സാങ്കേതികവിദ്യയിലൂടെ സാമൂഹിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം: കെഎസ്യുഎം-സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി സഹകരണം

By Raji Mejo.06 Apr, 2018

imran-azhar

 

തിരുവനന്തപുരം: സാമൂഹിക പ്രശ്‌നങ്ങളെ നൂതനത്വത്തിലൂടെ പരിഹരിക്കാനുള്ള കേരള ഇന്നവേഷന്‍ ചലഞ്ച് എന്ന കേരള സര്‍ക്കാര്‍ നയത്തെ മുന്‍നിറുത്തി കേരള സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് ലോകപ്രശസ്തമായ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി ഇന്ത്യാ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച് (ജിഐസി) സംഘടിപ്പിക്കുന്നു.
ലോകത്തെ വിവിധ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ജനങ്ങള്‍ക്ക് ശോഭനമായ ഭാവി സമ്മാനിക്കാന്‍ ശ്രമിക്കുന്ന ആഗോള സമൂഹമാണ് സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി. അടുത്ത പത്തു വര്‍ഷത്തേക്ക് വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ ലോകത്തിലെ നൂറു കോടി ജനങ്ങള്‍ക്ക് ഗുണകരമാകുന്ന കണ്ടുപിടുത്തങ്ങളും സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും ജിഐസി വഴി അവതരിപ്പിക്കുകയാണ്.
2010 മുതല്‍ വിവിധ രാജ്യങ്ങളിലായി സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി ജിഐസി നടത്തി വരുന്നു. 45 രാജ്യങ്ങളിലായി 120 ചലഞ്ചിലൂടെ 162 വിജയികളെയാണ് സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി ഇതുവരെ കണ്ടെത്തിയത്.
ലോകം നേരിടുന്ന കടുത്ത വെല്ലുവിളികളായ ഊര്‍ജ്ജം, പരിസ്ഥിതി, ഭക്ഷണം, പാര്‍പ്പിടം, പൊതു ഇടം, ജലം, ദുരന്തനിവാരണം, ഭരണം, ആരോഗ്യം, വിജ്ഞാനം, അധ്യയനം, സുരക്ഷ, സമൃദ്ധി എന്നിവയില്‍ സാങ്കേതിവിദ്യ ഗുണപരമായി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.
രാജ്യത്തെ ഏതു പൗരനും സിംഗുലാരിറ്റിയുടെ ഇന്ത്യ ഗ്ലോബല്‍ ഇംപാക്ട് ചലഞ്ചില്‍ പങ്കെടുക്കാം. ജേതാവിനെ 2018 ജൂലായ് 7ന് തെരഞ്ഞെടുക്കും. അമേരിക്കയില്‍ സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി ഇന്‍കുബേറ്റര്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരവും ജേതാവിന് ലഭിക്കും. നേതൃത്വം, ഘടന, വ്യവസായത്തിനുള്ള അടിസ്ഥാനവിഷയങ്ങള്‍ തുടങ്ങി നിരവധി വിഷയത്തില്‍ പരിശീലനവും ലഭിക്കും.
എസ്യു, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വിവിധ വ്യവസായ സംരംഭങ്ങള്‍, തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
കേരള ഇന്നൊവേഷന്‍ ചലഞ്ചില്‍ വിജയികളാകുന്ന ടീമിന് ലക്ഷങ്ങളാണ് സഹായധനമായി ലഭിക്കുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിക്കുന്നത് ആവേശം പകരുന്ന കാര്യമാണെന്ന് സിംഗുലാരിറ്റി യൂണിവേഴ്‌സിറ്റി ജിഐസി ഡയറക്ടര്‍ റെജിന നിജിമ പറഞ്ഞു. കേരളത്തിലെ മിടുക്കരായ സംരംഭകര്‍ വിദ്യാഭ്യാസം, പരിസ്ഥിതി എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഉത്സുകരാണ്. വിജയികളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
വരുംവര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും ചെറുപ്പമുള്ള തൊഴില്‍ സമൂഹമായി ഇന്ത്യ വളരുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ് പറഞ്ഞു.ഇതിനായി ഭാവിയുടെ സാങ്കേതിക വിദ്യയുമായി രാജ്യത്തെ ചെറുപ്പക്കാരെ സജ്ജരാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവസരങ്ങള്‍ മുതലാക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്രുതഗതിയിലുള്ള ജനസംഖ്യാ വര്‍ധനവ്, നഗരവത്കരണം എന്നിവ മൂലം പരിസ്ഥിതി ദുര്‍ബലമാകന്നു. ഖരമാലിന്യ സംസ്‌കരണത്തിലെ അശാസ്ത്രീയത വായുവും ജലവും മലിനമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂതനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കിയാലേ പാരിസ്ഥിതിക ആഘാതമില്ലാതെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ. ജിഐസി ഇന്ത്യ എഡീഷനിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

OTHER SECTIONS