കോവിഡിലും തിളക്കം; ടെക്നോപാര്‍ക്കിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിംഗ്

By Web Desk.24 07 2021

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്കുകളില്‍ ഒന്നായ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് മികച്ച ക്രെഡിറ്റ് റേറ്റിങ് ലഭിച്ചു. ക്രിസില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിങ്ങില്‍ ടെക്നോപാര്‍ക്കിന് 'എ പ്ലസ്/സ്റ്റേബ്ള്‍' ലഭിച്ചു. ആദ്യമായാണ് ടെക്നോപാര്‍ക്കിന് ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് ലഭിക്കുന്നത്. ദീര്‍ഘകാല സാമ്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്നോപാര്‍ക്കിന് ഉയര്‍ന്ന സുരക്ഷിതത്വമുള്ള റേറ്റിങ് നേടിക്കൊടുത്തത്. രണ്ടു വര്‍ഷമായി 'എ/സ്റ്റേബ്ള്‍' ആയിരുന്ന റേറ്റിങ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്നോപാര്‍ക്ക് മെച്ചപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ടെക്നോപാര്‍ക്ക് കാഴ്ചവച്ച വായ്പാ തിരിച്ചടവിലെ കൃത്യത, സാമ്പത്തിക അച്ചടക്കം എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ഫെയ്സ് ഒന്നിലേയും ഫെയ്സ് മൂന്നിലേയും ഐടി ഇടങ്ങള്‍ പൂര്‍ണമായും വാടകയ്ക്ക് നല്‍കിയതും മുടക്കമില്ലാത്ത പണലഭ്യതയും വൈവിധ്യമാര്‍ന്ന ഇടപാടുകാരും ദീര്‍ഘ കാല പാട്ടക്കരാറുകളുമാണ് ടെക്നോപാര്‍ക്കിന്‍റെ കരുത്ത്.

 

'ആഗോള തലത്തില്‍ തന്നെ കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ടെക്നോപാര്‍ക്കിന് സ്വന്തം കരുത്തിലൂടെ സാമ്പത്തിക സ്ഥിരതയും പ്രകടന മികവും നിലനിര്‍ത്താനായി. ഈ മഹാമാരിക്കാലത്തും നാല്‍പതോളം പുതിയ കമ്പനികള്‍ ടെക്നോപാര്‍ക്കിലെത്തിയത് ഇവിടുത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണ്'- ടെക്നോപാര്‍ക്ക് സിഇഒ ജോണ്‍.എം.തോമസ് പറഞ്ഞു.

 

'കരുത്തുറ്റ വായ്പാ സുരക്ഷാ ക്രമീകരണങ്ങളും പണലഭ്യതയും ഒപ്പം ആരോഗ്യകരമായ പ്രവര്‍ത്തനക്ഷമതയും കമ്പനികളുടെ വൈവിധ്യവുമാണ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ കമ്പനികള്‍ക്ക് ആശ്വാസമെന്ന നിലയില്‍ വാടക ഇളവ് നല്‍കുകയും വാര്‍ഷിക വര്‍ധന ഒഴിവാക്കുകയും ചെയ്തെങ്കിലും ടെക്നോപാര്‍ക്കിന്‍റെ പണലഭ്യത മികച്ച നിലയില്‍ തന്നെയായിരുന്നു'- ടെക്നോപാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസര്‍ എല്‍. ജയന്തി പറഞ്ഞു.

 

ടെക്നോപാര്‍ക്ക് ഒന്ന്, മൂന്നു ഫേസുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. ഇന്‍ഫോസിസ്,യുഎസ്ടി ഗ്ലോബല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഏണസ്റ്റ് & യംഗ്, അലയന്‍സ്, ഐബിഎസ് സോഫ്റ്റ്വെയര്‍, ഒറക്കിള്‍, നിസ്സാന്‍, ഗൈഡ് ഹൗസ്,സണ്‍ ടെക് , ടാറ്റ എല്‍ക്സി, ഇന്‍വെസ്റ്റ് നെറ്റ്, ക്വസ്റ്റ് ഗ്ലോബല്‍, തുടങ്ങിയ പ്രശസ്ത കമ്പനികളും നിലവില്‍ ടെക്നോപാര്‍ക്കിലെ കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കൂടാതെ ടെക്നോപാര്‍ക്കിന്‍റെ വര്‍ദ്ധിച്ചുവരുന്ന ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യത്തില്‍ കോ-ഡവലപ്പര്‍മാരായ എംബസി-ടോറസ്, ബ്രിഗേഡ് എന്‍റര്‍പ്രൈസസ്, കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്ക്, സീവ്യൂ, ആംസ്റ്റര്‍ ഹൌസ് , എം-സ്ക്വയര്‍ എന്നിവയുടെ ശക്തമായ പിന്തുണയുമുണ്ട്.

 

OTHER SECTIONS