കാറുകളെല്ലാം വന്‍ നഷ്ടത്തിലെന്ന് ടാറ്റ

By Anju N P.11 Oct, 2017

imran-azhar

 

ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ കനത്ത വെല്ലുവിളി നേരിടുകയാണെന്നു ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. സത്തന്‍ ടാറ്റയും സൈറസ് മിസ്ത്രിയുമായുള്ള പോരാട്ടകാലത്താണു 'നാനോ' കമ്പനിക്കു കനത്ത നഷ്ടം വരുത്തി വയ്ക്കുന്നെന്ന ആക്ഷേപം ഉയര്‍ന്നത്. എന്നാല്‍ 'നാനോ' മാത്രമല്ല, എല്ലാ കാര്‍ മോഡലുകളും കമ്പനിക്കു നഷ്ടമാണു സമ്മാനിക്കുന്നതെന്നാണു ചന്ദ്രശേഖരന്റെ വെളിപ്പെടുത്തല്‍.

 

'യാത്രാവാഹന വിഭാഗത്തില്‍ പ്രഹരമേല്‍പ്പിക്കുന്ന സാമ്പത്തികഘടനയാണു കമ്പനിക്കുള്ളത്; ഓരോ കാറും ഓരോ മോഡലും നഷ്ടമാണു സൃഷ്ടിക്കുന്നത്. വില്‍പ്പന ഗണ്യമായി ഉയര്‍ത്തി മാത്രമേ ലാഭക്ഷമത വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ' -ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. വാണിജ്യ വാഹന വിഭാഗത്തില്‍ വിപണി വിഹിതം ഉയര്‍ത്തുകയും അതേസമയം യാത്രാവാഹന വിഭാഗത്തില്‍ നഷ്ടം കുറയ്ക്കുകയുമാണ്് ആദ്യ ലക്ഷ്യം.

 

യാത്രാവാഹന വിഭാഗത്തെ ലാക്ഷത്തിലെത്തിച്ച ശേഷം മാത്രമേ വിദേശ നിര്‍മാതാക്കളുമായി പങ്കാളിത്തത്തെക്കുറിച്ചു ചര്‍ച്ചയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മന്‍ വാഹന നിര്‍മാതാക്കളുമായ പ്ലാറ്റ്‌ഫോം പങ്കുവയ്ക്കാനുള്ള സാധ്യത ടാറ്റ മോട്ടോഴ്‌സ് ചര്‍ച്ച ചെയ്യുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണു നിലപാട് വ്യക്തമാക്കി ചന്ദ്രശേഖരന്‍ രംഗത്തെത്തിയത്.

 

വാണിജ്യ വാഹനം, യാത്രാ വാഹനം, ആഡംബര കാര്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണു ടാറ്റ മോട്ടോഴ്‌സിന്റെ പ്രവര്‍ത്തനം. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 83.57 ശതമാനത്തോളം സംഭാവന ചെയ്തത് ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡുകളായ ജഗ്വാര്‍ ലാന്‍ഡ് റോവറായിരുന്നു. കമ്പനിയുടെ മൊത്തം വരുമാനമായ 1.80 ലക്ഷം കോടി രൂപയില്‍ 2.34 ലക്ഷം കോടിയായിരുന്നു ജെ എല്‍ ആറിന്റെ വിഹിതം. വാണിജ്യ വാഹന വിഭാഗം 45,000 കോടി രൂപ വരുമാനം നേടിയപ്പോള്‍ യാത്രാവാഹന വിഭാഗത്തില്‍ നിന്നു ലഭിച്ചത് 8,000 - 9,000 കോടി രൂപ മാത്രമാണ്.

ആഭ്യന്തര ബിസിനസ്സിലാണു കമ്പനിക്കു പണം നഷ്ടമാവുന്നത്. വാണിജ്യ വാഹന വിഭാഗത്തില്‍ ലാഭക്ഷമത ഇടിയുന്നതും യാത്രാവാഹന വിഭാഗം നഷ്ടം ആവര്‍ത്തിക്കുന്നതുമൊക്കെ തലവേദനയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ തീവ്രയത്‌നം നടത്തുന്നുണ്ടെന്നും വൈകാതെ പ്രവര്‍ത്തനം ലാഭത്തിലെത്തുമെന്നും ചന്ദ്രശേഖരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

OTHER SECTIONS