'ലുക്ക് ഗുഡ്, ഡു ഗുഡ്', താഴെതട്ടിലുള്ളവരെ സഹായിക്കാന്‍ റെയ്മണ്ട് പത്തുലക്ഷം വസ്ത്രങ്ങള്‍ സംഭാവന ചെയ്യും

By Web Desk.21 07 2021

imran-azhar

 

 

കൊച്ചി: സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ക്ക് ദശലക്ഷം വസ്ത്രങ്ങള്‍ സംഭാവന ചെയ്യാന്‍ ലക്ഷ്യമിട്ട്, രാജ്യത്തെ പ്രമുഖ വസ്ത്ര നിര്‍മാതാക്കളും, വിതരണക്കാരുമായ റെയ്മണ്ട്, സന്നദ്ധ സംഘടനയായ ഗൂഞ്ചുമായി സഹകരിച്ച് 'ലുക്ക് ഗുഡ്, ഡു ഗുഡ്' എന്ന പേരില്‍ സാമൂഹ്യ സംരംഭത്തിന് തുടക്കമിട്ടു. ഇന്ത്യയിലെ അറുനൂറിലേറെ നഗരങ്ങളിലുള്ള റെയ്മണ്ട് സ്റ്റോറുകളിലും, ഓണ്‍ലൈനിലും ഈ വസ്ത്ര കൈമാറ്റ സംരംഭം നടപ്പിലാക്കും.

 

നിലവിലെ പകര്‍ച്ചവ്യാധി സാഹചര്യത്തില്‍, ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുപോവുന്നതിനും, ടൈലറിങ് സേവനങ്ങള്‍ക്കും റെയ്മണ്ട് ഹോം അസിസ്റ്റ് വഴി, അപോയിന്‍മെന്റ് ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്ക് ഷര്‍ട്ടുകളും ട്രൗസറുകളും അവരുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ തന്നെ നേടാനോ, സ്റ്റോര്‍ അപോയിന്റ്മെന്റ് ബുക്ക് ചെയ്യാനോ പ്രാപ്തമാക്കുന്നതാണ് റെയ്മണ്ട് ഹോം അസിസ്റ്റ്.

 

ആര്‍ക്കും അവരുടെ പഴയ വസ്ത്രങ്ങള്‍ സംഭാവന ചെയ്യാം. ഇതുവഴി റെയ്മണ്ട് തുണിത്തരങ്ങള്‍ക്ക് സൗജന്യ ടൈലറിങ് സേവനമോ, അല്ലെങ്കില്‍ സംരംഭത്തില്‍ പങ്കാളികളായ റെയ്മണ്ട് സ്റ്റോറില്‍ നിന്ന് നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ റെയ്മണ്ട് വസ്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളോ നേടാനും കഴിയും. ഉപഭോക്താക്കള്‍ക്ക് റെയ്മണ്ട് മെയ്ഡ് ടു മെഷര്‍ സ്റ്റോറുകളിലും വൗച്ചര്‍ ഉപയോഗിക്കാം.

 

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും, ലോകത്തിലെ നിരാലംബരായ ജനങ്ങളുടെ അന്തസ് ഉയര്‍ത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഗൂഞ്ച് വഴി, ഒരു മില്യണ്‍ വസ്ത്രങ്ങള്‍ സംഭാവന ചെയ്യാനാണ് റെയ്മണ്ട് പ്രതിജ്ഞയെടുത്തിരിക്കുന്നത്. കോവിഡ് കാരണം പ്രതിസന്ധിയിലായ ടൈലറിങ് സമൂഹത്തിനും ഈ സാമൂഹിക സംരംഭം ഉത്തേജനം നല്‍കും. 2021 ജൂലൈ 16ന് തുടങ്ങിയ 'ലുക്ക് ഗുഡ്, ഡു ഗുഡ്' 2021 ഓഗസ്റ്റ് 31ന് സമാപിക്കും.

 

പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഈ സംരംഭം കൂടുതല്‍ അര്‍ഥപൂര്‍ണമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി റെയ്മണ്ട് ലിമിറ്റഡ് ലൈഫ് സ്റ്റൈല്‍ ബിസിനസ് സിഒഒ എസ്.ഗണേഷ്‌കുമാര്‍ പറഞ്ഞു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെ, അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ സഹായിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

OTHER SECTIONS