വിലക്കയറ്റം നേരിടാന്‍ :യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക്, ഇന്ത്യക്ക് വന്‍തിരിച്ചടി

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം പലിശ ഉയര്‍ത്തിയത് രാജ്യാന്തര തലത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും

author-image
parvathyanoop
New Update
വിലക്കയറ്റം നേരിടാന്‍ :യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക്, ഇന്ത്യക്ക് വന്‍തിരിച്ചടി

കൊച്ചി: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 0.75 ശതമാനം പലിശ ഉയര്‍ത്തിയത് രാജ്യാന്തര തലത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് 0.75 ശതമാനം വര്‍ധന ഫെഡറല്‍ റിസര്‍വ് നടത്തുന്നത്. വിലക്കയറ്റം നേരിടാന്‍ യുഎസ് പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് പക്ഷേ ഇന്ത്യയേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.ഇന്ത്യ പോലുള്ള വികസ്വര വിപണികളുടെ ആകര്‍ഷണീയത വിദേശ നിക്ഷേപകരുടെ ഇടയില്‍ വീണ്ടും ഇടിയാന്‍ ഇത് കാരണമാകും.

വിദേശ നിക്ഷേപകര്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഓഹരി വിപണികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതു തുടരുകയും ചെയ്യും. നിക്ഷേപം തിരികെ എത്തുന്നതിന് അനുസരിച്ച് ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കും. ഇത് ഇന്ത്യന്‍ രൂപയെ കൂടുതല്‍ തളര്‍ത്തും. രൂപയുടെ തളര്‍ച്ച ഇന്ത്യയുടെ ഇറക്കുമതി ചെലവു വലിയതോതില്‍ കൂട്ടും. നിലവില്‍ 120 ഡോളറിനു മുകളിലാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതും പണം ഡോളറില്‍ നല്‍കി.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇടിയുന്നതിനനുസരിച്ച് എണ്ണ വാങ്ങാന്‍ കൂടുതല്‍ പണം രാജ്യം ചെലവാക്കേണ്ടിവരും.ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ അതിന്റെ പ്രതിഫലനം ലോകരാജ്യങ്ങളിലെല്ലാമുണ്ടാകും. ഓരോ രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയെ ഫെഡറല്‍ റിസര്‍വിന്റെ അടിസ്ഥാന നിരക്ക് ബാധിക്കും. മാത്രമല്ല, രാജ്യാന്തര തലത്തിലെ പ്രതിസന്ധികള്‍ കൊണ്ടുണ്ടാകുന്ന ഈ പണപ്പെരുപ്പം ലോകരാജ്യങ്ങള്‍ക്കെല്ലാം ഭീഷണിയുമാണ്. ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം 50 ബേസിസ് പോയിന്റ് കൂട്ടിയിരുന്നു. ഇത് ഇന്ത്യ അടക്കമുള്ള സമ്പദ്വ്യവസ്ഥകളെ സമാനതയില്ലാത്ത തരത്തില്‍ ബാധിക്കും. വിദേശ നിക്ഷേപകരുടെ പിന്‍വലിക്കല്‍ ഡോളറിലായതിനാല്‍ ഡോളര്‍ ഡിമാന്‍ഡ് ഉയരും.

ഡോളറിനെതിരെ രൂപ മാത്രമല്ല, എല്ലാ രാജ്യങ്ങളുടെയും കറന്‍സികള്‍ ദുര്‍ബലമാകാന്‍ ഈ പലിശ ഉയര്‍ത്തല്‍ ഇടയാക്കും. ഓഹരികള്‍ വിറ്റ് നിക്ഷേപം മടക്കിക്കൊണ്ടുപോകുന്നത് രാജ്യത്തെ ആഭ്യന്തര നിക്ഷേപകര്‍ക്ക് ഭീമമായ നഷ്ടം വരുത്തും. ഡോളര്‍ ക്ഷാമവുമുണ്ടാക്കും. ഡോളറിനെതിരെ രൂപയുടെ വില കുറയുന്നത് രാജ്യത്തിന്റെ ഇറക്കുമതി ചെലവു വന്‍തോതില്‍ കൂട്ടാന്‍ ഇടയാക്കും. റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂലം ക്രൂഡ് ഓയില്‍ വില കുതിച്ചു കയറുമ്പോഴാണ് രൂപ ഡോളറിനെതിരെ തളരുന്നത്. ഇന്ധനത്തിന്റെ ഇറക്കുമതിച്ചെലവേറുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂട്ടും. ഇത് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കിനെയും പിന്നോട്ടടിക്കും. ഇന്ധന നികുതി ഇനിയും കൂട്ടാന്‍ ഒരുപക്ഷേ, സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.

നിരക്കുയര്‍ത്താനുള്ള അമേരിക്കയുടെ തീരുമാനത്തോടു ഇന്ത്യന്‍ വിപണിയും നെഗറ്റീവായിത്തന്നെയാവും പ്രതികരിക്കുക. പലിശ നിരക്കു ഉയര്‍ത്തുന്നത് ഓഹരി വിപണികളിലെ നിക്ഷേപങ്ങളുടെ ആകര്‍ഷണീയത കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് പണലഭ്യത കുറയുന്നതു മൂലമുള്ള ഡിമാന്‍ഡ് ഇടിവ് കമ്പനികളെ ബാധിക്കുകയും ചെയ്യും. ഡിമാന്‍ഡ് കുറയുന്നത് കമ്പനികളുടെ വരുമാനം കുറയ്ക്കും. ഇതും ഓഹരികളുടെ വിലയെ സ്വാധീനിക്കും.

india us