ബൈജൂസ് ആപ് കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ആപ്പ് ആയ ബൈജൂസ് തിങ്ക് ആന്റ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

author-image
Shyma Mohan
New Update
ബൈജൂസ് ആപ് കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ ആപ്പ് ആയ ബൈജൂസ് തിങ്ക് ആന്റ് ലേണ്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ കേരളത്തിലെ ഏക ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ടെക്‌നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിംഗിലാണ് ബൈജൂസ് ഡെവലപ്പ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാജി നല്‍കാന്‍ കമ്പനി സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് വിവരം. 170 ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ടെക്‌നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇടപെടിട്ടുണ്ട്. ജീവനക്കാരും പ്രതിധ്വനി പ്രതിനിധികളുമായും ലേബര്‍ കമ്മീഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടം എന്ന നിലയില്‍ കമ്പനി മാനേജ്‌മെന്റുമായി സംസാരിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. തൊഴില്‍ വകുപ്പ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ആപ്പില്‍ നിന്ന് മാറി ഓഫ്‌ലൈന്‍ ട്യൂഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ബൈജൂസിലെ കൂട്ട പിരിച്ചുവിടല്‍. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 2500 ജീവനക്കാരെ പിരിച്ചുവിടാനാണ് ആപ്പിന്റെ നീക്കം. ഓഫ്‌ലൈന്‍ ട്യൂഷന്റെ ഭാഗമായി അധ്യാപകരെ കമ്പനി നിയമിച്ചുവരികയാണ്.

അതേസമയം നോട്ടീസ് പോലും ഇല്ലാതെ ആപ് ഡെവലപ്പ്‌മെന്റ് ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഐടി രംഗത്തുള്ളവര്‍ ആരോപിക്കുന്നു. നഷ്ടപരിഹാരമായി മൂന്നുമാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

അഞ്ചുശതമാനം ജീവനക്കാരെ കുറയ്ക്കാന്‍ തീരുമാനിച്ചതായി കമ്പനി സംഭവത്തില്‍ പ്രതികരണം നടത്തി. അതിന്റെ ഭാഗമായാണ് ചിലരോട് രാജി ആവശ്യപ്പെട്ടിട്ടുള്ളതെന്നും ബൈജൂസ് വക്താവ് പറഞ്ഞു. തിരുവനന്തപുരത്തുള്ള ജീവനക്കാര്‍ക്ക് ബംഗളുരുവിലേക്ക് മാറാനുള്ള സൗകര്യം നല്‍കിയിട്ടുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.

 

 

byjus app