കയര്‍ കേരള രാജ്യാന്തര കയര്‍ വിപണനമേളകള്‍ ഒക്ടോബറില്‍

By S R Krishnan.30 May, 2017

imran-azharആലപ്പുഴ: കയര്‍ കേരള രാജ്യാന്തര കയര്‍ വിപണന മേള ഈ വര്‍ഷം മുതല്‍ ഒക്ടോബറില്‍ സംഘടിപ്പിക്കും. മറ്റു രാജ്യങ്ങളിലെ രാജ്യാന്തര മേളകളോട് അടുപ്പിച്ച് കയര്‍ കേരള നടത്തണമെന്ന് പ്രമുഖ വ്യാപാരികളുടെ അഭിപ്രായം മാനിച്ചാണ് പ്രദര്‍ശനമേളയുടെ സമയ മാറ്റം. ഒക്ടോബര്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് മേള. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വിദേശ ഉപഭോക്താക്കളെ മേളയില്‍ പങ്കെടുപ്പിക്കുന്നതിന് വിവിധ തലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ കയര്‍ ഉല്പന്നങ്ങളുടെ ഒരു വലിയ വിപണിയുണ്ടെന്നാണ് വാണിജ്യ പഠനങ്ങള്‍  തെളിയിക്കുന്നത്. ഇതിന്റെ വെളിച്ചത്തില്‍ ഈ രംഗത്തുള്ള പണിക്കുകളെയും   മേളയില്‍ പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിച്ചു വരുന്നു. വിവിധ സംസ്ഥാനങ്ങളിലെ കരകൗശല ഉല്പാദനരംഗത്തേയും മറ്റും സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളേയും മേളയുടെ ഭാഗമാക്കി കയര്‍ കേരള കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനാണ് ശ്രമം.

ഇതുവരെ  വിദേശ ഉപഭോക്താക്കളെ ആശ്രയിച്ചാണ് സംഘടിത കയര്‍ ഉല്പന്ന വിപണനം നടന്നിരുന്നത്. കേരളീയ ഉല്പന്നങ്ങളുടെ പരിസ്ഥിതി അനുകൂലമായ ഗുണമേന്മയും കയര്‍ തൊഴിലാളികളുടെ കരവിരുതും ഉല്പന്ന നിര്‍മിതിയിലെ മനുഷ്യാധ്വാനവും മറ്റ് ബുദ്ധിമുട്ടും വിദേശ ഉപഭോക്താക്കള്‍ക്ക് നേരിട്ടു കണ്ട് മനസിലാക്കുന്നതിനായാണ് കയര്‍ കേരള തുടങ്ങിയത്. ഇതുവഴി കയറുല്പന്നങ്ങളുടെ ഗുണമേന്മ  പരാമവധി പ്രചരിപ്പിച്ച് അവയുടെ വിദേശ വിപണി മേധാവിത്വം തിരിച്ചുപടിക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ മേളയുടെ ഏഴാമത് പതിപ്പാണ് ഒക്ടോബറില്‍ നടക്കുക. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരാമ്പരാഗത വ്യവസായങ്ങളിലൊന്നായ കയര്‍ വ്യവസായം കൃത്രിമ നാരുകളാല്‍ ഉണ്ടാക്കപ്പെടുന്ന ഉല്പന്നങ്ങളുടെ ആഗോള വ്യാപകമായ തള്ളിക്കയറ്റത്തില്‍ കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കയര്‍ ഭൂവസ്ത്രമുള്‍പ്പെടയുള്ള  പുത്തന്‍ സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് ഈ രംഗത്തിന് ഉണര്‍വേകുന്നുണ്ട്.