67 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ടാറ്റാ ഗ്രൂപ്പ്; എയര്‍ ഇന്ത്യ ഏറ്റെടുത്തേക്കും

By online desk .15 12 2020

imran-azhar

 

 

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനു താല്‍പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ വിമാനക്കമ്പനി വാങ്ങാന്‍ ടാറ്റാ ഗ്രൂപ്പ് താല്‍പര്യപത്രം സമര്‍പ്പിച്ചുവെന്നു സൂചന. കോവിഡ് പശ്ചാത്തലത്തില്‍ പല തവണ നീട്ടിയ സമയപരിധിയാണ് ഇന്നവസാനിക്കുന്നത്. ടാറ്റയുടെ താല്‍പര്യപത്രം അംഗീകരിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റ വീണ്ടും എയര്‍ ഇന്ത്യയുടെ അമരത്തെത്തും. എയര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഓഹരികള്‍ കൈവശമുണ്ടെന്ന ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയ്ക്കായുള്ള ശ്രമം തുടരുന്നത്.


കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ വാങ്ങുന്നതിന് ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായാണ് താല്‍പര്യപത്രം നല്‍കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍ . ഇരു കമ്പനികളുടെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് ഉപയോഗിച്ച് എയര്‍ഇന്ത്യ വാങ്ങാനാണ് നീക്കം. 8.34 ലക്ഷം കോടി രൂപയുടെ അറ്റാദായമുള്ള സ്ഥാപനമാണ് ടാറ്റാ സണ്‍സ്.


എയര്‍ ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി, പ്രവര്‍ത്തന ശേഷി തുടങ്ങിയവ വിലയിരുത്തിയതായി വിസ്താര എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഒരിക്കല്‍ കൂടി എയര്‍ ഇന്ത്യയ്ക്കായി പിടിമുറുക്കാന്‍ ടാറ്റ തീരുമാനിച്ചത്.


2018 ല്‍ ആദ്യമായി എയര്‍ ഇന്ത്യ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റാ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ആണ് അന്ന് കേന്ദ്രം തീരുമാനിച്ചത്. 100 ശതമാനം ഓഹരികള്‍ വാങ്ങാതെ വിസ്താര – എയര്‍ ഇന്ത്യ ലയനം സാധ്യമാകാത്തതിനാലാണ് അന്ന് ടാറ്റ പിന്‍വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ എയര്‍ ഇന്ത്യ പൂര്‍ണമായും വില്‍പനയ്ക്ക് വച്ച സാഹചര്യത്തില്‍ ആണ് ടാറ്റാ മുന്നോട്ട് വന്നിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഏപ്രില്‍ 30 ആണു മുന്‍പ് നിശ്ചയിച്ചിരുന്ന സമയപരിധിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അതു ഡിസംബര്‍ 14 വരെ നീട്ടി നല്‍കുകയായിരുന്നു. എയര്‍ ഇന്ത്യയ്ക്കായി നിലവില്‍, ടാറ്റ ഗ്രൂപ്പ് മാത്രമാണു രംഗത്തുള്ളത്. മുന്‍പ് താല്‍പര്യമറിയിച്ചിരുന്ന ഹിന്ദുജ, അദാനി കമ്പനികള്‍ മൗനം പാലിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് കമ്പനികള്‍ പിന്നാക്കം പോകാന്‍ കാരണമെന്നു മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണിനു ശേഷം വിമാന സര്‍വീസ് പുന:രാരംഭിക്കാന്‍ പണം ആവശ്യമാണെന്നും നിലവില്‍ എയര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനാവില്ലെന്നും കമ്പനികളിലൊന്ന് അറിയിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.


58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ആകെ കടം. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാമ്പത്തിക പാക്കേജിന്റെ സഹായത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 30000 കോടി രൂപ വരെ ഇത്തരത്തില്‍ കേന്ദ്രം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 7500 കോടിയോളം രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.

 

 

OTHER SECTIONS