വാഹനലോകത്തെ താരം ഈ ചൈനീസ് ചെങ്കൊടി

By online desk.14 10 2019

imran-azharചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍പിങ്ങ് മഹാബലിപുരത്തെത്തിയ കറുത്ത കാറാണ് ഇപ്പോള്‍ വാഹന ലോകത്തെ താരം. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് മഹാബലിപുരത്തേക്കുള്ള 57 കിലോമീറ്റര്‍ ദൂരം ചൈനീസ് പ്രസിഡന്റ്് സഞ്ചരിച്ചത് ഈ കാറിലായിരുന്നു. പേര് പോലും വെളിപ്പെടുത്താത്ത ഈ കാര്‍ ഏതെന്നാണ് വാഹന പ്രേമികള്‍ അന്വേഷിക്കുന്നത്. എന്നാല്‍ ഈ വാഹനത്തെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ വെബ്‌സൈറ്റുകളില്‍ നിന്നും കിട്ടുകയില്ല. ചൈനയിലെ പ്രസിദ്ധ വാഹന നിര്‍മ്മാതാക്കളായ ഹോങ്കി നിര്‍മ്മിച്ച ഒരു കാറിലായിരുന്നു ഷീയുടെ യാത്ര. ഇതുവരെ പേര് പുറത്തുവിട്ടിട്ടില്ലാത്ത ഒരു കാറില്‍. പേരില്ലാത്ത കാറെന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടോ? സംഗതി സത്യമാണ്. ചൈനയെപ്പറ്റിയുള്ള മറ്റ് പല കഥകളെയുമെന്നപോലെ ദുരൂഹത നിറഞ്ഞതാണ് ഈ കാറിന്റെ കഥയും.

ചൈനയിലെ ഏറ്റവും പഴക്കം ചെന്ന വാഹന നിര്‍മാതാക്കളായ ഫസ്റ്റ് ഓട്ടോ വര്‍ക്‌സ് (എഫ് എ ഡബ്‌ള്യു) സബ്‌സിഡിയറിയായ ഹോങ്കി മാവോ സേതുങ്ങിന്റെ കാലം മുതല്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ഉപയോഗിക്കുന്ന ആഡംബര ചൈനീസ് കാര്‍ കമ്പനിയാണ്. 1958ലാണ് ഫസ്റ്റ് ഓട്ടോ വര്‍ക്‌സ് (എ എ ഡബ്‌ള്യു) ഗ്രൂപ്പ് ഹോങ്കി തുടങ്ങുന്നത്. ഹോങ്കി എന്നാല്‍ ചെങ്കൊടി എന്നാണ് അര്‍ത്ഥം. ചൈനയില്‍ വില്‍ക്കുന്ന ഏറ്റവും വിലപിടിപിടിപ്പുള്ള ആഡംബര സെഡാനായ എല്‍ 5 നിര്‍മാതാക്കളാണ് ഈ ഹോങ്കി. ഏകദേശം 6 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ വില.
ഈ എല്‍ 5നെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ഷി ചിന്‍പിംഗ് ഉപയോഗിക്കുന്ന കറുത്ത കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ കാര്‍ നിര്‍മ്മാണ ഘട്ടത്തിലെ എന്‍ 501 എന്ന കോഡുനാമത്തില്‍ തന്നെയാണ് ഇപ്പോഴും വിളിക്കപ്പെടുന്നത്. എഫ്എഡബ്‌ള്യുന്റെയോ, ഹോങ്കിയുടെയോ വെബ്സൈറ്റുകളില്‍ ഈ വാഹനത്തെപ്പറ്റിയുള്ള വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. കാറിനെപ്പറ്റിയുള്ള വിവരങ്ങളെല്ലാം അതീവ രഹസ്യമാണെന്ന് ചുരുക്കം. സുരക്ഷാ കാരണങ്ങളാണ് ഈ ദുരൂഹതക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എങ്കിലും ഈ ഷീ ജിന്‍പിംഗിന്റെ ഈ കാറിനെപ്പറ്റിയുള്ള നിരവധി കഥകള്‍ വാഹനലോകത്ത് പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനമായ കാഡിലാക് വണ്ണിനോട് (ദി ബീസ്റ്റ്) കിടപിടിക്കുന്ന സുരക്ഷ സന്നാഹങ്ങളുണ്ട് ഹോങ്കി എന്‍ 501ല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. റോള്‍സ്-റോയ്സ്, ബെന്റ്‌ലി കാറുകള്‍ക്ക് സമാനമായ വാട്ടര്‍ഫോള്‍ സ്‌റ്റൈല്‍ ക്രോം ഗ്രില്ലാണ് എന്‍ 501നും. ഹോങ്കി കാറുകളുടെ മുഖമുദ്രയാണ് ഈ ഗ്രില്ലുകള്‍.

