എല്‍ഐസിയുടെ സരള്‍ പ്ലാന്‍, വിശദമായി അറിയുവാന്‍

ഒറ്റത്തവണ വലിയ തുക നിക്ഷേപിച്ച് വര്‍ഷംതോറും 50,000 രൂപ പെന്‍ഷന്‍ വാങ്ങാന്‍ അവസരം ഒരുക്കുന്നതാണ് പ്ലാനിന്റെ രീതി

author-image
parvathyanoop
New Update
എല്‍ഐസിയുടെ സരള്‍ പ്ലാന്‍, വിശദമായി അറിയുവാന്‍

ന്യൂഡല്‍ഹി:  സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ വിവിധ നിക്ഷേപ പ്ലാനുകള്‍ ഇന്ന് നിലവിലുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുവാന്‍ പ്രമുഖ പൊതുമേഖ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി അവതരിപ്പിച്ച പ്ലാനാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍.

ഒറ്റത്തവണ വലിയ തുക നിക്ഷേപിച്ച് വര്‍ഷംതോറും 50,000 രൂപ പെന്‍ഷന്‍ വാങ്ങാന്‍ അവസരം ഒരുക്കുന്നതാണ് പ്ലാനിന്റെ രീതി. അടച്ച തുകയ്ക്ക് നൂറ് ശതമാനം ഗ്യാരണ്ടി നല്‍കുന്ന ഒരു സുരക്ഷിത നിക്ഷേപ പ്ലാനാണിത്. നിക്ഷേപകന് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക, പ്രീമിയം അടയ്ക്കുന്ന രീതിയും തെരഞ്ഞെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

40- 80 പ്രായപരിധിയിലുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. ഭാവിയില്‍ നിശ്ചിത തുക മുന്‍കൂട്ടി നിശ്ചയിച്ച തീയതിയില്‍ നല്‍കുന്ന ആന്യൂറ്റി പ്ലാനാണ് ഇത്. ഒറ്റത്തവണയായി വലിയ തുക നിക്ഷേപിച്ച് ഭാവിയില്‍ മാസംതോറും പെന്‍ഷന്‍ പോലെ ഒരു നിശ്ചിത തുക വാങ്ങാന്‍ കഴിയുന്ന പദ്ധതിയാണിത്. ഇതിന് പുറമേ മാസംതോറും, ത്രൈമാസം അടക്കം മറ്റു കാലയളവിലും പ്രീമിയം അടയ്ക്കാനുള്ള ഓപ്ഷനുമുണ്ട്.

ഒറ്റത്തവണ വലിയ തുക നിക്ഷേപിച്ച് മാസംതോറും 12,000 രൂപ വീതം പെന്‍ഷന്‍ വാങ്ങാനും ഈ പദ്ധതി വഴി സാധിക്കും. മാസം, ത്രൈമാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ നിക്ഷേപകന്റെ സൗകര്യാര്‍ത്ഥം പെന്‍ഷന്‍ വാങ്ങാന്‍ കഴിയുന്നവിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പോളിസിയുടമയ്ക്ക് അല്ലെങ്കില്‍ നോമിനിക്ക് 60 വയസാകുമ്പോഴാണ് പെന്‍ഷന്‍ ലഭിച്ച് തുടങ്ങുക.

ഒറ്റത്തവണ പ്രീമിയമായി പത്തുലക്ഷം രൂപ അടയ്ക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 52,500 രൂപ പെന്‍ഷനായി ലഭിക്കും. മിനിമം 12,000 രൂപയാണ് വര്‍ഷംതോറുമുള്ള പെന്‍ഷന്‍. ഇതനുസരിച്ചുള്ള പ്രീമിയം അടയ്‌ക്കേണ്ടി വരും. പരമാവധി പെന്‍ഷന് പരിധി നിശ്ചയിച്ചിട്ടില്ല. പോളിസിയുടമ ജീവിച്ചിരിക്കുന്നത് വരെ മാസംതോറും പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി.

പോളിസിയുടമയ്ക്ക് മരണം സംഭവിച്ചാല്‍ പ്രീമിയം തുക മുഴുവനായി നോമിനിക്ക് ലഭിക്കും. ഓഫ്‌ലൈനായും എല്‍ഐസിയുടെ വെബ്‌സൈറ്റില്‍ കയറിയും പ്ലാനില്‍ ചേരാം. കൂടുതല്‍ വിവരങ്ങള്‍ എല്‍ഐസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

lic saral plan