ഡിസംബറോടെ ട്രക്കുകള്‍ക്ക് എ സി ക്യാബിന്‍ നിര്‍ബന്ധമാക്കി

By praveen prasannan.27 Jul, 2017

imran-azhar

ന്യുഡല്‍ഹി: രാജ്യത്തെ ട്രക്കുകളുടെ ഡ്രൈവര്‍ ക്യാബിന്‍ ഡിസംബര്‍ 31നകം ശീതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനാണിത്.

റോഡപകടങ്ങളില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷത്തോളം പേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഒപ്പം മൂന്ന് ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്.

എന്‍ ടു , എന്‍ ത്രി വിഭാഗങ്ങളില്‍ പെടുന്ന ചരക്ക് വാഹനങ്ങള്‍ക്ക് 2017 ഏപ്രില്‍ ഒന്ന് മുതല്‍ ശീതീകരിച്ച ഡ്രൈവര്‍ ക്യാബിന്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ക്യാബിന്‍ ശീതീകരിക്കാനുള്ള കാലപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത , ഹൈവേ, കപ്പല്‍ ഗതാഗത സഹമന്ത്രി മന്‍സുഖ് ലാല്‍ മാണ്ഡവ്യ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭ്യമായ കണക്കുകള്‍ പ്രകാരം ടെന്പോ,ട്രക്ക്, മള്‍ട്ടി ആക്സില്‍ വാഹനം, ട്രാക്ടര്‍ തുടങ്ങിയ ഉള്‍പ്പെട്ട 98, 987 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മൊത്തം അപകടങ്ങളുടെ 19.7 ശതമാനമാണ്.