രാജ്യത്ത് ഇതാദ്യം, തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഡാറ്റാ സെന്റർ സ്ഥാപിക്കാൻ റിലയൻസ്

തൊഴിലും വിദ്യാഭ്യാസവും തേടി യുവതലമുറ കേരളത്തിന് പുറത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു.

author-image
Greeshma Rakesh
New Update
രാജ്യത്ത് ഇതാദ്യം, തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഡാറ്റാ സെന്റർ സ്ഥാപിക്കാൻ റിലയൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂ ജനറേഷൻ ഡാറ്റാ സെന്ററും കേബിൾ സ്റ്റേഷനും സ്ഥാപിക്കുമെന്ന് റിലയൻസ് അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം.

തൊഴിലും വിദ്യാഭ്യാസവും തേടി യുവതലമുറ കേരളത്തിന് പുറത്തേക്ക് പോകുന്ന പ്രവണത കുറയ്ക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് പ്രസിഡന്റ് മാത്യു ഉമ്മൻ പറഞ്ഞു.

കേരളീയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്ന കേരള ബ്രാൻഡ് നോളജ് എക്കണോമി പരിവർത്തനത്തിന് അനുകൂലമായ വിധത്തിലാകും ഇത് സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതു സംബന്ധിച്ച ആദ്യ ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.ഊർജം, തൊഴിൽ, മെഡിക്കൽ, വിദ്യാഭ്യാസം, ഐടി, ടൂറിസം തുടങ്ങിയ മേഖലകളെ രാജ്യാന്തര തലത്തിൽ ബന്ധിപ്പിക്കുകയും അതുവഴി സംസ്ഥാനത്ത് കൂടുതൽ തൊഴിൽ, വ്യാവസായിക അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

പദ്ധതി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.തിരുവനന്തപുരത്താകും ഇത് സ്ഥാപിക്കുക.സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കും.പലപ്പോഴും മെച്ചപ്പെട്ട വേതനത്തിൽ തൊഴിൽ നൽകാൻ സംസ്ഥാനത്തിന് കഴിയാതെ പോകുന്നതാണ് യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതിനു പിന്നിലെ പ്രധാന കാരണം.

ഇത്തരത്തിൽ യുവാക്കൾ വിദേശത്തേക്ക് കുടിയേറുന്നത് സാമ്പത്തികമായും ബൗദ്ധികമായും തിരിച്ചടിയുണ്ടാക്കുന്നതിനു കാരണമാകുമെന്ന ആശങ്കയിലാണ് സർക്കാർ.

RELIANCE international data center