പുത്തന്‍ ഫീച്ചറുകളുമായി യാരിസ്

By Online Desk.09 09 2019

imran-azhar

 

 

ഇരട്ട നിറത്തിലും പുത്തന്‍ അലോയി വീലും ഉള്‍പ്പെടെ നിരവധി പുത്തന്‍ ഫീച്ചറുകളുടെ അകമ്പടിയോടെ ടൊയോട്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ യാരിസ് വീണ്ടുമെത്തി. 8.65 ലക്ഷം രൂപ മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് പുതിയ യാരിസിന്റെ എക്സ്ഷോറൂം വില. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകളിലായി ജെ, ജി, വി എന്നിവയുടെ ഓപ്ഷണല്‍ വേരിയന്റുകളും കൂടുതലായി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ വി-ഓപ്ഷണല്‍ വേരിയന്റാണ് ഇരട്ട നിറങ്ങളില്‍ എത്തുന്നത്. ഇതിന്റെ മാനുവല്‍ മോഡലിന് 11.97 ലക്ഷവും സിവിടി വേരിയന്റിന് 13.17 ലക്ഷം രൂപയുമാണ് വില.


പഴയ ഡിസൈന്‍ ശൈലയില്‍ കൂടുതല്‍ മോടിപിടിപ്പിച്ചാണ് യാരിസ് എത്തിയിട്ടുള്ളത്. കറുപ്പണിഞ്ഞ മുന്നിലെ ബമ്പറും 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും ഡ്യുവല്‍ ടോണ്‍ നിറവും ബ്ലാക്ക് ഫിനീഷിംഗിലുള്ള ബി പില്ലറും ബ്ലാക്ക് മിററും റിയര്‍ സ്പോയിലറുമാണ് എക്സ്റ്റീരിയറിലെ പുതുമകള്‍. ലെതര്‍ സീറ്റുകളും ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവു, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള സ്റ്റീയറിംഗ് വീലും പുതിയ ഗിയര്‍നോബും എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും, ഫ്ളാറ്റ് ഫ്ളോറുമാണ് ഇന്റീരിയറില്‍ ഇത്തവണ വരുത്തിയിട്ടുള്ള പ്രധാന മാറ്റങ്ങള്‍.


ശക്തമായ സുരക്ഷ സംവിധാനങ്ങളും യാരിസിലുണ്ട്. അടിസ്ഥാന മോഡലില്‍ മൂന്നും ഉയര്‍ന്ന വേരിയന്റില്‍ ഏഴും എയര്‍ബാഗ്, പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, ഇബിഡി, സ്്‌റ്റെബിലിറ്റി കണ്‍ട്രോള്‍, നാല് വീലിലും ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് സുരക്ഷ കാര്യക്ഷമമാക്കുന്നത്. എന്‍ജിനിലും ഗിയര്‍ബോക്സിലും മാറ്റം വരുത്തിയിട്ടില്ല. 108 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് ശക്തിപകരുന്നത്. ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് സിവിടിയുമാണ് ട്രാന്‍സ്മിഷന്‍.

 

OTHER SECTIONS