By Online Desk .04 02 2019
കൊച്ചി: ഉടന്‍ വിപണിയിലെത്തുന്ന മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്സ്യുവി 300ന്റെ മൈലേജ് വിവരങ്ങള്‍ പുറത്തുവിട്ട് കമ്പനി. യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിലാണ് മഹീന്ദ്ര പുത്തന്‍ വാഹനമായ എക്സ്യുവി 300 നിരത്തിലിറക്കാന്‍ ഒരുങ്ങുന്നത്. എആര്‍എഐ (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ) കണക്കനുസരിച്ച് പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര നേരത്തെ തുടങ്ങിയിരുന്നു. ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്ന് നേരിട്ടും എക്സ്യുവി 300 ബുക്ക് ചെയ്യാം. 20,000 രൂപ അടച്ച് രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും വാഹനത്തിന്റെ ബുക്കിംഗ് സ്വീകരിക്കും. മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളികളായ സാങ്യോങിന്റെ ചെറു എസ്യുവി ടിവോളിയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനമാണ് എക്സ്യുവി 300
വാഹനത്തിന് അഞ്ച് സീറ്റ്, ഏഴ് സീറ്റ് വകഭേദങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. എസ്201 എന്ന കോഡ് നാമത്തിലാണ് വാഹനം ഇത്രനാളും അറിയപ്പെട്ടിരുന്നത്. ടിവോളിയില്‍ നിന്ന് വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എക്സ്യുവി300 ഉണ്ടാകും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുള്ള കാറിന്റെ പെട്രോള്‍ പതിപ്പില്‍ 1.2 ലീറ്റര്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 1.5 ലീറ്റര്‍ എന്‍ജിനുമുണ്ടാകും. എക്സ്യുവി 500ന് സമാനമായ ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവും വാഹനത്തിന്റെ ഹൃദയം.
123 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ എന്ജിന് സൃഷ്ടിക്കും. 2016 ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര ടിവോളിയെ പ്രദര്‍ശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയില്‍ സാങ്യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവില്‍ 1.6 ലീറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളാണ് ടിവോളിയിലുള്ളത്. നാലുമീറ്ററില്‍ താഴെ നീളവുമായി എത്തുന്ന അഞ്ചു സീറ്റര്‍ വകഭേദം മാരുതി ബ്രെസയ്ക്കൊപ്പം ടാറ്റ നെക്സോണ്‍, ഫോഡ് ഇക്കോസ്പോര്‍ട് എന്നിവയുമായി മത്സരിക്കുമ്പോള്‍ നാലു മീറ്ററിനു മുകളില്‍ നീളമുള്ള ഏഴു സീറ്റര്‍ മോഡല്‍ ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റര്‍ തുടങ്ങിയ വാഹനങ്ങളുമായി എതിരിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴു മുതല്‍ 12 ലക്ഷം വരെയായിരിക്കും എക്സ്യുവി 300 ന്റെ വില.