എന്‍ 501ന് ഏകദേശം 5.5 മീറ്റര്‍ നീളമുണ്ടെന്നാണ് കണക്കാക്കുന്നത്. 402 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയമെന്നാണ് വിവരം. ഈ എന്‍ജിന്‍, 8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്തുമെന്നും ഫുള്‍ ടാങ്ക് ഇന്ധനം കൊണ്ട് കാര്‍ 800 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്നും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതാപിയായിരുന്നെങ്കിലും ഇടക്കാലത്ത് പ്രതിസന്ധി നേരിട്ട കഥകളുമുണ്ട് ഹോങ്കിയുടെ ചരിത്രത്തില്‍. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ പ്രിയ വാഹനമായിരുന്നു ഹോങ്കിയെങ്കില്‍ അവര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ന്യൂജന്‍ നേതാക്കള്‍ വിദേശ ആഡംബര വാഹനങ്ങളെ തേടിപ്പോയി. അതോടെ കമ്പനിയുടെ കഷ്ടകാലവും തുടങ്ങി. തുടര്‍ന്ന് 2012ല്‍ വിദേശ നിര്‍മ്മിത ആഡംബര വാഹനങ്ങളെ ഉപേക്ഷിക്കാന്‍ നേതാക്കളോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആവശ്യപ്പെടേണ്ടി വന്നു. ചൈനീസ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതോടെ കമ്പനി പഴയ പ്രതാപവും വീണ്ടെടുത്തു. ഹോങ്കി കാറുകളാണ് ഇപ്പോള്‍ ചൈനയിലെ പല നേതാക്കളുടെയും ഔദ്യോഗിക വാഹനം. ചൈനീസ് വിദേശകാര്യ മന്ത്രിയായ വാംഗ്‌യിയുടെ ഔദ്യോഗിക വാഹനം ഹോങ്കി എച് 7 ആണ്.
എല്‍ 5 കൂടാതെ എച്ച് 5, എച്ച് 7 എന്നീ പേരുകളില്‍ ആഡംബര സെഡാനുകളും എച്ച്എസ് 5, എച്ച്എസ് 7 എന്നീ എസ്യുവികളും ഇ-എച്ച്എസ് 3 എന്ന ഇലക്ട്രിക്ക് എസ്യുവിയും ഹോങ്കി ചൈനയില്‍ വില്‍ക്കുന്നുണ്ട്.

ഇനി വീണ്ടും മഹാബലിപുരം ഉച്ചകോടിയിലേക്ക് വരാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈയില്‍ നിന്ന്് മഹാബലിപുരത്തെത്താന്‍ ഹെലികോപ്റ്റര്‍ തെരെഞ്ഞെടുത്തപ്പോള്‍ ഷീ ജിന്‍പിംഗ് റോഡിലൂടെ പോയത് എന്തിനെന്ന് സംശയിക്കുന്നവരുണ്ടാകും. ചൈനയുടെ പ്രത്യേക സുരക്ഷ നയത്തിന്റെ ഭാഗമായാണ് ഈ റോഡ് യാത്ര. ചൈനീസ് സുരക്ഷ നയങ്ങള്‍ പ്രകാരം തങ്ങളുടെ ഉന്നതരായ രാഷ്ടീയ നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കരുത്. വിമാനവും കാറുമാണ് ചൈനയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുള്ള സഞ്ചാര മാദ്ധ്യമങ്ങള്‍. അതുകൊണ്ട് തന്നെയാണ് ഷി ജിന്‍പിംഗും തന്റെ കറുത്ത കാറിലെത്തിയത്.

 

OTHER SECTIONS