വിട വാങ്ങിയത് 142 വര്‍ഷത്തിനിടെ ടാറ്റ കുടുംബത്തിന് പുറത്തു നിന്നുള്ള രണ്ടാമന്‍

By Shyma Mohan.04 09 2022

imran-azhar

 

മുംബൈ: കാറപകടത്തില്‍ സൈറസ് മിസ്ട്രി മരണപ്പെട്ടതോടെ വിട വാങ്ങിയത് ടാറ്റ കുടുംബത്തിന് പുറത്തുനിന്നും കമ്പനിയുടെ അമരക്കാരനായ രണ്ടാമന്‍. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഉടമയും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പരേതനായ പല്ലോന്‍ജി മിസ്ട്രിയുടെ ഇളയ മകനായിരുന്നു സൈറസ് മിസ്ട്രി.

 

രത്തന്‍ ടാറ്റ വിരമിച്ചതിനെ തുടര്‍ന്ന് 2012 ഡിസംബറില്‍ മിസ്ട്രി ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായെങ്കിലും രത്തന്‍ ടാറ്റ അടക്കമുള്ള ടാറ്റ കുടുംബങ്ങളോട് അടുപ്പം കാണിക്കാത്ത സൈറസ് മിസ്ട്രിയുടെ പല ഭരണപരിഷ്‌കാരങ്ങളും വലിയ എതിര്‍പ്പ് കമ്പനിക്കുള്ളില്‍ ക്ഷണിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് 2016ല്‍ ടാറ്റാ സണ്‍സില്‍ നിന്നും സൈറസ് മിസ്ട്രിയെ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ 142 വര്‍ഷത്തിനിടെ ടാറ്റ കുടുംബത്തിന് പുറത്തു നിന്നുള്ള രണ്ടാമത്തെ വ്യക്തിയായ മിസ്ട്രിയുടെ നിലനില്‍പ്പിന് നാലുവര്‍ഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. നാടകീയമായ ഒരു പുറത്താക്കലിലൂടെ മിസ്ട്രിയെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് 2016 ഒക്ടോബറിലാണ് നീക്കിയത്.

 

2016 ഡിസംബറില്‍ മിസ്ട്രി കുടുംബ പിന്തുണയുള്ള രണ്ട് നിക്ഷേപ സ്ഥാപനങ്ങളായ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും ടാറ്റ സണ്‍സിന്റെ കെടുകാര്യസ്ഥത ആരോപിച്ച് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു.

 

മിസ്ട്രി കുടുംബവും ടാറ്റ കുടുംബവും തമ്മില്‍ വലിയ നിയമ പോരാട്ടം തന്നെ നടന്നു. അവസാനം കമ്പനി ബോര്‍ഡും സുപ്രീം കോടതിയും ടാറ്റയുടെ നടപടി അംഗീകരിച്ചു. 2017 ഫെബ്രുവരിയില്‍ ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നിന്ന് മിസ്ട്രിയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി. കഴിഞ്ഞ വര്‍ഷമാണ് എല്ലാ കേസുകളും തീര്‍ന്നത്.

 

ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നിയമിക്കുന്നതിന് മുന്‍പ് മിസ്ട്രി നിര്‍മ്മാണ ഭീമനായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. നിരവധി ടാറ്റ കമ്പനികളുടെ ബോര്‍ഡുകളില്‍ നോണ്‍ എക്‌സിക്യൂട്ടീവ് പദവികള്‍ വഹിച്ചിരുന്ന മിസ്ട്രി 2006ല്‍ ടാറ്റ ഗ്രൂപ്പില്‍ ഡയറക്ടറായി ചേര്‍ന്നു.

 

ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഉടമയും ടാറ്റ ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയുമായ പല്ലോന്‍ജി മിസ്ട്രിയുടെ ഇളയ മകനായിരുന്നു സൈറസ് മിസ്ട്രി. 1968 ജൂലൈ 4ന് ജനിച്ച മിസ്ട്രി ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ്, ടെക്‌നോളജി ആന്റ് മെഡിസിനില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി. ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്നാണ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയത്.

 

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന മിസ്ട്രിയുടെ മെഴ്‌സിഡസ് കാര്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപം വെച്ചാണ് അപകടത്തില്‍പ്പെട്ടത്.

OTHER SECTIONS