ഹാരിയർ ഡാർക്ക് എഡീഷൻ പുറത്തിറക്കി; വില 16.76 ലക്ഷം

By Sooraj Surendran.31 08 2019

imran-azhar

 

 

കാത്തിരിപ്പുകൾക്കൊടുവിൽ ടാറ്റ മോട്ടോഴ്‌സ് ഹാരിയർ ഡാർക്ക് എഡീഷൻ പുറത്തിറക്കി. അടുത്തിടെ ടാറ്റ പുറത്തിറക്കിയ ഇരട്ട വർണ ഹാരിയറിന്റെ അതേ വിലയിലാണ് ഹാരിയർ ഡാർക്ക് നൈറ്റ് എഡീഷനും ലഭ്യമാകുക. ഡൽഹിയിൽ ഡാർക്ക് എഡീഷന്റെ എക്സ്‌ഷോറൂം വില 16.76 ലക്ഷം രൂപയാണ്. ഹാരിയറിന്റെ ഉയർന്ന മോഡലായ XZ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ഡാർക്ക് എഡിഷൻ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അറ്റ്ലസ് ബ്ലാക്ക് എന്ന പുതിയ നിറവും, വാഹനത്തിനുള്ളിലെ കറുപ്പഴകും ഡാർക്ക് എഡീഷനെ വേറിട്ടുനിർത്തുന്നു. ഡാർക്ക് എഡീഷനിൽ നിരവധി പരിഷ്കാരങ്ങളും, പുത്തൻ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. അറ്റ്ലസ് ബ്ലാക്കിനൊപ്പം 17 ഇഞ്ച് ബ്ലാക്ക്സ്റ്റോൺ അലോയ് വീലുകളും കറുത്ത സ്കഫ് പ്ലേറ്റുകളും ചേരുമ്പോൾ വാഹനം ആകർഷകമാക്കുന്നു. പുറംമോടിയിലെ ഭംഗി ഇന്റീരിയറിലും കൊണ്ടുവരാൻ നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ഡാർക്ക് എഡീഷന്റെ അകത്തളം പൂർണമായും കറുപ്പ് മയമാണ്. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, സ്റ്റിയറിംഗ് മൌണ്ട് ചെയ്ത ഓഡിയോ കൺട്രോൾ, 7 ഇഞ്ച് കളർ എംഐഡി, ക്ലൈമറ്റ് കൺട്രോൾ, 9 സ്പീക്കർ JBL ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഹാരിയറിന്റെ ഡാർക്ക് എഡീഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎസ്-VI 2.0 ലിറ്റർ ‘ക്രയോടെക്' ഡീസൽ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 143 bhp കരുത്തിൽ 350 എൻഎം ടോർക്കും എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിനുള്ളത്. സുരക്ഷയുടെ കാര്യത്തിൽ വീഴ്‌ച വരുത്താത്ത ടാറ്റ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഡാർക്ക് എഡീഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, സീറ്റ് ബെൽറ്റ് റിമൈന്ററുകൾ, ഹൈ സ്പീഡ് വാർണിംഗ്, ഹിൽ-ഡിസന്റ് നിയന്ത്രണം തുടങ്ങിയ സംവിധാനങ്ങൾ ഹാരിയർ ഡാർക്ക് എഡീഷന്റെ പ്രധാന സവിശേഷതകളാണ്. ഡ്യുവൽ-ടോൺ ഓപ്ഷനുകളിൽ കാലിസ്റ്റോ കോപ്പർ / ബ്ലാക്ക്, ഓർക്കസ് വൈറ്റ് / ബ്ലാക്ക് എന്നിവയും ഉൾപ്പെടുന്നു. കിയ സെൽറ്റോസ്, എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ വാഹനങ്ങളാണ് ഇന്ത്യൻ വിപണികളിൽ ഹാരിയർ ഡാർക്ക് എഡീഷന്റെ പ്രധാന എതിരാളികൾ.

 

OTHER SECTIONS