വോളിബോളിന്റെ വളര്‍ച്ചയ്ക്കായി ഗോകുലവും എമ്രാള്‍ഡും കൈകോര്‍ക്കുന്നു

By Raji Mejo.08 Feb, 2018

imran-azhar

കൊച്ചി: കേരളത്തില്‍ വോളിബോളിന്റെ വളര്‍ച്ചയ്ക്കായി വ്യവസായി ഗ്രൂപ്പുകളായ ഗോകുലവും എമ്രാള്‍ഡും കൈകോര്‍ക്കുന്നു. കോഴിക്കോട് നടക്കുന്ന 66 മത് ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ നടത്തിപ്പില്‍ മുഖ്യപങ്കാളികളായാണ് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനും എമറാള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ പി വി ഫൈസലും കൈകോര്‍ക്കുന്നത്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കേരളം ആതിഥ്യമേകുന്നത്. ഫെബ്രുവരി 21 മുതല്‍ 28 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.

28 പുരുഷ ടീമുകളും 26 വനിത ടീമുകളുമാണ് മത്സരിക്കാന്‍ എത്തുന്നത്. ദേശീയ വോളി ചാംപ്യന്‍ഷിപ്പിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് ശ്രീഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്. ശ്രീ ഗോകുലം 56- മത് ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് എന്ന പേരിലാണ് ചാംപ്യന്‍ഷിപ്പ് അറിയപ്പെടുക. ചാംപ്യന്‍ഷിപ്പിന്റെ ഇവന്റ് കൈകാര്യം ചെയ്യുന്നത് എമ്രാള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സംഘാകസമിതി ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനുമായ പി വി ഫൈസലാണ്. കേരളത്തില് വോളിബോളിന്റെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇരു ബിസിനസ് ഗ്രൂപ്പുകളും കൈകോര്‍ക്കുന്നത്.

20ന് വൈകിട്ട് അഞ്ചിന് കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വോളി ചാപ്യംന്‍ഷിപ്പിന്റെ പ്രചരണാര്‍ത്ഥം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് കെ സി ഏലമ്മയുടെ നേതൃത്വത്തില്‍ ദീപശിഖ പ്രയാണം നടത്തും.

ജിമ്മി ജോര്‍ജ്ജ് ഉള്‍പ്പെടെ നിരവധി താരങ്ങളെ വളര്‍ത്തിയ അച്യൂത കുറുപ്പിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും 18ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം വയനാട്, കണ്ണൂര്‍ജില്ലകളില്‍ പര്യടനം നടത്തും. സീനിയര്‍ താരങ്ങള്‍ക്കും പ്രിവിലേജ് കാര്‍ഡുകളും സമ്മാനിക്കും. ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് എക്‌സ്‌പോ ഉള്‍പ്പെടെ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള വനിതാ, പുരുഷ ടീമുകളെ ദേശീയ ചാംപ്യന്‍ഷിപ്പില്‍ നിന്നാണ് തിരഞ്ഞെടുക്കുന്നത്.

OTHER SECTIONS