എച്ച്ഡിഎഫ്സി ബാങ്കിന് വന്‍ മുന്നേറ്റം; ലോകത്തില്‍ നാലാം സ്ഥാനത്ത്

എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്-എച്ച്ഡിഎഫ്സി ലയനം പൂര്‍ത്തിയായി. ഇതോടെ ആഗോളതലത്തില്‍ വിപണിമൂല്യത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

author-image
Web Desk
New Update
എച്ച്ഡിഎഫ്സി ബാങ്കിന് വന്‍ മുന്നേറ്റം; ലോകത്തില്‍ നാലാം സ്ഥാനത്ത്

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്-എച്ച്ഡിഎഫ്സി ലയനം പൂര്‍ത്തിയായി. ഇതോടെ ആഗോളതലത്തില്‍ വിപണിമൂല്യത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍ എന്നിവയാണ് ബാങ്കിംഗ് രംഗത്ത് ലോകത്ത് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. എച്ച്എസ്ബിസിയെയും സിറ്റി ഗ്രൂപ്പിനെയും എച്ച്ഡിഎഫ്സി പിന്തള്ളി.

നിബന്ധനകള്‍ പ്രകാരം എച്ച്ഡിഎഫ്സിയുടെ ഓരോ 25 ഓഹരികള്‍ക്കും എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും. ഈ മാസം 13 മുതല്‍ എച്ച്ഡിഎഫ്‌സി ഓഹരികള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളായി വ്യാപാരം ചെയ്യപ്പെടും. എച്ച്ഡിഎഫ്സിയില്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കില്‍ അവരുടെ സ്ഥിര നിക്ഷേപ അക്കൗണ്ട് തുടരണോ അതോ പിന്‍വലിക്കണോ എന്ന് തീരുമാനിക്കാം.

2022 ഏപ്രില്‍ നാലിനായിരുന്നു ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലയനം പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന് ഏകദേശം 120 ദശലക്ഷം ഉപഭോക്താക്കളുണ്ടാകും. ഇത് ജര്‍മ്മനി പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യയെ മറികടക്കുന്നുണ്ട്. ശാഖകളടെ എണ്ണം 8,300 ആയി ഉയര്‍ന്നിട്ടുണ്ട്. 60 വയസ്സിന് താഴെയുള്ള എല്ലാ എച്ച്ഡിഎഫ്‌സി ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നതിനാല്‍ 1,77,000 ലധികം ജീവനക്കാരും എച്ച്ഡിഎഫ്സി ബാങ്കിനുണ്ടാകും.

ഇന്ത്യയില്‍ ഐസിഐസിഐയെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും എച്ച്ഡിഎഫ്സി ബാങ്ക് പിന്തള്ളി. ഏകദേശം 14.12 ലക്ഷം കോടി രൂപയാണ് വിപണിമൂല്യം ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന് 6.53 ലക്ഷം കോടിയാണ് മൂല്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 5.11 ലക്ഷം കോടിയുടെ വിപണിമൂല്യമുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് (3.66 ലക്ഷം കോടി), ആക്സിസ് ബാങ്ക് ലിമിറ്റഡ് (3.04 ലക്ഷം കോടി), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1.06 ലക്ഷം കോടി), ബാങ്ക് ഓഫ് ബറോഡ (98,436 കോടി), ഐഡിബിഐ (59,482 കോടി), പഞ്ചാബ് നാഷണല്‍ ബാങ്ക് (56,882 കോടി), കനറാ ബാങ്ക് (54,750 കോടി) എന്നിങ്ങനെയാണ് ഇന്ത്യയിലെ പ്രധാന പത്ത് ബാങ്കുകളുടെ വിപണിമൂല്യം.

 

business hdfc bank banking