാല്‍ അഭിപ്രായപ്പെട്ടു. തായ് വിപണിയില്‍ ഇടത്തരം ബൈക്ക് വിഭാഗത്തിലെ വിടവ് നികത്താന്‍ റോയല്‍ എന്‍ഫീല്‍ഡിനു കഴിയുമെന്നതിനു തെളിവാണ് '650 ട്വിന്‍സി'ന് ഇവിടെ ലഭിച്ച വരവേല്‍പ്പെന്നും അദ്ദേഹം അവകാശപ്പെട്ടു. തായ്‌ലന്‍ഡിലെ ഇരുചക്രവാഹന ഉടമകള്‍ ദീര്‍ഘ ദൂരയാത്രകളിലേക്കും ഉല്ലാസത്തിനായുള്ള റൈഡുകളിലേക്കും മുന്നേറുമ്പോള്‍ സ്വാഭാവികമായും റോയല്‍ എന്‍ഫീല്‍ഡിനു പുതിയ സാധ്യതകളാണു തുറന്നു കിട്ടുക. പ്രാദേശികതലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക വഴി തായ്ലന്‍ഡിനോടും അവിടുത്തെ വാഹന ഉടമകളോടും കൂടുതല്‍ ചേര്‍ന്നു നില്‍ക്കാനാണു റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കുന്നതെന്നും ലാല്‍ വ്യക്തമാക്കി.

 

OTHER SECTIONS