/kalakaumudi/media/post_banners/e087daef84ec05ae4ba025a483d52430dde59f129a83719258d1725e4812800e.jpg)
മുംബൈ: ലോകത്തിലെ വളര്‍ന്നുവരുന്ന നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി.
ടൈം100 നെക്‌സ്റ്റ് മാഗസിന്റെ പട്ടികയിലാണ് ജിയോ ടെലികോം മേധാവി ഇടം നേടിയിരിക്കുന്നത്. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. ഇന്ത്യന്‍ വംശജയും അമേരിക്കന്‍ ബിസിനസ് പ്രമുഖയുമായ അമ്രപാലി ഗാനും പട്ടികയിലുണ്ട്.
ഇന്ത്യന്‍ വ്യവസായ പ്രമുഖന്റെ പിന്‍ഗാമിയായ ആകാശ് അംബാനി കഠിനാധ്വാനം ചെയ്യുന്നതായി ടൈം ആകാശ് അംബാനിയെക്കുറിച്ച് പറയുന്നു. വെറും 22ാം വയസ്സില്‍ ബോര്‍ഡ് സീറ്റ് കൈമാറിയ ജൂനിയര്‍ അംബാനിക്ക് ജൂണില്‍ 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചു.
ഗൂഗിളില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ഇറക്കുന്നതില്‍ ആകാശ് അംബാനി പ്രധാന പങ്ക് വഹിച്ചതായും ടൈം പറയുന്നു.
ബിസിനസ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, ആക്ടിവിസം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന 100 വളര്‍ന്നു വരുന്ന നേതാക്കളുടെ പട്ടികയാണ് ടൈം പുറത്തിറക്കിയത്. അമേരിക്കന്‍ ഗായിക സൊളാന ഇമാനി റോവ്, നടി സിഡ്‌നി സ്വീനി, ബാസ്റ്റ്ക്കറ്റ് ബോള്‍ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാര്‍ലോസ് അല്‍കാരാസ്, നടനും ടെലിവിഷന്‍ അവതാരകനുമായ കെകെ പാമര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഫാര്‍വിസ ഫര്‍ഹാന്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയിട്ടുള്ള മറ്റ് പ്രമുഖര്‍.