എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍ നവംബര്‍ 22ന്

മുംബൈ: എന്‍ഡിടിവിയില്‍ 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫറിനായി അദാനി ഗ്രൂപ്പ് പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചതായി ന്യൂസ് ബ്രോഡ്കാസ്റ്റര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി

author-image
Shyma Mohan
New Update
എന്‍ഡിടിവി ഓപ്പണ്‍ ഓഫര്‍ നവംബര്‍ 22ന്

മുംബൈ: എന്‍ഡിടിവിയില്‍ 26 ശതമാനം അധിക ഓഹരികള്‍ സ്വന്തമാക്കാനുള്ള ഓപ്പണ്‍ ഓഫറിനായി അദാനി ഗ്രൂപ്പ് പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചതായി ന്യൂസ് ബ്രോഡ്കാസ്റ്റര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി.

അദാനി ഓപ്പണ്‍ ഓഫര്‍ നവംബര്‍ 22ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കും. ഡിസംബര്‍ 5 വരെയാകും സബ്സ്‌ക്രിപ്ഷന്‍. അദാനിയുടെ ഓപ്പണ്‍ ഓഫറിന്റെ മുന്‍ ടൈംലൈന്‍ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 1 വരെയായിരുന്നു. എന്‍ഡിടിവിയിലെ അധിക ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള നീക്കം അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നു.

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ സ്ഥാപനമായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗില്‍ 99.99 ശതമാനം ഓഹരിയുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ (വിസിപിഎല്‍) ഏറ്റെടുക്കുന്നതിലൂടെ വാര്‍ത്താ ശൃംഖലയില്‍ 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനുള്ള പദ്ധതി ഓഗസ്റ്റില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഒരു ഓപ്പണ്‍ ഓഫറിനുള്ള സാധ്യതയായിരുന്നു ഇതോടെ തെളിഞ്ഞത്.

ആര്‍ആര്‍പിആറില്‍ നിന്നു വിസിപിഎല്ലിലേക്കുള്ള ഓഹരി കൈമാറ്റത്തിന്റെ അവസ്ഥ പരിഗണിക്കാതെ തന്നെ ഓപ്പണ്‍ ഓഫര്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സെബിക്ക് അയച്ച കത്തില്‍ അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഓപ്പണ്‍ ഓഫറുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത ഡ്രാഫ്റ്റ് ലെറ്റര്‍ ഓഫ് ഓഫറില്‍ (ഡിഎല്‍ഒഎഫ്) സെബിയുടെ നീരീക്ഷണങ്ങളും കമ്പനി ആരാഞ്ഞിരുന്നു.

എന്നാല്‍ ഈ വര്‍ഷം ജൂലൈ 20 ന് സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്എടി) പുറപ്പെടുവിച്ച ഉത്തരവിനും എന്‍ഡിടിവിക്കും എതിരേ സെബി അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് വിഷയം സുപ്രീം കോടതി കയറുകയായിരുന്നു. നേരത്തെ ഇതേ ഉത്തരവിനെതിരെ എന്‍ഡിടിവി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Adani group to launch open offer for NDTV