സംസ്ഥാനത്തെ 50 എന്‍ജി. കോളജുകളില്‍ നൂതന ഐടി പരിശീലന പരിപാടി: ഐടി സെക്രട്ടറി

By Raji Mejo.06 Apr, 2018

imran-azhar

 

തിരുവനന്തപുരം: സാങ്കേതികവിദ്യാ രംഗത്ത് രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ഒരുങ്ങുന്ന കേരളത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് സാങ്കേതിക നൈപുണ്യം മെച്ചപ്പെടുത്താന്‍ കേരള ഐസിടി അക്കാദമിയും സിസ്‌കോ ഇന്ത്യയും സഹകരിച്ച് സിസ്‌കോ നെറ്റ്വര്‍ക്കിങ് പ്രോഗ്രാം കേരളത്തില്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന ഐടി സെക്രട്ടറി ശ്രീ.എം.ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംരംഭക സമ്മേളനങ്ങളിലൊന്നായ 'ഹഡില്‍ കേരള'യുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഭാവിസാധ്യതകളേറെയുള്ള കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് മേഖലയില്‍ നൈപുണ്യമുള്ള യുവാക്കളെ സൃഷ്ടിക്കുകയാണ് സിസ്‌കോ നെറ്റ്വര്‍ക്കിങ് പ്രോഗ്രാമിന്റെ ലക്ഷ്യം. കേരളത്തിലെ 50 എന്‍ജിനീയറിങ് കോളജുകളില്‍ അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഈ പദ്ധതി നടപ്പിലാകും. പദ്ധതി നടപ്പാക്കല്‍ സംബന്ധിച്ച ധാരണാപത്രം ഹഡില്‍ കേരളയില്‍ ഒപ്പുവയ്ക്കും.

ഈ പദ്ധതിയിലൂടെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് കോഴ്‌സുകള്‍ തുടങ്ങാനാകും. നെറ്റ്വര്‍ക്കിങ് നൈപുണ്യം യുവാക്കള്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് സിസ്‌കോ ഇന്ത്യ സിഇഒ ശ്രീ. ഹരീഷ് കൃഷ്ണന്‍ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകളുടെ ആസ്ഥാനമാകുന്നതോടെ ഈ രംഗത്ത് കേരളം രാജ്യത്തെ നയിക്കുമെന്നും ശ്രീ. ഹരീഷ് പറഞ്ഞു. ഐടി-നെറ്റ്വര്‍ക്കിങ് മേഖലയിലെ പ്രമുഖ ആഗോള കമ്പനിയായ സിസ്‌കോ സിസ്റ്റംസ് ഇന്‍കോര്‍പറേറ്റഡിന്റെ ഇന്ത്യന്‍ ശാഖയാണ് സിസ്‌കോ ഇന്ത്യ.

കേരള സര്‍ക്കാരിന്റെ ഐടി ഗവേഷണ-ഉന്നതപഠനസ്ഥാപനമായ ഐഐഐടിഎം-കെയും സിസ്‌കോ ഇന്ത്യയുമായി ചേര്‍ന്ന് ഐഒടി(ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) നെറ്റ്വര്‍ക്കിങ് ഇന്‍കുബേഷനു വേണ്ടി തിങ്കുബേറ്റര്‍ പദ്ധതി നടപ്പിലാക്കുമെന്നും ഐടി സെക്രട്ടറി അറിയിച്ചു. സിസ്‌കോയുടെ ഇന്ത്യയിലെ ആദ്യ തിങ്കുബേറ്റര്‍ ആണ് കേരളത്തില്‍ വരുന്നത്. ഇന്ത്യയിലെ ഐടി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ നാസ്‌കോം ആയിരിക്കും പദ്ധതി കൈകാര്യം ചെയ്യുന്നതെന്നും ശ്രീ ശിവശങ്കര്‍ പറഞ്ഞു. 50 കോടിയിലേറെ വസ്തുക്കളുടെ ശൃംഖല തീര്‍ക്കുന്ന ഐഒടിയില്‍ വൈദഗ്ധ്യം നേടുന്നതിലൂടെ കുട്ടികള്‍ക്ക് ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിങ്ങില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ മേഖലകളില്‍ പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് ലോകപ്രശസ്ത സാങ്കേതികവിദ്യാ ബൗദ്ധികകേന്ദ്രമായി അറിയപ്പെടുന്ന സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റിയുടെ ഗ്ലോബല്‍ ഇംപാക്ട് ചാലഞ്ച് എന്ന പരിപാടിക്കും കേരളം ആതിഥ്യം വഹിക്കുമെന്ന് ശ്രീ. ശിവശങ്കര്‍ അറിയിച്ചു. സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ഇതില്‍ പങ്കെടുക്കുക. വിജയികള്‍ക്ക് സെപ്റ്റംബറില്‍ നടക്കുന്ന എസ്യു വെഞ്ച്വേഴ്‌സ് ഇന്‍കുബേറ്റര്‍ പ്രോഗ്രാമില്‍ പ്രവേശനം നേടാം. സമൂഹത്തിന് മേ?യുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സഹായിക്കുന്ന പത്താഴ്ച നീളുന്ന ഇന്‍കുബേറ്റര്‍ പ്രോഗ്രാമാണിത്.

ഔദ്യോഗിക പരിപാടികള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമുപരിയായി അനൗദ്യോഗിക സംഗമങ്ങളായിരിക്കും ഹഡില്‍ കേരളയുടെ ലക്ഷ്യം കൈവരിക്കാന്‍ ഏറെ സഹായിക്കുകയെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍(കെഎസ്യുഎം) സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വിദേശ സ്റ്റാര്‍ട്ടപ്പുകളുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹകരിക്കാനും വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാനുമുള്ള അവസരങ്ങള്‍ ഹഡിലുകളിലൂടെ ലഭിക്കും. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കണ്ടറിയാനും നിക്ഷേപസാധ്യതകള്‍ തിരിച്ചറിയാനും സഹായിക്കുന്ന നിര്‍ണായക പരിപാടിയാവും ഹഡില്‍ കേരളയെന്നും ഇത് എല്ലാ വര്‍ഷവും തുടരാനാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിങ് ഇന്‍കുബേറ്റര്‍ ആയ തിങ്കുബേറ്ററിന് ഐഒടി സാങ്കേതിക വിദ്യ നല്‍കുകയും മെന്ററിങ് നിര്‍വഹിക്കുകയുമാവും നാസ്‌കോമിന്റെ ദൗത്യമെന്ന് നാസ്‌കോം ഫൗണ്ടേഷന്‍ സിഇഒ ശ്രീ. ശ്രീകാന്ത് സിന്‍ഹ പറഞ്ഞു. ഐഒടിയില്‍ അധിഷ്ഠിതമായ സാങ്കേതങ്ങള്‍ നിലവില്‍ വരുമ്പോള്‍ രാജ്യത്തെ പ്രശ്‌നപരിഹാരത്തിനായി വിദേശത്തെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ) പ്രസിഡന്റ് സുബഹോ റായ് പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ), ഐഎഎംഎഐ സ്റ്റാര്‍ട്ടപ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഹഡില്‍ കേരള നടക്കുന്നത്.

 

 

OTHER SECTIONS