ഇന്ധന വില വീണ്ടും കുതിക്കുന്നു: ക്രൂഡ് ഓയില്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

By parvathyanoop.12 06 2022

imran-azhar

റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവിതരണശ്യംഖലയിലുണ്ടായ പ്രശ്‌നം രാജ്യങ്ങളില്‍ ക്രൂഡ് ഓയില്‍ വര്‍ധനവിന് കാരണായി. എക്സൈസ് തീരുവ കുറച്ചതിനാല്‍ രാജ്യത്ത് ഇന്ധനവിലയില്‍ ആശ്വാസം നിലനില്‍ക്കുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ബാസ്‌കറ്റ് എത്തിനില്‍ക്കുന്നത്. ജൂണ്‍ 9ന് ക്രൂഡ് ഓയില്‍ ബാരലിന് 121 ഡോളറിലേക്കാണ് കുതിച്ചത്. 2012 മാര്‍ച്ച് മാസത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രൂഡ് ബാസ്‌കറ്റ് ഈ വില തൊടുന്നത്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം ഇന്ധന വിതരണ ശ്രംഖലയില്‍ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

 

ഇത് രാജ്യങ്ങളില്‍ ക്രൂഡ് ഓയിലിന് ഡിമാന്റ് വര്‍ധിക്കാന്‍ കാരണമായി. ഈ പശ്ചാത്തലത്തില്‍ മെയ് അവസാന വാരം അന്താരാഷ്ട്ര എണ്ണവില ബാരലിന് 115 ഡോളറിന് മുകളില്‍ ഉയര്‍ന്നിരുന്നു. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 85 ശതമാനവും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ ഇന്ത്യയിലെ ഇന്ധന വില ഏതാണ്ട് പൂര്‍ണ്ണമായും അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ രാജ്യത്ത് ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ധനവില കുതിക്കാന്‍ ഇടയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാജ്യത്ത് ഇന്ധനവില കുറച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.പണപ്പെരുപ്പം രൂക്ഷമായതിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഇന്ധനവില വര്‍ധനവ് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

 

OTHER SECTIONS