/kalakaumudi/media/post_banners/45030a7bdc650699f78759be31c61c2e04292c2f2105205521604a4f6050c891.jpg)
ന്യൂഡല്‍ഹി: സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ സജീവമാക്കുന്നതിനാണിത്.
റിയല്‍ എസ്‌റ്റേറ്റ് മേഖല 5.5 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏഴു ശതമാനം സംഭാവന ചെയ്യുന്നതും റിയല്‍ എസ്‌റ്റേറ്റ് മേഖലയാണ്. മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തി രാജ്യത്തിന്റെ സാമ്പത്തിക തിരിച്ചുവരവിന് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജിഡിപിയുടെ 15 ശതമാനമായി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന-നഗരകാര്യ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര പറയുന്നു.
21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയില്‍ വിലമതിക്കുന്ന വസ്തുക്കളുടെ സ്റ്റാംപ് ഡ്യൂട്ടി അഞ്ചില്‍ നിന്ന് മൂന്നു ശതമാനമാക്കി കഴിഞ്ഞ മേയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മഹാരാഷ്ട്രയാണ് ഏറ്റവും വലിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
രാജ്യത്തെ ഏറ്റവും ചെലവേറിയ റിയല്‍ എസ്റ്റേറ്റ് വിപണിയായ സംസ്ഥാനത്ത് സ്റ്റാംപ് ഡ്യൂട്ടി 2020 ഡിസംബര്‍ വരെ അഞ്ചു ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമായാണ് കുറച്ചത്. ജനുവരി-മാര്‍ച്ച് 2021 കാലയളവില്‍ മൂന്നു ശതമാനമായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര് ഉത്തരവിറക്കി. ഈ നടപടിയുടെ ഭാഗമായി ഒക്ടോബറില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 36 ശതമാനം അധിക വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ട്. ഏറ്റവും ഉയര്‍ന്ന നാലാമത്തെ വില്‍പ്പനയാണ് ഒക്ടോബറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
രാജ്യത്ത് തന്നെ വസ്തു രജിസ്‌ട്രേഷന് ഉയര്‍ന്ന തുക ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. ദക്ഷിണേന്ത്യയില്‍ കേരളത്തിനൊപ്പം തമിഴ്‌നാടും ഇക്കാര്യത്തില്‍ മുന്നലാണ്. സ്റ്റാംപ് ഡ്യൂട്ടി എട്ടു ശതമാനവും രജിസ്ട്രഷന് ഫീസ് രണ്ടു ശതമാനവുമടക്കം 10 ശതമാനം തുക കേരളത്തില്‍ വസ്തു വാങ്ങുന്നവര്‍ സര്‍ക്കാരിലേക്ക് അടക്കണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
