കുഫോസും അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നൈപുണ്യ പരിശീലനത്തിന് ധാരാണപത്രം ഒപ്പുവെച്ചു

By Raji Mejo.09 Feb, 2018

imran-azhar

കൊച്ചി : കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് -സമുദ്ര പഠന സര്‍വ്വകലാശാലയും (കുഫോസും) അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നൈപുണ്യ പരിശീലന ധാരാണപത്രത്തില്‍ ഒപ്പുവെച്ചു. ധാരണയനുസരിച്ച് മീന്‍വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള ജലകൃഷി മേഖലയിലെ തൊഴിലുകളിലും മത്സ്യബന്ധനം ഉള്‍പ്പടെയുള്ള സമുദ്ര മേഖലയിലെ തൊഴിലുകളിലും ഇരുസ്ഥാപനങ്ങളും സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വിദഗ്ദ തൊഴില്‍ പരിശീലനം നല്‍കും. ഇതിനായുള്ള പരിശീലന കേന്ദ്രം കുഫോസില്‍ ആരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ അറിയിച്ചു. 

കുഫോസിന് വേണ്ടി രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജും അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡോ.സതേന്ദര്‍ സിങ്ങ് ആര്യയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കുഫോസുമായുള്ള സഹകരണത്തിലൂടെ അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം, മത്സ്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ വിദഗ്ദരായവരെ ദേശിയ തലത്തില്‍ പരിശീലിപ്പിക്കാണ് അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡോ.സതേന്ദര്‍ സിങ്ങ് ആര്യ പറഞ്ഞു.
കുഫോസിലെ വിദ്യാര്‍ത്ഥികള്‍ക്കും സമുദ്ര മേഖലയില്‍ തൊഴില്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായുള്ള കുഫോസിന്റെ സഹകരണമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ പറഞ്ഞു. അഗ്രികള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഡ്വസര്‍ ഡോ.എ.സുരേഷ് , കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍, ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.ടി.വി.ശങ്കര്‍, ഫിനാന്‍സ് ഓഫിസ്സര്‍ ജോബി ജോര്‍ജ്, എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്.

 

OTHER SECTIONS