സ്റ്റാര്‍ട്ടപ് മിഷന്‍ സമൂഹ പങ്കാളിത്ത വികസന പരിപാടിക്ക് അപേക്ഷ ക്ഷണിച്ചു

By Raji Mejo.05 Mar, 2018

imran-azhar

തിരുവനന്തപുരം: സംസ്ഥാനത്ത് മൊത്തത്തിലുള്ള സംരംഭക അന്തരീക്ഷം സൃഷ്ടിക്കുന്നതു ലക്ഷ്യമാക്കി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) ആസൂത്രണം ചെയ്തിട്ടുള്ള സുപ്രധാനമായ സ്റ്റാര്‍ട്ടപ് സമൂഹ പങ്കാളിത്ത വികസന പരിപാടിക്ക് (എസ്സിപിഡിപി) അപേക്ഷ ക്ഷണിച്ചു.

വിദ്യാര്‍ഥികള്‍, പ്രഫഷനലുകള്‍, സംരംഭകര്‍, നൂതനാശയ ദാതാക്കള്‍, നിക്ഷേപകര്‍ എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ചാലകശക്തിയായി ആണ് കെഎസ്യുഎം ഈ പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതിനായി സന്നദ്ധ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഏകോപിപ്പിച്ച് ശേഷിവികസനത്തിനുള്ള ശക്തമായ ശൃംഖലയുണ്ടാക്കും. മാര്‍ച്ച് ഒന്‍പതിനുമുമ്പാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തില്‍ കേന്ദ്രീകൃത വളര്‍ച്ച ലക്ഷ്യമിട്ടാണ് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിലവില്‍ വിദ്യാര്‍ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികള്‍ സ്റ്റാര്‍ട്ടപ് മിഷനുണ്ട്. ഈ പദ്ധതികളുടെ വ്യാപ്തിയും ഫലപ്രാപ്തിയും വര്‍ദ്ധിപ്പിക്കാനാണ് അവയെ സമൂഹത്തിലെ വിവിധ മേഖലകളുമായി സംയോജിപ്പിക്കുന്നത്. സാങ്കേതികവൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനായും സമൂഹത്തെ കൂടുതല്‍ അടുത്തറിയുന്നതിനുമായി തുറന്ന ചര്‍ച്ചകളും, ശില്പശാലകളും സെമിനാറുകളും ഉപദേശക സമ്മേളനങ്ങളും നടത്തും.

സംരംഭക അവബോധ പരിപാടികള്‍, നേതൃത്വ പരിശീലന ക്യാമ്പുകള്‍, സാങ്കേതിക ശില്പശാലകള്‍, വിജ്ഞാനവിനിമയം തുടങ്ങിയ പരിപാടികള്‍ക്കായി പങ്കാളികള്‍ക്ക് കെഎസ്യുഎം സാമ്പത്തിക സഹായം നല്‍കും.

നൂതന പദ്ധതികളുമായി ബന്ധപ്പെടുന്നതിന് അവസരം നല്‍കുകയും കെഎസ്യുഎം അതിനാവശ്യമായ ഉപദേശ, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള സംഘടനകളെയും സമൂഹങ്ങളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. സന്നദ്ധ സംഘടനകള്‍ക്ക് കമ്യൂണിറ്റി ഗ്രാന്റ് നല്‍കും. പങ്കാളികളുടെ കാഴ്ചപ്പാടും ദൗത്യവും സംരംഭക വികസനവുമായും നൈപുണ്യവികസനവുമായും
ഒത്തുപോകുന്നതായിരിക്കണം. പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് കെഎസ്യുഎംമായി സഹകരിച്ച് പ്രവര്‍ത്തിക്കാം. പദ്ധതിയില്‍ പെടുത്തി നടത്തുന്ന പരിപാടികളില്‍ കെഎസ്യുഎം-ന്റെ അനുമതിയോടുകൂടി അതിന്റെ ലോഗോ ഉപയോഗിക്കാവുന്നതാണ്.

? https://startupmission.kerala.gov.in/community-register

OTHER SECTIONS