രംഗപ്രവേശനം നടത്താന്‍ ടി-ക്രോസ്

By Online Desk.05 11 2018

imran-azhar

 

 

മുംബയ്: എസ് യു വി രംഗത്ത് പോര് മുറുകുമെന്നുറപ്പായി. ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ എസ് യു വി മോഡലായ ടി-ക്രോസിനെ ഉടന്‍ നിരത്തുകളിലെത്തിക്കും. നിരവധി പുത്തന്‍ സവിശേഷതകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു സൂപ്പര്‍ മിനി എസ്‌യുവി മോഡല്‍ തന്നെയാണിതെന്ന് പറയാം. ജര്‍മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും ചെറിയ എസ്‌യുവി പതിപ്പ് എന്ന പ്രത്യേകതയോടെ ആണ് ഈ കുഞ്ഞന്‍ വിപണിയിലെത്തുന്നത്. 4,107 എംഎം നീളവും 1,558 എംഎം ഉയരവും വരുന്ന ടി ക്രോസ്സ് പോളോയെക്കാള്‍ വലുതാണെങ്കിലും ഓഡി ക്യു 2, ടൊയോട്ട സി എച്ച് ആര്‍, ടി റോക് എന്നീ മോഡലുകളെക്കാള്‍ ചെറുതാണ്.

 

ഏറ്റവും നൂതനമായ സാങ്കേതികതകള്‍, പുതിയ എന്‍ജിന്‍, സുരക്ഷ സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഈ പുത്തന്‍ മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എം ക്യു ബി ആര്‍ക്കിടെക്ചര്‍ മുഖേനെയുള്ള ഡിസൈനിങ്ങും ടി റോക് മോഡലിനേക്കാള്‍ വലിപ്പക്കുറവും ടി ക്രോസ്സിനു ആവശ്യക്കാരേറെ ഉള്ള ഒരു എന്‍ട്രി ലെവല്‍ എ ഒ മോഡലിന്റെ പരിവേഷം നല്‍കിയിട്ടുണ്ട്.


വരുന്ന വര്‍ഷങ്ങളില്‍ എസ്‌യുവി ശ്രേണിയില്‍ മികച്ച മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ 2015ല്‍ അറിയിച്ചിരുന്നു. പുതുതലമുറയിലെ പോളോ ഹാച്ച്ബാക്കിനെയും വെന്റോയേയും മറികടക്കുന്ന പ്രകടനവുമായാണ് ഫോക്‌സ്‌വാഗണ്‍ ടി ക്രോസ്സ് എത്തുന്നത്. നിലവില്‍ പുറത്തുവന്ന ചിത്രങ്ങളനുസരിച്ച് ടി ക്രോസ്സിന്റെ ഡിസൈന്‍ ടി റോക്കില്‍ നിന്നും ഉള്‍ക്കൊണ്ടാണ് ചെയ്തിരിക്കുന്നതെന്ന് മനസിലാക്കാം.


വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, ത്രീ സ്ലേറ്റ് ഗ്രില്‍,സില്‍വര്‍ നിറത്തോടുകൂടിയ ബാഷ് പ്ലേറ്റ് എന്നിങ്ങനെ എസ്‌യുവിക്ക് ഒത്ത പ്രത്യേകതകള്‍ എല്ലാം തന്നെ ടി ക്രോസ്സിനുണ്ട്. 1 ലിറ്റര്‍ മുതല്‍ 1.6 ലിറ്റര്‍ വരെ വരുന്ന പെട്രോളിന്റെയും ഡീസലിന്റെയും എന്‍ജിനുകളുമായാണ് ടി ക്രോസ്സ് രംഗത്തെത്തുന്നത്. രണ്ടു തരം വീല്‍ബേസുകളില്‍ ആണ് ടി ക്രോസ്സ് പുറത്തിറക്കിയിരിക്കുന്നത്. അതില്‍ ചെറിയ വീല്‍ ബേസ് വരുന്ന പതിപ്പ് എം ക്യു ബി - എ ഒ പ്ലാറ്റ്‌ഫോമിലാണ് ഘടന.


യൂറോപ്യന്‍ വിപണിയെ കേന്ദ്രീകരിച്ചുള്ള ഈ പതിപ്പ് ആംസ്റ്റര്‍ഡാമിലാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വലിപ്പമേറിയ വീല്‍ബേസ് സൗത്ത് അമേരിക്ക, ഇന്ത്യ, ചൈന പോലുള്ള വളര്‍ന്നു വരുന്ന കമ്പോളങ്ങളെ ലക്ഷ്യമാക്കി ബ്രസീലില്‍ ആണ് പുറത്തിറക്കുന്നത്. ചരിഞ്ഞ പിന്‍സീറ്റുകള്‍ കൂടുതല്‍ ലെഗ് സ്പേസ് മാത്രമല്ല ചെറിയ കാര്‍ഗോ സ്പേസും തരുന്നു.


മുന്നിലെ ഗ്രില്ലിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് വലിപ്പമേറിയ ഹെഡ് ലൈറ്റ് നല്‍കിയിരിക്കുന്നത്. ഡേ ടൈം എല്‍ ഇ ഡി ലാമ്പുകള്‍ക്കിടയില്‍ ചെറിയ ക്രോം ബിറ്റ് കൊടുത്തിട്ടുണ്ട്. മുന്നിലെ ബമ്പറിനു താഴെയായി റബ്ബറിന്റെ ആവരണത്തോടുകൂടിയ ഫോക്സ് അലുമിനിയം പാനല്‍ പിടിപ്പിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഇന്റീരിയര്‍ ലൈറ്റിംഗ്, ഡ്രൈവ് മോഡ് സെലെക്ടര്‍, പനോരമിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് പാര്‍ക്ക് അസ്സിസ്റ്റ്, 10.2 ഇഞ്ച് വരുന്ന ഡിജിറ്റല്‍ കണ്‍സോള്‍ എന്നിങ്ങനെ നീളുന്നു ടി ക്രോസ്സിന്റെ പ്രത്യേകതകള്‍.

 

 

 

 

OTHER SECTIONS